സർഗാത്മകതയുടെ വാതിലുകൾ തുറന്ന് ‘വേനൽ തുമ്പികൾ’
text_fieldsഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ ‘വേനൽ തുമ്പികൾ’ ക്യാമ്പ് പ്രവാസി
ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ വിൽസൺ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ ഈ വർഷത്തെ ‘വേനൽ തുമ്പികൾ’ ക്യാമ്പിന് തുടക്കമായി. ജൂലൈ11, 12, 18, 19, തീയതികളിലായി ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് ക്യാമ്പ് നടക്കുക. പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ വിത്സൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷതവഹിച്ചു. കേരളാവിങ് ബാലവിഭാഗം സെക്രട്ടറി റോഫിൻ ജോൺ സ്വാഗതവും ജേയന്റ് സെക്രട്ടറി ജൂമി സിയാദ് നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് കെ.കെ.സുനിൽ കുമാർ, കേരള വിഭാഗം കോ കൺവീനർ ജഗദീഷ് എന്നിവർ സംസാരിച്ചു.ഈ പ്രാവശ്യത്തെ ക്യാമ്പ് നയിക്കുന്നത് നാട്ടിൽ നിന്നുമെത്തിയ കുട്ടികളുടെ നാടകങ്ങൾ, സംഗീത ശിൽപങ്ങൾ, സഹവാസ ക്യാമ്പുകൾ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന ടി.വി. രഞ്ജിത്താണ്. വേനൽ തുമ്പിയുടെ സംസ്ഥാന പരിശീലകൻ കൂടിയായ രഞ്ജിത്ത് 2020 ലെ കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവാണ്. 2023ൽ ഒരു മണിക്കൂർ നിർത്താതെ തുടി കൊട്ടി പാടിയതിന് ഗിന്നസ് വേൾഡ് റെക്കോഡ് രഞ്ജിത്ത് സ്വന്തമാക്കിയിട്ടുണ്ട്. ഈയടുത്ത കാലത്ത് നിരവധി ക്ലബുകൾക്കും സ്കൂളുകൾക്കും നാടകങ്ങൾ, ഇവൾ, പൂതപ്പാട്ട്, ഞാൻ സ്ത്രീ, പാണനാർ പാട്ട്, കോതമ്പു മണികൾ, സ്വർണമാല, അതിരുകളില്ലാത്ത ആകാശം തുടങ്ങിയ സംഗീത ശിൽപങ്ങളും പരിശീലിപ്പിച്ചിട്ടുണ്ട്.
വായന, എഴുത്ത്, ചിത്രം, നാടകം, സംഗീതം, സിനിമ തുടങ്ങിയ സർഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ കരിക്കുലവും തയാറാക്കിയിട്ടുള്ളത് എന്ന് ക്യാമ്പ് ഡയറക്ടർ അറിയിച്ചു. രണ്ടുമുതല്‍ 12ാംക്ലാസുവരെയുള്ള ഇരുന്നൂറോളം കുട്ടികളാണ് ഈ വർഷത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികൾക്ക് അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളിൽനിന്ന് പുറത്ത് കടക്കാൻ ക്യാമ്പ് ഏറെ സഹായകരമാണ് എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

