സുൽത്താൻ ഹൈതം ബിൻ താരിഖ് ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ ഔദ്യോഗിക സന്ദർശനം നടത്തി
text_fieldsദുകം പ്രത്യേക സാമ്പത്തിക മേഖല ഓഫിസിലെ സന്ദർശക ഡയറിയിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഒപ്പുവെക്കുന്നു
ദുകം: സുൽത്താൻ ഹൈതം ബിൻ താരിഖ് ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ ഔദ്യോഗിക സന്ദർശനം നടത്തി. മേഖലയിലെ സാമ്പത്തിക, നിക്ഷേപ, വികസന പദ്ധതികളുടെ പുരോഗതിയും സമീപവർഷങ്ങളിൽ ഉണ്ടായ നിക്ഷേപ വളർച്ചയും അദ്ദേഹം വിലയിരുത്തി.
ദുകത്തെ ഒരു സംയോജിത സാമ്പത്തിക മേഖലയാക്കി മാറ്റുന്നതിനായി നടക്കുന്ന പ്രവർത്തനങ്ങളും അദ്ദേഹം നിരീക്ഷിച്ചു. ദുകം പോർട്ടിന്റെയും സാമ്പത്തിക മേഖലയുടെയും പ്രവർത്തനങ്ങളെക്കുറിച്ചും ഇതുവരെ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും സുൽത്താൻ വിശദമായി ചോദിച്ചറിഞ്ഞു. പ്രാദേശിക-വിദേശ നിക്ഷേപങ്ങളെ കൂടുതൽ ആകർഷിക്കുന്നതിനായി ഒരുക്കേണ്ട ഭാവി പദ്ധതികളെക്കുറിച്ചും ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു. ദുകത്തിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തി, മേഖലയെ മുൻനിര സാമ്പത്തിക-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാൻ ആവശ്യമായ ആസ്തികളും സൗകര്യങ്ങളും തുടർന്നും പ്രയോജനപ്പെടുത്തണമെന്ന് സുൽത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ദുകം തുറമുഖത്ത് എത്തിയ സുൽത്താനെ പ്രത്യേക സാമ്പത്തിക മേഖലകളുടെയും ഫ്രീ സോണുകളുടെയും പബ്ലിക് അതോറിറ്റി ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
സന്ദർശനത്തിനൊടുവിൽ, ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ വികസന മുന്നേറ്റങ്ങളിൽ അങ്ങേയറ്റത്തെ സന്തോഷവും അഭിമാനവും രേഖപ്പെടുത്തിക്കൊണ്ട് സുൽത്താൻ സന്ദർശക ഡയറിയിൽ ഒപ്പുവെച്ചു. മേഖലയുടെ നിർമ്മാണത്തിലും വികസനത്തിലും പങ്കാളികളായ വിവിധ ദേശീയ സ്ഥാപനങ്ങളുടെ കൂട്ടായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ആഗോള കടൽപ്പാതകളിലേക്ക് തുറന്നു കിടക്കുന്ന ഈ പ്രദേശം ഒമാന്റെ സമ്പദ്‌വ്യവസ്ഥക്ക് വലിയൊരു ചാലകശക്തിയാണെന്നും, ‘ഒമാൻ വിഷൻ 2040’ ന്റെ പ്രധാന തൂണുകളിൽ ഒന്നാണെന്നും സുൽത്താൻ വ്യക്തമാക്കി.
സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ദിയസിൻ ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്സി തുടങ്ങി പ്രമുഖ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന വൻ സംഘം സുൽത്താനെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

