സുഹാര്‍ മലയാളിസംഘം യൂത്ത് ഫെസ്റ്റിവല്‍ തീയതി പ്രഖ്യാപിച്ചു
text_fieldsയൂത്ത് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സുഹാര്‍ മലയാളിസംഘം യോഗം ചേർന്നപ്പോൾ
സുഹാര്‍: സുഹാര്‍ മലയാളിസംഘത്തിന്റെയും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സുഹാറിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന 10ാമത് എസ്.എം.എസ് യൂത്ത് ഫെസ്റ്റിവലിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. മികച്ച സാഹിത്യ, ചിത്രകല സൃഷ്ടികള്‍ക്ക് വേദിയൊരുക്കുന്ന ലിറ്റററി മത്സരങ്ങള്‍ ഒക്ടോബര്‍ 24നും സ്റ്റേജ് മത്സരങ്ങള്‍ നവംബര്‍ ആറ്, ഏഴ് തീയതികളിലും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം 42 ഇനങ്ങളിലായി നാല് സ്റ്റേജുകളില്‍ മൂന്നുദിവസം നീണ്ട മത്സരങ്ങളില്‍ ഒമാനിലെ വിവിധ മേഖലകളില്‍ നിന്ന് 450 ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ മത്സരാര്‍ഥികളെ പ്രതീക്ഷിക്കുന്ന ഈ വര്‍ഷത്തെ രജിസ്ട്രേഷന് ഒക്ടോബര്‍ 17ന് അവസാനിക്കും.
ഒമാനിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഒമാനിലെ ഇന്ത്യന്‍ വംശജരായ മറ്റുള്ളവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവാന്‍ അവസരം ഉണ്ടാകും. സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍, ഓപണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിരിക്കും ഇത്തവണയും മത്സരങ്ങള്‍.
കഴിഞ്ഞ ഒമ്പതുവര്‍ഷങ്ങളായി സമര്‍പ്പണത്തോടെ നടന്നുവരുന്ന എസ്.എം.എസ് യൂത്ത് ഫെസ്റ്റിവല്‍, അതിന്റെ മത്സരനിലവാരവും ജഡ്ജിങ് സുതാര്യതയും കൊണ്ട് പ്രശസ്തി നേടിയതാണ്. ഇന്ത്യയില്‍നിന്നും പുറത്തുനിന്നും അതത് കലാമേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പതിനഞ്ചോളം പ്രമുഖരെയാണ് ഇത്തവണ വിധികര്‍ത്താക്കളായി തെരഞ്ഞെടുത്തിരിക്കുന്നത്.
മലയാളിസംഘം പ്രസിഡന്റ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജയന് മേനോന്, ലിറ്റററി മത്സരം കോഓഡിനേറ്റര്‍ ഡോ. ഗിരീഷ് നാവത്ത്, ട്രഷറര്‍ റിജു വൈലോപ്പള്ളി, ലേഡീസ് വിങ് കോഓഡിനേറ്റര്‍ ജ്യോതി മുരളി എന്നിവര്‍ സംസാരിച്ചു.
സുഹാറിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനാ ഭാരവാഹികളായ സജീഷ് ശങ്കര്‍, മുരളി കൃഷ്ണന്, ഡോ. റോയ് വീട്ടില്‍, വിനോദ് നായര്‍, ലിജു ബാലകൃഷ്ണന്, ദിനേഷ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. സെക്രട്ടറി വാസുദേവന്‍ പിട്ടന് സ്വാഗതവും കണ്‍വീനര്‍ വാസുദേവന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

