ഫ്രഞ്ച് സന്ദർശനം പൂർത്തിയാക്കിയതിനു പിന്നാലെ സുൽത്താൻ ഹൈതം യു.കെയിലേക്ക്
text_fieldsപാരിസിലെത്തിയ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചാനയിക്കുന്നു
മസ്കത്ത്/പാരിസ്: ഫ്രാൻസിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച പാരിസിൽ നിന്ന് യു.കെയിലേക്ക് തിരിച്ചു. സ്വകാര്യ സന്ദർശനത്തിനായാണ് സുൽത്താന്റെ യു.കെയിലേക്കുള്ള യാത്ര. ഒമാനും ഫ്രാൻസും തമ്മിലുള്ള സാമ്പത്തിക-തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും നിരവധി കരാറുകളിൽ ഒപ്പുവെക്കുന്നതിനും ഈ ചരിത്ര സന്ദർശനം വഴിയൊരുക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു സുൽത്താന്റെ ഫ്രാൻസ് സന്ദർശനം. 2020 ജനുവരിയിൽ ഒമാന്റെ ഭരണം ഏറ്റെടുത്ത ശേഷം സുൽത്താൻ ഫ്രാൻസിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക യാത്രയാണിത്. പാരിസിലെത്തിയ സുൽത്താന് ചരിത്രപ്രസിദ്ധമായ ‘ദ ഹൗസ് ഓഫ് ഇൻവാലിഡ്സിൽ’ ഗംഭീരമായ ഔദ്യോഗിക സ്വീകരണമാണ് ഫ്രഞ്ച് സർക്കാർ ഒരുക്കിയത്. തുടർന്ന് എലീസി കൊട്ടാരത്തിൽ എത്തിയ സുൽത്താനെ ഫ്രഞ്ച് പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിനും വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുമുള്ള വിപുലമായ കൂടിക്കാഴ്ചകൾ സന്ദർശനത്തിന്റെ ഭാഗമായി നടന്നു.
പശ്ചിമേഷ്യൻ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള ചർച്ചകളിൽ ഇടംപിടിച്ചു. ഈ ചരിത്ര സന്ദർശനത്തിനിടയിൽ ഒമാനും ഫ്രാൻസും തമ്മിൽ വിവിധ മേഖലകളിലെ പങ്കാളിത്തം ലക്ഷ്യമിട്ട് 12 സുപ്രധാന സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദി ഉൾപ്പെടെയുള്ള ഒമാന്റെ ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘവും സുൽത്താനെ അനുഗമിച്ചിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഔദ്യോഗിക ചർച്ചകൾ, ഒമാൻ-ഫ്രാൻസ് ബിസിനസ് ഫോറത്തിലെ പങ്കാളിത്തം, മുതിർന്ന ഫ്രഞ്ച് ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവ ഉൾപ്പെടെയുള്ള വിപുലമായ പരിപാടികൾക്ക് ശേഷമാണ് സുൽത്താൻ മടങ്ങിയത്. പാരിസിൽ നടന്ന ഒമാൻ-ഫ്രാൻസ് ബിസിനസ് ഫോറത്തിൽ സംസാരിക്കവെ, ഈ സന്ദർശന വേളയിൽ ഒപ്പുവെച്ച കരാറുകൾ സമീപവർഷങ്ങളിലെ ഉഭയകക്ഷി ബന്ധങ്ങളിലെ ഏറ്റവും സുപ്രധാനമായ നേട്ടങ്ങളിലൊന്നാണെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് വിശേഷിപ്പിച്ചു. ഒമാൻ വിഷൻ 2040-ന്റെ കീഴിലുള്ള സാമ്പത്തിക വികസന പദ്ധതികളിൽ ഫ്രഞ്ച് കമ്പനികളുടെ കൂടുതൽ പങ്കാളിത്തത്തെ സ്വാഗതം ചെയ്ത സുൽത്താൻ, അന്താരാഷ്ട്ര നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലുള്ള ഒമാന്റെ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

