സുഹാർ-അബൂദബി റെയിൽപാത: ഡയറക്ടർ ബോർഡ് യോഗംചേർന്നു
text_fieldsനിർദിഷ്ട സുഹാർ-അബൂദബി റെയിൽപാതയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം
മസ്കത്ത്: നിർദിഷ്ട സുഹാർ-അബൂദബി റെയിൽപാതയുമായി ബന്ധപ്പെട്ട് ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും ഡയറക്ടർ ബോർഡ് യോഗം കഴിഞ്ഞദിവസം ദുബൈയിൽ ചേർന്നു. യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് സുഹാർ-അബൂദബി റെയിൽപാതക്ക് കരാർ ഒപ്പിട്ടിരിക്കുന്നത്.
ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മവാലി, യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ മുഹമ്മദ് ഫറജ് അൽ മസ്‌റൂയി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിലെ (ഒ.ഐ.എ) ഓപറേഷൻസ് അഫയേഴ്‌സിന്റെ ആക്ടിങ് വൈസ് പ്രസിഡന്റും അസ്യാദ് ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് നാസർ സുലൈമാൻ അൽ ഹാർത്തി, ഇത്തിഹാദ് റെയിൽ മൊബിലിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സഈദ് അൽ സാബി, അസ്യാദ് ഗ്രൂപ് സി.ഇ.ഒ അബ്ദുറഹ്മാൻ സലീം അൽഹത്മി, ഇത്തിഹാദ് റെയിൽ സി.ഇ.ഒ എൻജിനീയർ ഷാദി മലാക്ക് എന്നിവരാണ് ഡയറക്ടർ ബോർഡിലുള്ളത്. വിവിധ മേഖലകളിൽ ഒമാനും യു.എ.ഇയും തമ്മിലുള്ള സഹകരണവും സംയുക്ത പ്രവർത്തനവും വർധിപ്പിക്കുന്നതിനുള്ള പിന്തുണക്ക് നേതൃത്വത്തെ ബോർഡ് അംഗങ്ങൾ അഭിനന്ദിച്ചു.വ്യാപാരവും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിക്കുന്നരീതിയിൽ ഇരുരാജ്യങ്ങളെയും റെയിൽവഴി ബന്ധിപ്പിച്ച് അടിസ്ഥാനസൗകര്യങ്ങൾ, ഗതാഗതം, ലോജിസ്റ്റിക് വ്യവസായങ്ങൾ എന്നിവയിൽ പുതിയ സാധ്യതകൾ സൃഷ്ടിക്കാനാണ് ഒമാനും യു.എ.ഇയും ശ്രമിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന രീതികൾ, സാങ്കേതിക പഠനങ്ങൾ, രൂപകൽപന, റൂട്ടുകൾക്കായുള്ള പാരിസ്ഥിതിക പഠനങ്ങൾ, വാണിജ്യകാര്യങ്ങൾ തുടങ്ങിയവ യോഗം ചർച്ചചെയ്തു.
303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ വികസനത്തിലുടനീളം സുരക്ഷ, സുസ്ഥിരത എന്നിവക്കായുള്ള ആഗോള മാനദണ്ഡങ്ങൾ സ്വീകരിക്കാനും ബോർഡ് തീരുമാനിച്ചു. കമ്പനിയുടെ സി.ഇ.ഒ ആയി എൻജിൻ അഹമ്മദ് അൽ ഹാഷെമിയെയും ഡെപ്യൂട്ടി സി.ഇ.ഒ ആയി എൻജിൻ മുഹമ്മദ് സഹ്‌റാൻ അൽ മഹ്‌റൂഖിയെയും ഡയറക്ടർ ബോർഡ് നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

