സുഹാർ ഫെസ്റ്റിവൽ 2.7 ലക്ഷം സന്ദർശകരെത്തി; ജനുവരി 31 വരെ ഫെസ്റ്റിവൽ തുടരും
text_fieldsനാലാമത് സുഹാർ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ ഓപൺ ബസ് സുഹാർ കോട്ടക്കും കടൽത്തീരത്തിനും
സമീപത്തുകൂടി സഞ്ചരിക്കുന്നു
സുഹാർ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ ഒമാനി വില്ലേജിൽ പരമ്പരാഗത വേലകളിൽ ഏർപ്പെട്ട വീട്ടമ്മ
സുഹാർ: നാലാമത് സുഹാർ ഫെസ്റ്റിവലിൽ സന്ദർശകരേറുന്നു. 2025 ഡിസംബർ 22ന് ആരംഭിച്ച ഫെസ്റ്റിവലിൽ ഇതുവരെ 2.7 ലക്ഷം സന്ദർശകരെത്തിയതായി ഇവന്റ്സ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. വലീദ് ബിൻ മുഹമ്മദ് അൽ ജാബ്രി പറഞ്ഞു. ജനുവരി 31 വരെ ഫെസ്റ്റിവൽ തുടരും. ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ എന്റർടൈൻമെന്റ് സെന്ററിലാണ് പ്രധാനമായും ഫെസ്റ്റിവൽ പരിപാടികൾ നടക്കുന്നത്.
സുഹാർ ഫെസ്റ്റിവലിൽ ഒരുക്കിയ വിന്റേജ് വാഹനങ്ങളുടെ പ്രദർശനത്തിൽനിന്ന്
വടക്കൻ ബാത്തിന മേഖലയിലെ വിനോദസഞ്ചാര സാധ്യതകളെ പരിചയപ്പെടുത്തുക, പ്രാദേശിക സമ്പദ്വ്യവസ്ഥയെ പോഷിപ്പിക്കുക, ഒമാനി സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ പ്രായക്കാർക്കായി വിപുലമായ സാംസ്കാരിക, വിനോദ, പൈതൃക പരിപാടികളാണ് ഫെസ്റ്റിവലിൽ സംഘടിപ്പിച്ചിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവേദനാത്മക പ്രദർശനമായ ‘അംനിയ്യ’ പ്രധാന ആകർഷണങ്ങളിലൊന്നാണ്. നിർമിത ബുദ്ധി സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കി സന്ദർശകരുടെ ആഗ്രഹങ്ങളെ വിർച്വൽ റിയാലിറ്റി അനുഭവങ്ങളാക്കി മാറ്റുന്ന പരിപാടിയാണ് അംനിയ്യ. ദിവസേന നടക്കുന്ന കാർണിവൽ പ്രകടനങ്ങളും മൂന്ന് വ്യത്യസ്ത ഷോകളും ആഘോഷത്തിന് ഉൽസവഛായ തീർക്കുന്നു.
വടക്കൻ ബാത്തിന ഗവർണറേറ്റിന്റെ സവിശേഷതകളും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾക്കൊപ്പം, ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന സൃഷ്ടിപരവും വിനോദപരവുമായ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. കുടുംബങ്ങൾക്കും യുവാക്കൾക്കും ആസ്വദിക്കാവുന്ന സമഗ്ര വിനോദാന്തരീക്ഷമാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. വിവിധ പ്രായവിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കുടുംബകേന്ദ്രിത വിനോദാനുഭവമാണ് ഫെസ്റ്റിവൽ നൽകുന്നത്.
ഒമാനി പൈതൃകത്തിന്റെ സമൃദ്ധമായ ഘടകങ്ങൾ അവതരിപ്പിക്കുന്ന ‘ഇന്റഗ്രേറ്റഡ് ഒമാനി വില്ലേജ്’, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിദ്യാഭ്യാസപരവും വിനോദപരവുമായ പരിപാടികൾ ഒരുക്കുന്ന തിയറ്റർ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമാണ്. ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽനിന്നുള്ള പരമ്പരാഗത സംഗീതകലകളും വേദിയിലെത്തിക്കുന്നുണ്ട്. ഒമാനി വില്ലേജിൽ പരമ്പരാഗത ഒമാനി ജീവിതശൈലിയും പ്രാദേശിക ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്ന ഒരു സംയോജിത ഗ്രാമമാണ് ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്കായി സുഹാറിലെ പ്രധാന ഇടങ്ങൾ ചുറ്റിക്കാണുന്നതിനുള്ള ഓപൺ ബസും ഒരുക്കിയിട്ടുണ്ട്. വിന്റേജ് വാഹനങ്ങളുടെ പ്രദർശനമാണ് ആകർഷണീയമായ മറ്റൊരു വിഭാഗം.
ഒമാനി, ഗൾഫ്, അറബ് കലാകാരന്മാരുടെ സംഗീത പരിപാടികൾ ഉൾക്കൊള്ളുന്ന സംഗീത പരമ്പര ഫെസ്റ്റിവലിന്റെ സാംസ്കാരിക വൈവിധ്യം അടയാളപ്പെടുത്തുന്നു. ഇതോടെ, ഒമാനിലെ പ്രധാന സീസണൽ സാംസ്കാരിക-വിനോദ കേന്ദ്രങ്ങളിലൊന്നായി സോഹാർ ഫെസ്റ്റിവൽ മാറുകയാണ്. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി കാർണിവൽ, പട്ടം പറത്തൽ, ഗോ-കാർട്ടിങ് തുടങ്ങിയ നിരവധി വിനോദങ്ങളുമുണ്ട്. 130ലധികം പ്രാദേശിക കുടുംബങ്ങൾക്കും ചെറുകിട സംരംഭകർക്കും അവരുടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള അവസരം ഫെസ്റ്റിവൽ ഒരുക്കുന്നുണ്ട്. ഇത് പ്രാദേശിക വിപണിയെ സജീവമാക്കമെന്ന് പ്രതീക്ഷിക്കുന്നതായി ഇവന്റ്സ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. വലീദ് ബിൻ മുഹമ്മദ് അൽ ജാബ്രി പറഞ്ഞു. 500 ബൈസയാണ് സോഹാർ എന്റർടൈൻമെന്റ് സെന്ററിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

