സുൽത്താന്റെ സ്ഥാനാരോഹണ ദിനാചരണം ഇന്ന്
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരമേറ്റതിന്റെ വാർഷിക ദിനം ഞായറാഴ്ച ഒമാൻ ആചരിക്കുന്നു. മുൻ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മരണത്തെതുടർന്ന് 2020 ജനുവരി 11നായിരുന്നു സുൽത്താൻ ഹൈതമിന്റെ അധികാരാരോഹണം. ജനുവരി 11 ഒമാനി പൗരന്മാർക്കും പ്രവാസികൾക്കും അഭിമാനത്തിന്റെയും ആദരത്തിന്റെയും നിമിഷമാണെന്നും രാജ്യത്തിന്റെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന ഭരണാധികാരിയോടുള്ള വിശ്വസ്തതയും നന്ദിയും പുതുക്കുന്ന അവസരമാണെന്നും ഒമാൻ ന്യൂസ് ഏജൻസി പറഞ്ഞു.
സ്ഥാനരോഹണ ദിനത്തോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് ശനിയാഴ്ച പൊതുമാപ്പ് പ്രഖ്യാപിച്ചു. പലവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 334 തടവുകാർക്കാണ് മോചനം നൽകിയത്. ശിക്ഷിക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ അഭ്യർഥന പരിഗണിച്ചാണ് മോചനം. പൊതുമാപ്പ് ലഭിക്കുന്നവരിൽ സ്വദേശികളും പ്രവാസി തടവുകാരും ഉൾപ്പെടുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സുൽത്താന്റെ സ്ഥാനാരാരോഹണദിന വാർഷികത്തിൽ വിവിധ വിലായത്തുകളിൽ ആഘോഷ പരിപാടികൾ നടക്കും. റാലികളും മറ്റു പരിപാടികളും അരങ്ങേറും. ജനറൽ സെക്രട്ടേറിയറ്റ് ഓഫ് നാഷനൽ സെലിബ്രേഷന്റെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടിന് അൽ ഖൂദ് ഡാം പരിസരത്ത് വെടിക്കെട്ട് നടക്കും.
ഒമാനിലുടനീളം സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളടെ ഭാഗമായാണ് അൽ ഖൂദിലെ വെടിക്കെട്ട് പ്രകടനമെന്നും അധികൃതർ അറിയിച്ചു. മസ്കത്ത് നൈറ്റ്സിന്റെ ഭാഗമായി രാത്രി 8.30ന് ബൗഷറിലും വെടിക്കെട്ട് അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

