ഒമാനിലെ പ്രമുഖ വ്യക്തികൾക്ക് സുൽത്താന്റെ രാജകീയ ബഹുമതി
text_fieldsമസ്കത്ത്: ഒമാനിലെ മുതിർന്ന ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ പ്രമുഖരുമടക്കം പത്തുപേർക്ക് രാജകീയ ബഹുമതികൾ സമ്മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതികൾ നൽകിയത്. വ്യാഴാഴ്ച അൽ ബറക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് സുൽത്താൻ ബഹുമതികൾ സമ്മാനിച്ചത്.
സയ്യിദ ഡോ. ഗാലിയ ബിൻത് ഫഹർ അൽ സഈദ്, സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ അന്താരാഷ്ട്ര സഹകരണ വിഭാഗം അസിസ്റ്റന്റ് വൈസ് ചാൻസലർ സയ്യിദ ഡോ. മുന ബിൻത് ഫഹദ് അൽ സഈദ് എന്നിവർക്ക് ഒന്നാം ക്ലാസ് ഓർഡർ ഓഫ് ഓണർ ബഹുമതി സമ്മാനിച്ചു.
റോയൽ കോർട്ട് സെക്രട്ടറി ജനറൽ സയ്യിദ് ലുഅയ് ബിൻ ഗാലിബ് അൽ സഈദ്, സയ്യിദ് നാദിർ ബിൻ ശിഹാബ് അൽ സഈദ് എന്നിവർക്ക് രണ്ടാം ക്ലാസ് അൽ റുസൂഖ് ബഹുമതിയും നൽകി.വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജാബ്രി, മുസന്ദം ഗവർണർ സയ്യിദ് ഫൈസൽ ബിൻ ഹമൂദ് അൽ ബുസൈദി എന്നിവർക്ക് ഒന്നാം ക്ലാസ് ഒമാൻ സിവിൽ ഓർഡർ ബഹുമതി സമ്മാനിച്ചു.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയിലെ നിക്ഷേപ വിഭാഗം ഡെപ്യൂട്ടി പ്രസിഡന്റ് മുൽഹം ബിൻ ബഷീർ അൽ ജർഫ്, ഓപറേഷൻസ് വിഭാഗം ഡെപ്യൂട്ടി പ്രസിഡന്റ് മുനീർ ബിൻ അലി അൽ മുനീരി എന്നിവർക്ക് രണ്ടാം ക്ലാസ് ഓർഡർ ഓഫ് കമൻഡേഷൻ ബഹുമതി ലഭിച്ചു.
ബ്രിട്ടനിലെ ഒമാൻ അംബാസഡർ ബദർ ബിൻ മുഹമ്മദ് അൽ മന്ദരിക്ക് ഒന്നാം ക്ലാസ് അൽ നുഅ്മാൻ ബഹുമതിയും പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ മാനേജിങ് ഡയറക്ടർ ഡോ. അഫ്ലഹ് ബിൻ സഈദ് അൽ ഹദ്രമിക്ക് രണ്ടാം ക്ലാസ് ഓർഡർ ഓഫ് കമൻഡേഷൻ ബഹുമതിയും സമ്മാനിച്ചു.
രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വിവിധ മേഖലകളിലൂടെ നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് രാജകീയ ബഹുമതികൾ സമ്മാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

