സർഗവാസനകളുമായി അവർ കൂടണഞ്ഞു; വേനൽതുമ്പികൾ ക്യാമ്പിന് സമാപനം
text_fieldsഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി ദാർസൈത്തിലെ ഇന്ത്യൻ
സോഷ്യൽ ക്ലബ് ഹാളിൽ നടത്തിയ വേനൽതുമ്പികൾ ക്യാമ്പ്
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം ഒമാനിലെ കുട്ടികൾക്കായി ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടത്തിയ വേനൽതുമ്പികൾ ക്യാമ്പ് സമാപിച്ചു. ഈ വർഷത്തെ ക്യാമ്പിൽ നാലുദിവസങ്ങളിലായി 170 ലേറെ കുട്ടികളാണ് പങ്കെടുത്തത്. കുട്ടികളുടെ നാടകങ്ങൾ, സംഗീത ശിൽപങ്ങൾ, സഹവാസ ക്യാമ്പുകൾ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന ടി.വി. രഞ്ജിത്തായിരുന്നു ക്യാമ്പ് നയിച്ചത്.
വേനൽതുമ്പിയുടെ സംസ്ഥാന പരിശീലകൻ കൂടിയായ രഞ്ജിത്ത് 2020 ലെ കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവാണ്.
കുട്ടികളുടെ സർഗവാസനകൾ കണ്ടറിഞ്ഞ് വായന, എഴുത്ത്, ചിത്രരചന, നാടകം, സംഗീതം, സിനിമ തുടങ്ങിയ എല്ലാ മേഖലയിലും കുട്ടികൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും പരിശീലനവുമാണ് ക്യാമ്പിൽ നൽകിയത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രതികരണങ്ങൾ കൂടുതൽ ആവേശത്തോടെ കുട്ടികൾക്കായി പുതിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഊർജം നൽകുന്നതാണെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം ഭാരവാഹികൾ പറഞു.
സമാപനദിവസം വേനൽതുമ്പികൾ ക്യാമ്പിൽനിന്ന് സ്വായത്തമാക്കിയ അറിവുകൾ ഉപയോഗിച്ച് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ക്യാമ്പിലെ അനുഭവങ്ങൾ ചേർത്തുകൊണ്ട് കുട്ടികൾ നിർമിച്ച കൈയെഴുത്ത് പുസ്തകം ക്യാമ്പ് ഡയറക്ടർ പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു.
മികച്ച കഴിവുകളുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കഴിവുകൾ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കാൻ രക്ഷിതാക്കൾ ഇതുപോലുള്ള ക്യാമ്പുകൾ ഉപയോഗിക്കുകയും വീടുകളിൽ തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യണമെന്ന് രഞ്ജിത്ത് പറഞ്ഞു.
സമാപനസമ്മേളനത്തിൽ കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. ബാലവിഭാഗം സെക്രട്ടറി റോഫിൻ ജോൺ ക്യാമ്പിനെക്കുറിച്ചും ഭാവിപ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, കേരളവിഭാഗം മുതിർന്ന അംഗങ്ങളായ കെ.എൻ. വിജയൻ, കെ. സുരേന്ദ്രൻ, ബാലവിഭാഗം ജോയൻറ് സെക്രടറി ജൂമി സിയാദ്, കേരള വിഭാഗം കോ കൺവീനർ ജഗദീഷ് കീരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

