സുൽത്താന് യു.എ.ഇയിൽ ഊഷ്മള വരവേൽപ്
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി/മസ്കത്ത്: ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് യു.എ.ഇയിൽ ഊഷ്മള വരവേൽപ്. അബൂദബിയിലെ പ്രസിഡൻഷ്യൽ എയർപോർട്ടിലെത്തിയ സുൽത്താനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
യു.എ.ഇ അതിർത്തിയിലെത്തിയ സുൽത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങൾ അനുഗമിച്ചു. പിന്നീട് കൂടിക്കാഴ്ച നടത്തിയ രാഷ്ട്ര നേതാക്കൾ ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടതും പരസ്പരം താൽപര്യമുള്ള പ്രദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്തു. സുൽത്താന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും സഹകരണം വിപുലമാക്കാനും ലക്ഷ്യമിട്ടാണെന്ന് വാർത്ത ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്,
ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് എന്നിവരടങ്ങുന്ന ഉന്നതതല സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്.
വികസന വഴിയിൽ കൈകോർത്ത് ഒമാനും യു.എ.ഇയും
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യന്റെ പിന്തുണയാണ് ഈ വികസന കുതിപ്പിന് കാരണം
മസ്കത്ത്: ഒമാനും യു.എ.ഇയും സാഹോദര്യ ബന്ധങ്ങളാലും തന്ത്രപരമായ പങ്കാളിത്തത്താലും വികസനത്തിന്റെ പുത്തൻ മേഖലയിലേക്ക് കുതിക്കുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യന്റെയും ജ്ഞാനപൂർവകമായ നേതൃത്വത്തിന്റെ പിന്തുണയും ശ്രദ്ധയുമാണ് ഈ വികസന കുതിപ്പിനുകാരണം. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് താൽപര്യം നൽകുന്ന രീതിയിൽ മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്ന തരത്തിൽ ബന്ധങ്ങൾ വളർത്തിയെടുക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. തിങ്കളാഴ്ച സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തുന്ന യു.എ.ഇ സന്ദർശനവും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചക്കും വളരെ അധികം പ്രാധാന്യമുണ്ട്. ഉഭയകക്ഷി ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിശാലമായ തലത്തിലേക്ക് അവയെ മുന്നോട്ടു കൊണ്ടുപോകാനുമാണ് സന്ദർശനം ലക്ഷ്യമിടുന്നത്. ഇരുവരുടെയും കൂടിക്കാഴ്ചയിൽ പ്രാദേശിക, അന്തർദേശീയ സംഭവ വികാസങ്ങളെക്കുറിച്ച് കാഴ്ച പാടുകളും കൈമാറും.
1991ൽ സ്ഥാപിതമായ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പരമോന്നത സമിതി, വൈവിധ്യമാർന്ന സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെ വഴികൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു.
ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ നേട്ടങ്ങൾക്കായി, സംയുക്ത നിക്ഷേപത്തിന്റെ അവസരങ്ങളും മേഖലകളും പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, വൈദ്യുതി, ആശയവിനിമയ ശൃംഖലകൾ ബന്ധിപ്പിക്കുക, വിവിധ അതിർത്തി ക്രോസിങുകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള കര ഗതാഗതവും ഗതാഗത നടപടിക്രമങ്ങളും ഏകോപിപ്പിക്കാനും ഇത് പ്രവർത്തിക്കുന്നു.
ഒമാനും യു.എ.ഇയും തമ്മിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെ പാത ത്വരിതപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സുൽത്താന്റെ സന്ദർശനം സഹായിക്കുമെന്ന് യു.എ.ഇയിലെ ഒമാൻ അംബാസഡർ സയ്യിദ് ഡോ അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പങ്കാളിത്തം ഏകീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുന്ന കൂടുതൽ സംയുക്ത നിക്ഷേപ സഹകരണത്തിന് വരാനിരിക്കുന്ന കാലഘട്ടം സാക്ഷ്യം വഹിക്കുമെന്നാണ് കരുതുന്നതെന്നും അംബാസഡർ പറഞ്ഞു.
യു.എ.ഇയിലെ പ്രധാന ഒമാനി നിക്ഷേപങ്ങളിൽ ഫിനാൻസ്, ഇൻഷുറൻസ്, നിർമാണം, റിയൽ എസ്റ്റേറ്റ്, പ്രഫഷണൽ, സാങ്കേതിക പ്രവർത്തനങ്ങൾ, മൊത്ത-ചില്ലറ വ്യാപാരം, ആശയവിനിമയം എന്നിവ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട ഇമാറാത്തി നിക്ഷേപങ്ങളുടെ പട്ടികയിൽ വ്യവസായം, സാമ്പത്തികം, ബാങ്കിങ്, ടൂറിസം, വൈദ്യുതി ഉത്പാദനം, റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ, റീട്ടെയിൽ വ്യാപാരം, നിർമ്മാണം എന്നിവയുമാണ് വരുന്നത്. സുൽത്താനേറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒന്നാണ് യു.എ.ഇയെന്ന് സയ്യിദ് ഡോ അഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര- നിക്ഷേപ വിനിമയത്തിൽ വളർച്ചയാണുണ്ടായിരിക്കുന്നത്.
2023ൽ യു.എ.ഇയിലേക്കുള്ള ഒമാനി കയറ്റുമതി ശതകോടി റിയലിലധികമായിരുന്നു. 2022 നെ അപേക്ഷിച്ച് 20.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

