സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ് പദ്ധതി: പുതിയ ഏഴു കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു
text_fieldsമസ്കത്ത്: സുൽത്താൻ തുർക്കി ബിൻ സെയ്ദ് റോഡ് പദ്ധതിയുടെ ഫേസ് രണ്ടിൽ പാർട്ട് രണ്ടായ ഏഴു കിലോമീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫി, സൂർ വിലായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാത. മസ്‌ലഖിൽ നിന്ന് ആരംഭിച്ച് റോയൽ ആർമി ഓഫ് ഒമാൻ ക്യാമ്പിന് സമീപമുള്ള സൈഹുൽ മതാർ വരെ നീളുന്നതാണ് ഈ പുതിയ റോഡ്.
അൽ കാമിൽ, അൽ വാഫി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൂർ ഗേറ്റ് വഴി കടന്നുപോകാൻ ഈ റൂട്ട് സഹായകരമാകും. പാത തുറന്നതോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും വിലായത്തുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തന്ത്രപ്രധാനമായ പദ്ധതികളിലൊന്നാണിത്.
മേഖലയിലെ സാമ്പത്തിക, വിനോദസഞ്ചാര, വികസന പ്രവർത്തനങ്ങൾക്ക് ഈ പാത പുതിയ ഉണർവേകും. ആധുനിക എഞ്ചിനീയറിങ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ഇരട്ടപ്പാത നിർമിച്ചിരിക്കുന്നത്. ചില ഭാഗങ്ങളിൽ ഇരുവശങ്ങളിലേക്കുമായി മൂന്ന് വരി പാതകൾ വീതമുണ്ട്. കൂടാതെ ഫ്ലൈഓവറുകൾ, വാദി ക്രോസിങ്ങുകൾ, തുരങ്കങ്ങൾ, കൾവർട്ടുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്റ്റീൽ, കോൺക്രീറ്റ് ബാരിയറുകൾ, മുന്നറിയിപ്പ് - ദിശാ സൂചക ബോർഡുകൾ, റോഡ് മാർക്കിങ്ങുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ റോഡ് സുരക്ഷാ സംവിധാനങ്ങളും പുതിയ പാതയിൽ പൂർണമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

