2021ലെ ഒമാൻ വാർഷിക ബജറ്റിന് സുൽത്താെൻറ അംഗീകാരം
text_fieldsമസ്കത്ത്: ഒമാെൻറ 2021 വർഷത്തിലേക്കുള്ള പൊതു ബജറ്റിനും 2021 -25 വർഷത്തിലേക്കുള്ള പത്താം പഞ്ചവത്സര പദ്ധതിക്കും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അംഗീകാരം നൽകി. പൊതു ബജറ്റിൽ 8.64 ശതകോടി റിയാലിെൻറ വരവും 10.88 ശതകോടി റിയാൽ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. 2.24 ശതകോടി റിയാലാണ് പ്രതീക്ഷിത കമ്മി. ഇതാദ്യമായി എണ്ണ വാതക മേഖലയുമായി ബന്ധപ്പെട്ട ചെലവ് പൊതു ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇൗ മേഖലയിലെ 2.3 ശതകോടി റിയാൽ ചെലവ് പുതുതായി രൂപവത്കരിച്ച എനർജി ഡെവലപ്മെൻറ് ഒമാെൻറ ചുമതലയിലാണ് വരുക. എണ്ണ- വാതക മേഖലയിലെ ചെലവിെൻറ ഭാരം പൊതു ബജറ്റിൽനിന്ന് ഒഴിവാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ഡിസംബർ ആദ്യവാരത്തിലാണ് എനർജി ഡെവലപ്മെൻറ് ഒമാൻ (ഇ.ഡി.ഒ) രൂപവത്കരിച്ചത്. ഒമാനിലെ ഏറ്റവും വലിയ എണ്ണയുൽപാദകരായ പെട്രോളിയം ഡെവലപ്മെൻറ് ഒമാെൻറ ചെലവും ഇ.ഡി.ഒക്ക് കീഴിലാണ് വരുക.
എണ്ണ ബാരലിന് 45 ഡോളർ, പ്രതിദിന ഉൽപാദനം 9.60 ലക്ഷം ബാരൽ എന്നീ പ്രതീക്ഷിത കണക്കിലാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. എണ്ണ ഉൽപാദനം കുറക്കാനുള്ള ഒപെക്ക്, ഒപെക്ക് ഇതര രാഷ്ട്രങ്ങളുടെ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രതിദിന ഉൽപാദനം 9.60 ലക്ഷം ബാരൽ എന്നായി നിജപ്പെടുത്തിയിരിക്കുന്നത്. പൗരന്മാരുടെ ഭവനം, വിദ്യാഭ്യാസം, ചികിൽസ തുടങ്ങി അടിസ്ഥാന സേവനങ്ങൾ തടസ്സമില്ലാതെ നൽകുന്നതിന് ബജറ്റ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മൊത്തം ചെലവിെൻറ 40 ശതമാനമാണ് ഇൗ വിഭാഗത്തിൽ ചെലവഴിക്കുക.
പ്രതീക്ഷിത ബജറ്റ് കമ്മിയുടെ 27 ശതമാനം ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി റിസർവ് ഫണ്ടിൽ നിന്നാണ് നികത്തുക. 600 ദശലക്ഷം റിയാലാണ് ഇൗയിനത്തിൽ നൽകുക. അതോറിറ്റിക്ക് കീഴിലുള്ള സർക്കാർ സ്ഥാപനങ്ങളുടെ കോർപറേറ്റ് ലാഭവിഹിതം, ആസ്തി വിൽപന എന്നിവയിലൂടെ 800 ദശലക്ഷം റിയാലും നൽകും. മൊത്തം 1.2 മുതൽ 1.4 ശതകോടി റിയാൽ വരെയാണ് ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി സർക്കാർ ഖജനാവിലേക്ക് നൽകുക. ബജറ്റ് കമ്മിയിലെ ബാക്കി തുക, പ്രാദേശിക- അന്തർ ദേശീയ വിപണികളിൽ നിന്ന് കടമെടുത്താകും നികത്തുക.
2020ലെ കണക്കുകൂട്ടിയ വരുമാനത്തേക്കാൾ 19 ശതമാനം കുറവാണ് ഇൗ വർഷം പ്രതീക്ഷിക്കപ്പെടുന്നത്. 2020നേക്കാൾ പൊതുചെലവ് 14 ശതമാനം കുറഞ്ഞിട്ടുമുണ്ട്. 2020ലെ പ്രതീക്ഷിത ബജറ്റ് കമ്മി 4.2 ശതകോടി റിയാലാണ്. ഇതാണ് ഇൗ വർഷം 2.24 ശതകോടിയിലേക്ക് കുറയുമെന്ന് കരുതുന്നത്.
പ്രതിരോധ- സുരക്ഷ മേഖലക്കായുള്ള ചെലവിൽ ഇൗ വർഷം അഞ്ച് ശതമാനത്തിെൻറ കുറവ് വരുത്തിയിട്ടുണ്ട്. പത്താം പഞ്ചവത്സര പദ്ധതിയുടെ സാമ്പത്തിക -സാമൂഹിക ലക്ഷ്യങ്ങൾക്ക് അനുസരിച്ചുള്ള അടിസ്ഥാന ബജറ്റാണ് ഇതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

