സുൽത്താന് നെതർലൻഡ്സിൽ ഊഷ്മള വരവേൽപ്പ്
text_fieldsആംസ്റ്റർഡാമിലെ റോയൽ പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന് നൽകിയ സ്വീകരണം
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നെതർലാൻഡ്സിലെ ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി ആംസ്റ്റർഡാമിലെ റോയൽ പാലസിൽ ഔദ്യോഗിക സ്വീകരണം നൽകി. കൊട്ടാരത്തിൽ എത്തിയ സുൽത്താനെ നെതർലാൻഡ്സ് രാജാവ് വില്ലെം അലക്സാണ്ടറും രാജ്ഞി മാക്സിമയും ഊഷ്മളമായി സ്വീകരിച്ചു.
സുൽത്താനും ഔദ്യോഗിക പ്രതിനിധി സംഘത്തിനും ഹൃദ്യമായ സ്വാഗതം ആശംസിച്ച ഇരുവരും സുഗകരമായ താമസം നേരുകയും ചെയ്തു. സുൽത്താനേറ്റും നെതർലാൻഡ്സ് രാജ്യവും തമ്മിലുള്ള ദീർഘകാല ബന്ധത്തെ അടിവരയിടുന്നതായി സന്ദർശനം. സന്ദർശനത്തിലൂടെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെക്കും.
ഉന്നതതല പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്. സുൽത്താനും രാജാവും പരസ്പരം ആദരവുകളും കൈമാറി. സുൽത്താനേറ്റിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ ‘അൽ സഈദ് ഓർഡർ’ രാജാവ് വില്ലെം അലക്സാണ്ടറിന് സുൽത്താൻ ഹൈതം ബിൻ താരിഖ് സമ്മാനിച്ചു.
ഒമാനിനും നെതർലാൻഡ്സിനും ഇടയിൽ അഭിവൃദ്ധി പ്രാപിക്കുന്ന ശക്തമായ ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് അവാർഡ്. രാജ്യത്തെ ഏറ്റവും ഉയർന്ന രാജകീയ അലങ്കാരമായ ‘ഓർഡർ ഓഫ് ദി ലയൺ ഓഫ് നെതർലാൻഡ്സ്’ ആണ് സുൽത്താന് രാജാവ് വില്ലെം-അലക്സാണ്ടർ സമ്മാനിച്ചത്.
സുൽത്താന്റെ നേതൃത്വത്തിനും രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധത്തിനും അംഗീകാരമായാണ് ആദരവ് നൽകിയത്.രാജാവ് സുൽത്താൻ ഹൈതമിന്റെ പത്നിയായ വനിതയ്ക്കും, ഔദ്യോഗിക സന്ദർശന വേളയിൽ രാജാവിനൊപ്പം എത്തിയ ഒമാനി പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കും രാജകീയ മെഡലുകൾ സമ്മാനിച്ചു.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സയ്യിദ് അൽ ഔഫി, വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഊർജ്ജ, ധാതു മന്ത്രി എൻജിനീയർ സലിം ബിൻ നാസിർ അൽ ഔഫി, നെതർലൻഡ്സിലെ ഒമാൻ അംബാസഡർ ശൈഖ് ഡോ. അബ്ദുല്ല ബിൻ സലിം അൽ ഹാർത്തി എന്നിവരടങ്ങുന്ന ഉന്നതല സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.