സുഹൈൽ ബഹ്വാൻ ഗ്രൂപ് ചെയർമാൻ ശൈഖ് സുഹൈൽ സാലിം ബഹ്വാൻ അന്തരിച്ചു
text_fieldsശൈഖ് സുഹൈൽ സാലിം ബഹ്വാൻ
മസ്കത്ത്: ഒമാനിലെ പ്രമുഖ വ്യവസായി സുഹൈൽ ബഹ്വാൻ ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ശൈഖ് സുഹൈൽ സാലിം ബഹ്വാൻ (86) അന്തരിച്ചു. രാജ്യത്തിന്റെ സ്വകാര്യ മേഖലയുടെ വളർച്ച രൂപപ്പെടുത്തിയവരിൽ പ്രധാനിയായ ശൈഖ് സുഹൈൽ ബഹ്വാൻ ഒരു ചെറിയ സംരംഭത്തെ ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള കോർപറേറ്റ് സാമ്രാജ്യമായി ഉയർത്തിയ വ്യവസായ ശിൽപിയാണ്. ഈ വർഷം ഫോബ്സ് മാഗസിൻ പുറത്തിറക്കിയ ലോകത്തെ അതിസമ്പന്നരായ അറബികളുടെ പട്ടികയിൽ സുഹൈൽ ബഹ്വാൻ 23ാം സ്ഥാനത്ത് ഇടംപിടിച്ചിരുന്നു. 1.9 ബില്യൺ യു.എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് ഫോബ്സ് മാഗസിൻ വെളിപ്പെടുത്തുന്നു.
സൂറിൽ ജനിച്ച അദ്ദേഹം 1960കളുടെ മധ്യത്തിൽ സഹോദരനൊപ്പം മത്ര സൂഖിൽ മത്സ്യബന്ധന ഉപകരണങ്ങൾ, നിർമാണ സാമഗ്രികൾ എന്നിവ വിൽക്കുന്ന ഒരു ചെറിയ കടയോടെയാണ് വ്യാപാരരംഗത്ത് പ്രവേശിച്ചത്. 1970കളിലെ ഒമാന്റെ സാമ്പത്തിക പരിവർത്തന കാലത്ത് ബിസിനസ് വൻ വളർച്ച കൈവരിച്ചു. സീകോ, തോഷിബ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പ്രധാന ഏജൻസികളും കരസ്ഥമാക്കി. തുടർന്ന്, അദ്ദേഹം സ്ഥാപിച്ച സുഹൈൽ ബഹ്വാൻ ഗ്രൂപ്, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബിസിനസ് സംഘങ്ങളിൽ ഒന്നായി വളർന്നു. 1975ൽ ടൊയോട്ടയുടെ ഡീലർഷിപ് നേടിയെടുത്തു. 2002ൽ ഇത് സഹോദരന് കൈമാറി. പിന്നീട് 2004ൽ നിസാൻ കാറുകളുടെ ഒമാനിലെ ഡീലർഷിപ് ഏറ്റെടുത്തു. 2023ൽ നിസാൻ പങ്കാളിത്തം അവസാനിപ്പിക്കുംവരെ ഇതു തുടർന്നു. ഒമാനിൽ വളം നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന പ്രധാന കമ്പനി കൂടിയാണിത്. ഓട്ടോമൊബൈൽ, രാസവളം, പെട്രോ കെമിക്കൽസ്, എൻജിനീയറിങ്, നിർമാണം, ഐ.സി.ടി., ടെലികോം, ഹെൽത്ത്കെയർ, ലോജിസ്റ്റിക്സ്, ഉപഭോക്തൃ ഉൽപന്നങ്ങൾ, വാണിജ്യം, നിർമാണം തുടങ്ങി വിവിധ മേഖലകളിൽ സുഹൈൽ ബഹ്വാൻ ഗ്രൂപ് വ്യാപിച്ചുകിടക്കുന്നു. ഗൾഫിലും ഏഷ്യയിലും പ്രവർത്തിക്കുന്ന, ആയിരക്കണക്കിന് ജീവനക്കാരെ ഉൾക്കൊള്ളുന്ന ഗ്രൂപ്പിന്റെ വളർച്ച ഒമാന്റെ സമ്പദ് വൈവിധ്യവത്കരണ ശ്രമങ്ങൾക്ക് ശക്തമായ പിന്തുണയാണ് നൽകിയത്.
രാജ്യത്തിന്റെ വ്യവസായ വളർച്ചക്ക് വഴിവെച്ച നിരവധി പദ്ധതികളും ഉൽപാദന, നിർമാണ, അടിസ്ഥാനസൗകര്യ മേഖലകളിലെ വൻ നിക്ഷേപങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലായിരുന്നു. ആരോഗ്യ മേഖലയും സാങ്കേതിക സേവനങ്ങളും ഉൾപ്പെടെ നിരവധി പുതിയ മേഖലകളിലും ഗ്രൂപ് സാന്നിധ്യം അറിയിച്ചു. രാജ്യത്തിന്റെ വളർച്ച സംബന്ധിച്ച സുഹൈൽ സാലിം ബഹ്വാന്റെ ദീർഘ വീക്ഷണവും സാമൂഹിക പ്രതിബദ്ധതയും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് ബഹുമാനം നേടിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

