Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കൊടുങ്കാറ്റുകൾക്കിടയിലും നമ്മുടെ സൗഹൃദക്കപ്പൽ യാത്ര തുടരും’; ലണ്ടനിൽ ചരിത്രപ്രസംഗവുമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്

text_fields
bookmark_border
‘കൊടുങ്കാറ്റുകൾക്കിടയിലും നമ്മുടെ സൗഹൃദക്കപ്പൽ യാത്ര തുടരും’; ലണ്ടനിൽ ചരിത്രപ്രസംഗവുമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്
cancel

ലണ്ടൻ: ഒമാനും ബ്രിട്ടനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയും പ്രകീർത്തിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. യു.കെ സന്ദർശനത്തിനിടെ വിൻഡ്‌സർ കൊട്ടാരത്തിൽ ബ്രിട്ടനിലെ ചാൾസ് രാജാവ് ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എത്ര വലിയ പ്രതിസന്ധികളുടെയും കൊടുങ്കാറ്റുകളുടെയും നടുവിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ കപ്പൽ സുരക്ഷിതമായി യാത്ര തുടരുമെന്ന് സുൽത്താൻ പറഞ്ഞു.

ഭൂമിശാസ്ത്രപരമായി ഏറെ അകലെയാണെങ്കിലും നൂറ്റാണ്ടുകൾക്ക് മുമ്പ് ഒമാനി കപ്പലോട്ടക്കാരും ബ്രിട്ടീഷ് കപ്പലുകളും നടത്തിയ സമുദ്രയാത്രകളാണ് ഇരുരാജ്യങ്ങളെയും പരസ്പരം അടുപ്പിച്ചതെന്ന് സുൽത്താൻ ഓർമിപ്പിച്ചു. 1800-ൽ ഒമാനും ബ്രിട്ടനും ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ സൗഹൃദ ഉടമ്പടിയെ അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ‘സൂര്യനും ചന്ദ്രനും തങ്ങളുടെ ഭ്രമണം അവസാനിപ്പിക്കുന്നത് വരെയും, കാലത്തിന്റെ അവസാനം വരെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം തകരാതെ നിലനിൽക്കും’ എന്നായിരുന്നു അന്ന് പൂർവികർ ഒപ്പുവെച്ച ഉടമ്പടിയിലെ വരികൾ. 220 വർഷങ്ങൾക്കപ്പുറവും സൂര്യനും ചന്ദ്രനും ഭ്രമണം തുടരുകയാണെന്നും ആ സൗഹൃദം ഇന്നും തകരാതെ ശക്തമായി നിലകൊള്ളുകയാണെന്നും സുൽത്താൻ ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഏറ്റവും ശക്തമായി നിലനിൽക്കുന്നത് സൈനിക മേഖലയിലാണ്. ഒമാനി-ബ്രിട്ടീഷ് സൈന്യങ്ങൾ തലമുറകളായി ഒന്നിച്ച് പരിശീലനം നേടുകയും കാവൽ നിൽക്കുകയും പരസ്പരം പഠിക്കുകയും ചെയ്യുന്നു. ബ്രിട്ടനിലെ മികച്ച മിലിറ്ററി അക്കാദമികളിൽ ഒമാനി ഓഫിസർമാർ പഠിക്കുമ്പോൾ, ബ്രിട്ടീഷ് ഓഫിസർമാർ ഒമാനിലും സേവനമനുഷ്ഠിക്കുന്നുണ്ട്. കേവലം ഒരു ഉടമ്പടിക്കപ്പുറം പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവസ്സുറ്റ ബന്ധമാണിത്.

വിദ്യാഭ്യാസ മേഖലയിലും ഈ ബന്ധം പ്രകടമാണ്. ഒമാനിലെ നിരവധി യുവാക്കൾ ഉപരിപഠനത്തിനായി ബ്രിട്ടനിലെ മികച്ച സർവകലാശാലകളിൽ എത്തുന്നു. അവർ ബ്രിട്ടീഷ് ജനതയെ ഒരു അകന്ന സഖ്യകക്ഷിയായല്ല, മറിച്ച് അടുത്ത സുഹൃത്തുക്കളായാണ് കാണുന്നത്. താൻ വ്യക്തിപരമായി ഇതിന്റെ ഗുണഭോക്താവാണെന്നും ചെറുപ്പകാലത്ത് ബ്രിട്ടീഷ് വിദ്യാഭ്യാസത്തിലൂടെ ലഭിച്ച കൃത്യനിഷ്ഠയെന്ന ശീലത്തോട് താൻ ഇപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും സുൽത്താൻ അനുസ്മരിച്ചു. ബ്രിട്ടീഷ് ഒമാനി സൊസൈറ്റിയുടെ രക്ഷാധികാരികളായി വില്യം രാജകുമാരനും ഒമാൻ മന്ത്രി സയ്യിദ് ദിയാസിൻ ബിൻ ഹൈതമും ഒരുമിച്ച് പ്രവർത്തിക്കാൻ സമ്മതിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

സംഘർഷങ്ങൾ നിറഞ്ഞ മിഡിൽ ഈസ്റ്റ് മേഖലയിൽ ഒമാൻ എന്നും വ്യത്യസ്തവും സ്വതന്ത്രവുമായ പാതയാണ് തെരഞ്ഞെടുത്തതെന്ന് സുൽത്താൻ വ്യക്തമാക്കി. ‘ചർച്ചകൾക്കും പരസ്പര ധാരണക്കും സമാധാനത്തിനുമായാണ് ഒമാൻ നിലകൊള്ളുന്നത്. ജ്ഞാനമുള്ള ഒരു രാജ്യം എപ്പോഴും മറ്റുള്ളവർക്ക് ചെവികൊടുക്കാൻ തയാറാകും. ഒമാൻ തെരഞ്ഞെടുത്തത് ആ കേൾവിയുടെ പാതയാണ്. സൈന്യങ്ങൾക്ക് നൽകാൻ കഴിയാത്ത വലിയൊരു കരുത്ത് ആ നയതന്ത്രത്തിലൂടെ ഒമാൻ നേടിയെടുത്തു. ഞങ്ങൾ എപ്പോഴും സമാധാനപരമായ പരിഹാരങ്ങളിലാണ് വിശ്വസിക്കുന്നത്. ഈ സമാധാന പാതയിൽ ബ്രിട്ടൻ എന്നും ഒമാന്റെ വിശ്വസ്ത സുഹൃത്തായി ഒപ്പം നിന്നിട്ടുണ്ട്, സൈന്യങ്ങളെ കൊണ്ടല്ല, മറിച്ച് ജ്ഞാനം കൊണ്ടാണ് ബ്രിട്ടൻ ഒമാനെ പിന്തുണച്ചത്’- സുൽത്താൻ പറഞ്ഞു.

പ്രകൃതി സംരക്ഷണം, മതസൗഹാർദം എന്നിവക്കായി ചാൾസ് രാജാവ് നടത്തുന്ന പ്രവർത്തനങ്ങളെ ഒമാൻ ഭരണാധികാരി പ്രശംസിച്ചു. ഒമാനും ഇതേ മൂല്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sultan of Oman Haitham bin Tariq to deliver historic speech in London
Next Story