ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ തിരിച്ചെത്തി
text_fieldsമസ്കത്ത്: രണ്ടു ദിവസത്തെ ബഹ്റൈനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനിലെത്തി. സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ സുരക്ഷ, ഷിപ്പിങ്, തുറമുഖങ്ങൾ, പഠനം, ഗവേഷണം, ഒമാനി-ബഹ്റൈൻ നിക്ഷേപ കമ്പനിയുടെ സ്ഥാപനം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് വിവിധ കരാറുകളിലാണ് ഒപ്പുവെച്ചത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ്സ ആൽ ഖലീഫയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചായിരുന്നു സുൽത്താന്റെ ഒമാൻ സന്ദർശനം.
സുരക്ഷ മേഖലയിലെ സഹകരണം സംബന്ധിച്ച കരാറിൽ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയും ബഹ്റൈൻ ആഭ്യന്തര മന്ത്രി ലഫ്.ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുമാണ് ഒപ്പിട്ടിരിക്കുന്നത്.
ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനി സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ റിദ ബിൻ ജുമാ അൽ സാലിഹ്, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ സമീർ ബിൻ അബ്ദുല്ല നാസ് എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. ഷിപ്പിങ്, തുറമുഖ മേഖലയിലെ സഹകരണ കരാറിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ബഹ്റൈൻ ഗതാഗത വാർത്താവിനിമയ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബിയും ഒപ്പുെവച്ചു.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, ബഹ്റൈനിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ ഹരേബ് അൽ ബുസൈദി തുടങ്ങിയ പ്രതിനിധി സംഘമായിരുന്നു സുൽത്താനെ അനുഗമിച്ചിരുന്നത്.

