സുഹാർ-ഇബ്രി ജലവിതരണ പദ്ധതിക്ക് തുടക്കം
text_fieldsമസ്കത്ത്: സുഹാർ ജലശുദ്ധീകരണ പ്ലാന്റിൽനിന്ന് ദാഹിറ ഗവർണറേറ്റിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ സർവിസസ് കമ്പനിയാണ് (ഒ.ഡബ്ല്യു.ഡബ്ല്യു.എസ്.സി) പദ്ധതി നടപ്പാക്കിയത്. സുഹാർ-ഇബ്രി ജലവിതരണ പദ്ധതിക്ക് തുടക്കംഇബ്രി വിലായത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സാമ്പത്തിക മന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽസഖ്രി അധ്യക്ഷത വഹിച്ചു. മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഷെയ്ഖുമാർ, വിശിഷ്ട വ്യക്തികൾ എന്നിവർ സംബന്ധിച്ചു.
150 മില്യൺ റിയാൽ ചെലവിൽ നിർമിച്ച പദ്ധതി, ദാഹിറയിലെ ജലസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണെന്ന് ഒ.ഡബ്ല്യു.ഡബ്ല്യു.എസ്.സിയുടെ സി.ഇ.ഒ ഖായിസ് ബിൻ സൗദ് അൽ സക്വാനി പറഞ്ഞു. സുഹാർ വാട്ടർ ഡിസാലിനേഷൻ പ്ലാന്റിൽനിന്ന് ദഹിറയിലേക്ക് 230 കി.മീ. നീളത്തിൽ പൈപ്പ് ലൈൻ, 45.1 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന തരത്തിൽ സുഹാർ, ഇബ്രി, ധങ്ക് എന്നിവിടങ്ങളിൽ 15 വാട്ടർ ടാങ്കുകൾ, നാല് പമ്പിങ് സ്റ്റേഷനുകൾ, സുഹാർ മുതൽ ബുറൈമി വരെയുള്ള നിലവിലെ ജലപാതക്ക് സമാന്തരമായി പ്രവർത്തിക്കുന്ന പൈപ്പ് ലൈൻ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.