Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഘോഷപൂർവം ബലി പെരുന്നാളിനെ വരവേൽക്കാൻ സുൽത്താനേറ്റ് ഒരുങ്ങി

text_fields
bookmark_border
ബുധനാഴ്ച ബലിപെരുന്നാൾ; പ്രാർഥനകളും പാരമ്പര്യവും ഒത്തുചേരുന്ന വേറിട്ട ആഘോഷക്കാഴ്ചകളുമായി പെരുന്നാളിനെ സുൽത്താനേറ്റ് വരവേൽക്കുന്നു
ആഘോഷപൂർവം ബലി പെരുന്നാളിനെ വരവേൽക്കാൻ സുൽത്താനേറ്റ് ഒരുങ്ങി
cancel

മസ്കത്ത്: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും വിശുദ്ധ സ്മരണകളുണർത്തി വീണ്ടുമൊരു ബലി പെരുന്നാൾ (ഈദുൽ അദ്ഹ) കൂടി എത്തുമ്പോൾ, ആഘോഷങ്ങളുടെ വരവേൽപിനൊരുങ്ങിയി ഒമാൻ സുൽത്താനേറ്റ്. ബുധനാഴ്ചയാണ് ബലിപെരുന്നാൾ. രാജ്യത്തെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ വിപണികളും തെരുവുകളും വീടുകളും ഒരേപോലെ പെരുന്നാളിലേക്ക് അമർന്നുകഴിഞ്ഞു. പ്രാർഥനകളും പാരമ്പര്യവും ഒത്തുചേരുന്ന വേറിട്ട ആഘോഷക്കാഴ്ചകളാണ് ഇത്തവണയും ഒമാനെ വരവേൽക്കുന്നത്.

ഒമാനി പെരുന്നാൾ ആഘോഷങ്ങളുടെ ഏറ്റവും വലിയ സവിശേഷത പാരമ്പര്യം വിളിച്ചോതുന്ന ‘ഹബ്ത’ വിപണികളാണ്. പെരുന്നാളിന് മുന്നോടിയായുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ വിലായത്തുകളിൽ നടക്കുന്ന ഈ താൽക്കാലിക മാർക്കറ്റുകൾ ഇപ്പോൾ ജനസാഗരമായി മാറിക്കഴിഞ്ഞു. പെരുന്നാൾ കോടിയും സുഗന്ധദ്രവ്യങ്ങളും വാങ്ങാനും, ബലിമൃഗങ്ങളെ ലേലം വിളിക്കാനും സ്വദേശികളും വിദേശികളും ഒരേപോലെ ഈ വിപണികളിലേക്ക് ഒഴുകിയെത്തുന്നു. പെരുന്നാൾ തലേന്നായ ചൊവ്വാഴ്ച വിപണി അതിന്റെ പാരമ്യത്തിലാവും. ഒമാന്റെ പാരമ്പര്യ പ്രൗഢി വിളിച്ചോതുന്ന ഖഞ്ചറുകൾ, വെള്ളി ആഭരണങ്ങൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം ഹബ്ത വിപണികളിലെ പ്രധാന ആകർഷണങ്ങളാണ്.

ഒമാനി വീടുകളിൽ പെരുന്നാൾ വിഭവങ്ങൾ ഒരുക്കുന്നതിനുള്ള തിരക്കുകൾ അവസാന ഘട്ടത്തിലാണ്. പെരുന്നാൾ ദിനങ്ങളിലെ പ്രധാന ആകർഷണമായ ‘ഷുവ’ തയാറാക്കാനുള്ള കുഴികളും മസാലക്കൂട്ടുകളും ഒരുക്കാൻ കുടുംബങ്ങൾ ഒത്തുചേർന്നു കഴിഞ്ഞു. പ്രത്യേക മസാലകൾ പുരട്ടി, വാഴയിലയിൽ പൊതിഞ്ഞ്, മണ്ണിലെ വലിയ അടുപ്പുകളിൽ (തന്നൂർ) ദിവസങ്ങളോളം വേവിച്ചെടുക്കുന്ന ഈ ഇറച്ചി വിഭവം ഒമാനി സംസ്കാരത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഇതിനൊപ്പം അതിഥികളെ സൽക്കരിക്കാൻ ആവശ്യമായ ലോകപ്രശസ്തമായ ഒമാനി ഹൽവയും ഈത്തപ്പഴവും ഒമാനി കഹ്‍വയും എല്ലാ വീടുകളിലും തയാറാക്കും.

നാട്ടിലേക്ക് പോകാൻ കഴിയാത്ത പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർ മസ്കത്തിലും മറ്റ് പ്രവിശ്യകളിലും പെരുന്നാൾ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ്. കൂട്ടുകാരൊത്തുള്ള പെരുന്നാൾ നമസ്കാരവും ഒത്തുചേരലുകളും വിഭവസമൃദ്ധമായ പെരുന്നാൾ സദ്യകളും പ്രവാസികൾ പ്ലാൻ ചെയ്യുന്നുണ്ട്. നീണ്ട പെരുന്നാൾ അവധി പ്രമാണിച്ച് സലാല, ജബൽ അഖ്ദർ, ശർഖിയ മണലാരണ്യങ്ങൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുടുംബസമേതം യാത്ര പോകാനും പലരും പ്ലാൻ ചെയ്യുന്നു.

പെരുന്നാൾ പ്രമാണിച്ച് വിപണികളിലും ഈദ് ഗാഹുകളിലും ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി റോയൽ ഒമാൻ പൊലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശുചിത്വം ഉറപ്പാക്കുന്നതിനായി മുൻസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ബലിമൃഗങ്ങളെ അറുക്കുന്നതിന് പ്രത്യേക കശാപ്പുശാലകൾ സജ്ജമാക്കിയിട്ടുണ്ട്. അനധികൃത കശാപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. വിശുദ്ധിയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി എത്തുന്ന ഈ ഈദുൽ അദ്ഹയെ വരവേൽക്കാൻ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ കാത്തിരിക്കുകയാണ് ഒമാനിലെ ജനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultanate gears up to welcome Eid al-Adha with festive fervour
Next Story