ബലിപെരുന്നാളിനുള്ള മുന്നൊരുക്കത്തിൽ സുൽത്താനേറ്റ്
text_fieldsകന്നുകാലി ചന്തകളിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പരിശോധന നടത്തുന്നു
മസ്കത്ത്: ഒമാനിലടക്കം ഗൾഫ് നാടുകളിൽ ദുൽഹിജ്ജ മാസപിറവിയായതോടെ ഇനി ബലി പെരുന്നാളിനായുള്ള കാത്തിരിപ്പിന്റെ നാളുകൾ. ഞായറാഴ്ച ഒമാനിൽ ദുൽഖഅ്ദ് 29 ആയിരുന്നു. മറ്റു ഗൾഫ് നാടുകളിൽ 30 ഉം. ഒമാനിൽ മാസപ്പിറവി സ്ഥിരീകരിച്ചതോടെ എല്ലാ ഗൾഫ് നാടുകളിലും ഒരേ ദിനം ബലിപെരുന്നാൾ ആഘോഷമാണ് വരാനിരിക്കുന്നത്. അതേസമയം, കേരളത്തിൽ ഒരു ദിവസംകൂടി പിന്നിട്ടാണ് പെരുന്നാൾ ആഘോഷം. കേരളത്തിലും ഒമാനിലും കഴിഞ്ഞ ചെറിയ പെരുന്നാൾ ഒരേ ദിനത്തിലായിരുന്നു. മറ്റു ഗൾഫ് നാടുകളിൽ ഒരു ദിവസംമുമ്പെയും.
വഖഫ് -മതകാര്യ മന്ത്രാലയത്തിലെ ജനറൽ ദിവാനിൽ ഞായറാഴ്ച ചേർന്ന മുഖ്യ ചന്ദ്രനിരീക്ഷണ സമിതി യോഗത്തിൽ വകുപ്പു മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മാമരി അധ്യക്ഷത വഹിച്ചു. ഒമാനിൽ സാധാരണയായി അറഫാ ദിനം (ദുൽഹിജ്ജ ഒമ്പത്) മുതൽ ദുൽഹിജ്ജ 12 വരെയാണ് പെരുന്നാൾ അവധി നൽകാറുള്ളത്. ഔദ്യോഗിക അവധി പ്രഖ്യാപനം ഉടനുണ്ടാവും. വാരാന്ത്യ അവധി കൂടി കണക്കിലെടുത്താൽ ആറു ദിവസം വരെ നീളുന്ന അവധിക്കാലമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. അതേസമയം, ബലി പെരുന്നാളിന് മുന്നോടിയായി ഒമാനിലെ കന്നുകാലി ചന്തകളിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പരിശോധന കർശനമാക്കി. പെരുന്നാൾ വിപണിയിൽ ആവശ്യത്തിന് കന്നുകാലികളുടെ ലഭ്യത ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, ഉപഭോക്താക്കളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് അതോറിറ്റിയുടെ നീക്കം.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ കന്നുകാലി ചന്തകൾ, ഫാമുകൾ, വിതരണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അതോറിറ്റിയുടെ ഫീൽഡ് ടീമുകൾ വിപുലമായ പരിശോധനയാണ് നടത്തിവരുന്നത്. പെരുന്നാൾ സീസണിലെ അമിത ഡിമാൻഡ് മുതലെടുത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതും പൂഴ്ത്തിവെപ്പ് നടത്തുന്നതും തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പെരുന്നാൾ വിപണി മുതലെടുത്ത് വില വർധിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒമാൻ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സി.പി.എ കൺസ്യൂമർ സർവീസസ് ആൻഡ് മാർക്കറ്റ് മോണിറ്ററിംഗ് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് ബിൻ സയീദ് അൽ ബുസൈദി മുന്നറിയിപ്പ് നൽകി.
പെരുന്നാൾ അവധി ദിവസങ്ങളിലും ചന്തകളിൽ അതോറിറ്റിയുടെ പ്രത്യേക സ്ക്വാഡുകൾ മിന്നൽ പരിശോധനകൾ തുടരും. കന്നുകാലികളെ വാങ്ങുമ്പോൾ വ്യാപാരികളിൽ നിന്ന് കൃത്യമായ ഇൻവോയ്സ് (ബിൽ) വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. വിപണിയിലെ നിയമലംഘനങ്ങളോ അമിതവില ഈടാക്കലോ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി പൊതുജനങ്ങൾക്ക് പരാതിപ്പെടാം. വ്യാപാരികൾ ന്യായമായ വിലയിലും ഗുണനിലവാരത്തിലും കന്നുകാലികളെ വിൽക്കണമെന്നും വിപണി നിയമങ്ങൾ പാലിക്കണമെന്നും സി.പി.എ നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

