സുലക്ഷൻ കുൽക്കർണി ഒമാൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ
text_fieldsസുലക്ഷൻ കുൽക്കർണി
മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ടീമിന് പുതുപാഠങ്ങൾ പകരാൻ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് താരം എത്തുന്നു. ദേശീയ ക്രിക്കറ്റ് ടീമിന്റെ സഹ പരിശീലകനായി സുലക്ഷന്‍ കുല്‍ക്കര്‍ണിയെ നിയമിച്ചു. മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരനായ കുൽക്കർണി, രണ്ട് പതിറ്റാണ്ടിലേറെയായുള്ള എലൈറ്റ് കോച്ചിങ് അനുഭവവുമായാണ് ഒമാനിലെത്തുന്നത്.
മുംബൈ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന കുൽക്കർണി 1985 മുതൽ 2002 വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു. സുനിൽ ഗവാസ്കർ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ടീമിൽ അംഗമായിരുന്നു. കളിക്കാരനും പരിശീലകനുമായി മുംബൈക്കൊപ്പം ഏഴ് രഞ്ജി ട്രോഫി, ഇറാനി കപ്പ് കിരീടങ്ങൾ നേടിയ മികച്ച റെക്കോഡും അദ്ദേഹത്തിനുണ്ട്. 1987ലെ ഇന്ത്യയുടെ ലോകകപ്പ് സാധ്യതാ ടീമിലും ഇടം പിടിച്ചു.
മുംബൈ, വിദർഭ, ഛത്തിസ്ഗഢ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ ഇന്ത്യയിലെ മുൻനിര ആഭ്യന്തര ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. രോഹിത് ശർമ, അജിങ്ക്യ രഹാനെ, സൂര്യകുമാർ യാദവ്, ചേതേശ്വർ പൂജാര, അവിഷ്കർ സാൽവി തുടങ്ങിയ നിരവധി ഇന്ത്യൻതാരങ്ങളുടെ കരിയർ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
സുലക്ഷൻ കുൽക്കർണിയെ സ്വാഗതം ചെയ്യുന്നതായി ഒമാൻ ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു. വരാനിരിക്കുന്ന ട്വിന്റി 20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്‍പ്പെടെ ഒമാന്‍ ടീമിനെ ഒരുക്കുകയാകും കുല്‍ക്കര്‍ണിയുടെ ആദ്യ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

