സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗോളയിൽ
text_fieldsദ്വിദിന സന്ദർശനത്തിനായി സുൽത്താൻ ഹൈതം ബിൻ താരിഖ് വ്യാഴാഴ്ച അംഗോളയിൽ എത്തിയപ്പോൾ ഔദ്യോഗികമായി സ്വീകരിച്ചാനയിക്കുന്നു
മസ്കത്ത്/ലുവാണ്ട: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വ്യാഴാഴ്ച അംഗോളയിൽ എത്തിച്ചേർന്നു. ഒമാനും അംഗോളയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ കണ്ടെത്താനുമാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ സുൽത്താന് ഔദ്യോഗിക സ്വീകരണം നൽകും. നിക്ഷേപം, വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനായി സുൽത്താൻ നടത്തിയ ബോട്സ്വാന സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഈ അംഗോളൻ യാത്ര. ഒമാനും ബോട്സ്വാനയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ സംയുക്ത നിക്ഷേപ പദ്ധതികൾക്ക് മുൻഗണന നൽകണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് സന്ദർശന വേളയിൽ പറഞ്ഞു.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സാമ്പത്തിക നേട്ടം ലഭിക്കുകയും ചെയ്യുന്ന പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബോട്സ്വാന പ്രസിഡന്റ് ദുമാ ബോക്കോ ഗാബോണിലെ പ്രസിഡൻഷ്യൽ ആസ്ഥാനത്ത് സുൽത്താനുവേണ്ടി ഔദ്യോഗിക അത്താഴ വിരുന്നൊരുക്കിയിരുന്നു. ബോട്സ്വാനയിലേക്കുള്ള തന്റെ ആദ്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന് സഹായിക്കുമെന്ന് സുൽത്താൻ പറഞ്ഞു.
ബോട്സ്വാന പ്രസിഡന്റ് ദുമാ ബോക്കോ ഗാബോണിലെ പ്രസിഡൻഷ്യൽ ആസ്ഥാനത്ത് ഒരുക്കിയ അത്താഴ വിരുന്നിൽ സുൽത്താൻ ഹൈതം ബിൻതാരിഖ് സംസാരിക്കുന്നു (ഇടത്ത്), ഗാബോണിലെ വജ്ര സംസ്കരണ ഫാക്ടറി സുൽത്താൻ സന്ദർശിച്ചപ്പോൾ (മധ്യത്തിൽ),
ഒമാനും ബോട്സ്വാനയും തമ്മിൽ സമാധാനം, സ്ഥിരത, പരസ്പര ബഹുമാനം, വികസനം തുടങ്ങിയ കാര്യങ്ങളിൽ ഒരേ നിലപാടുകളുണ്ടെന്നും സുൽത്താൻ ഹൈതം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയുമായുള്ള സഹകരണവും വർധിപ്പിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചതും ഈ സന്ദർശനത്തിനിടെ ഒപ്പുവെക്കുന്നതുമായ കരാറുകളും ധാരണാപത്രങ്ങളും ഭാവിയിലെ സഹകരണത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോട്സ്വാനയിൽനിന്ന് സുൽത്താൻ യാത്ര പറയുന്നു
സാംസ്കാരിക മേഖലകളിലെ കൈമാറ്റവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും സുൽത്താൻ ചൂണ്ടിക്കാട്ടി.സുൽത്താന്റെ സന്ദർശനം ഒമാൻ–ബോട്സ്വാന ബന്ധം ശക്തമാക്കുന്നതിലെ പ്രധാന ഘട്ടമാണെന്ന് പ്രസിഡന്റ് ദുമാ ബോക്കോ പറഞ്ഞു. പുതിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ സന്ദർശനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

