സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മലയാളം മിഷൻ മസ്കത്ത് സുഗതാഞ്ജലി മത്സരം റൂവി പഠനകേന്ദ്രത്തിൽ സംഘടിപ്പിച്ചു. പ്രമുഖ കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓർമക്കായി ആഗോളത്തലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ ഇത്തവണ ഒ.എൻ.വി കവിതകളാണ് മത്സരാർഥികൾ ആലപിച്ചത്.സബ്ജൂനിയർ വിഭാഗത്തിൽ ശിവന്യ, ധ്യാന, ആരാധ്യ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ സചേത് ഒന്നാം സ്ഥാനവും ആലാപ് രണ്ടാം സ്ഥാനവും ആദിൽ മൂന്നാം സ്ഥാനവും നേടി. രക്ഷിതാക്കൾക്കായി ഓപൺ വിഭാഗത്തിൽ നടത്തിയ മത്സരത്തിൽ അഞ്ജലി, ശ്രീജ, സൗമ്യ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ട്രഷറർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ പ്രസിഡന്റ് സുനിൽകുമാർ, സന്തോഷ്കുമാർ, നിധീഷ്കുമാർ, ജഗദീഷ് എന്നിവർ സംസാരിച്ചു. മസ്കത്ത് മേഖലാ കോഓഡിനേറ്റർ സുനിത്ത് തെക്കടവൻ സ്വാഗതം പറഞ്ഞു. ലോകകേരള സഭ അംഗം വിത്സൻ ജോർജ്, ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, കെ.വി.വിജയൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. രാജീവ്, നിഷ, അനുപമ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് മലയാളം മിഷൻ.
എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന മലയാളം ക്ലാസുകളിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു വരുന്നു. മാതൃഭാഷയും സംസ്കാരവുമായുള്ള സവിശേഷബന്ധം നിലനിർത്താനും വരും തലമുറകളിലേക്ക് അത് പകർന്നുകൊടുക്കാനുമുള്ള മിഷന്റെ ലക്ഷ്യം നിറവേറ്റുന്നതിനായുള്ള സജീവമായ പ്രവർത്തനങ്ങൾ തുടർന്നും ഏറ്റെടുക്കുമെന്നും ഇതിന്റെ ഭാഗഭാക്കാകാൻ താൽപര്യമുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കും തങ്ങളെ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു. ഒമാനിലുടനീളം പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

