കിളിമഞ്ചാരോ കീഴടക്കി ഒമാനി സാഹസിക യാത്രിക സുഹൈല നാസർ അൽ കിന്ദി
text_fieldsകിളിമഞ്ചാരോയുടെ മുകളിൽ ഒമാൻ പതാകയുമായി സുഹൈല നാസർ അൽ കിന്ദി
മസ്കത്ത്: ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയ പർവതമായ കിളിമഞ്ചാരോ കീഴടക്കി ഒമാനി സാഹസിക യാത്രിക സുഹൈല നാസർ അൽ കിന്ദി. സുഹൃത്തുക്കളോടൊപ്പം അതികഠിന പാതകൾ താണ്ടിയാണ് ടാൻസനിയയിലെ പർവതകൊടുമുടിയിൽ ഒമാൻ പതാക പാറിച്ചത്. സമുദ്രനിരപ്പിൽനിന്ന് 5,895 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പർവതം കീഴടക്കുന്നതിന് സാഹസികതക്കൊപ്പം മാനസിക ശക്തിയും ആവശ്യമായ ഘടകമാണ്.
ജനുവരി 13നാണ് സുഹൈലയുടെ മലയുടെ മുകളിലേക്കുള്ള കയറ്റം ആരംഭിക്കുന്നത്. 17 ന് രാവിലെ എട്ട് മണിയോടെ കിളിമഞ്ചാരോയുടെ സ്റ്റെല്ല പോയന്റിൽ എത്തിച്ചേരുകയും ചെയ്തു. കിളിമഞ്ചാരോ പർവതം കീഴടക്കുന്നത് ഏറെ നാളത്തെ സ്വപ്നമായിരുന്നുവെന്ന് സുഹൈല പറഞ്ഞു. തീർച്ചയായും ഈ യാത്ര അസാധാരണവും അവിസ്മരണീയവുമായിരുന്നു. പലപ്പോഴും മലകയറ്റത്തിനിടെ തലവേദനയും ശ്വാസതടസ്സവും നേരിടേണ്ടിവന്നു.
കൂടാതെ മുകളിലേക്കു എത്തുംതോറും അതിശൈത്യവും വെല്ലുവിളിയായി. ദിനേന ആറുമുതൽ ഏഴുമണിക്കൂർവരെ കയറിയായിരുന്നു ലക്ഷ്യസ്ഥാനത്തേക്ക് എത്തിയതെന്നും അവർ പറഞ്ഞു. മൂന്ന് മാസത്തോളം നീണ്ട നടത്തം ഉൾപ്പെടെ വിപുലമായ പരിശീലനത്തിനുശേഷമായിരുന്നു ഈ സാഹസിക ഉദ്യമത്തിന് സുഹൈല ഇറങ്ങിത്തിരിച്ചത്.
ഒമാനിലെ വിവിധ പർവത പ്രദേശങ്ങൾ ഇതിനകം ഇവർ പര്യവേഷണം ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഡിസംബറിൽ മസ്കത്തിൽനിന്ന് സലാലയിലേക്ക് 890 കിലോമീറ്റർ നടന്നിരുന്നു. കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഒമാനി സ്ത്രീകളേട് ആവശ്യപ്പെടുകയാണെന്നും ഒരാളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് പ്രധാനമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

