പിന്തുണ പദ്ധതി വിജയകരം; ഗോതമ്പ് ഉൽപാദനത്തിൽ വർധന
text_fieldsരാജ്യത്തെ ഗോതമ്പ് വിളവെടുപ്പിൽനിന്ന്
മസ്കത്ത്: ദേശീയ ഗോതമ്പ് പിന്തുണ പദ്ധതി വിജയകരമായി നടപ്പാക്കിയതിനെത്തുടർന്ന് ഒമാനിൽ ഗോതമ്പ് ഉൽപാദനത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. 2023ന്റെ തുടക്കത്തിലാരാണ് പിന്തുണ പദ്ധതി ആരംഭിച്ചത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന വിളകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള വിശാലമായ ദേശീയ ശ്രമങ്ങളുടെ ഭാഗമാണിത്. 2024-2025 സീസണിൽ മൊത്തം ഗോതമ്പ് ഉൽപാദനം 10,128.341 ടണ്ണിലെത്തി. 3,038,502 റിയാലിന്റെ വിപണി മൂല്യമാണ് ഇതിനുവരുന്നത്. 8,327 ഏക്കറിൽ കൃഷി ചെയ്ത വിളയുടെ വില 3,038,502 റിയാലാണ്. ഈ വർഷം ഒമാന്റെ മൊത്തം ഗോതമ്പ് ഉൽപാദനത്തിന്റെ 76 ശതമാനവും ദോഫാർ ഗവർണറേറ്റിൽനിന്നാണ്. 7,723 ടൺ വിളവാണ് ദോഫാറിൽനിന്ന് ലഭിച്ചത്.
ദാഹിറ ഗവർണറേറ്റ് 1,118 ടണ്ണും ദാഖിലിയ ഗവർണറേറ്റ് 877.185 ടണ്ണും വിളവ് നൽകി. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഭക്ഷ്യസുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് പ്രാദേശിക ഗോതമ്പ് പിന്തുണ പദ്ധതി ലക്ഷ്യമിടുന്നതെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ ഈന്തപ്പന, സസ്യ ഉൽപാദന വകുപ്പ് ഡയറക്ടർ ഡോ. ഖൈർ തുവൈർ അൽ ബുസൈദി പറഞ്ഞു.
ഉയർന്ന വിളവ് ലഭിക്കുന്നതിന് നിലവാരമുള്ള മെച്ചപ്പെട്ട ഗോതമ്പ് ഇനങ്ങൾ കൃഷി ചെയ്യാൻ കർഷകരെ പ്രാപ്തരാക്കുക, വിളവെടുപ്പ് പ്രവർത്തനങ്ങളിൽ സഹായം നൽകുക, സാങ്കേതികവും ഉപദേശപരവുമായ പിന്തുണ വാഗ്ദാനം ചെയ്യുക എന്നിവയിലൂടെയാണ് ഇത് കൈവരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭവന, നഗരാസൂത്രണ മന്ത്രാലയവുമായി ഏകോപിപ്പിച്ച് മന്ത്രാലയം ഗോതമ്പ് കൃഷിക്കായി പുതിയ കൃഷിയിടങ്ങൾ അനുവദിച്ചും കർഷകർക്കും നിക്ഷേപകർക്കും പാട്ട ഭൂമിയായി നൽകിയും ഗോതമ്പ് കൃഷി വിപുലീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രാലയം അതിന്റെ ഗവേഷണ കേന്ദ്രങ്ങളിലൂടെ ഗോതമ്പ് കൃഷി വികസിപ്പിക്കുന്നതിലും, പ്രാദേശിക ഇനങ്ങൾ മെച്ചപ്പെടുത്തുന്നതിലും, ഒമാന്റെ കാലാവസ്ഥക്ക് അനുയോജ്യമായ പുതിയ ഇനങ്ങൾ അവതരിപ്പിക്കുന്നതിലും ഉയർന്ന ഉൽപ്പാദനക്ഷമതയും ഗുണനിലവാരവും നിലനിർത്തുന്നത് തുടരുന്നുണ്ടെന്ന് ഡോ. അൽ ബുസൈദി സ്ഥിരീകരിച്ചു. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയവും ഒമാൻ ഫ്ലോർ മിൽസ് കമ്പനിയും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ഗോതമ്പ് കൃഷിയുടെ സുസ്ഥിരതക്ക്ഫലപ്രദമായി സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഒമാൻ ന്യൂസ് ഏജൻസിയോട് വിശദീകരിച്ചു.
ഗോതമ്പ് ഉത്പാദനം തുടരാനും പിന്തുണ പദ്ധതിയിൽ നിന്ന് പ്രയോജനം നേടാനും ഈ സഹകരണം കർഷകരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ഗോതമ്പ് വികസിപ്പിക്കാനും ആഭ്യന്തര, പ്രാദേശിക വിപണികളിൽ ഒരു ഒമാനി ഉൽപന്നമായി അവതരിപ്പിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി കമ്പനി കർഷകരിൽനിന്ന് വർഷം തോറും ഗോതമ്പ് വാങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

