ഒ.എന്‍.വിക്ക് ശ്രദ്ധാഞ്ജലിയായി സുഗതാഞ്ജലി ഫൈനല്‍
text_fieldsചന്ദ്രമൗലി ,അനിക രതീഷ് ,ഇവ മാക്മില്ട്ടന്
മസ്കത്ത്: മലയാളിയെ ഗൃഹാതുരത്വ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒ.എന്‍.വിയുടെ ഓര്‍മകള്‍ക്കുമുന്നില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് മലയാളം മിഷന് ഒമാന്‍ കുട്ടികള്‍. സുഗതാഞ്ജലി കാവ്യാലാപന ചാപ്റ്റര്‍ തല മത്സരത്തിന്റെ ഭാഗമായാണ് ഒ.എന്‍.വി ഒമാനിലെ മണ്ണില്നിറഞ്ഞത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 50 ഓളം കുട്ടികളാണ് മലയാളത്തിന്റെ പ്രിയ കവിയെ നെഞ്ചോടു ചേര്‍ത്തവതരിപ്പിച്ചത്.
മുഹമ്മദ് അമീന്
മലയാളിക്കുട്ടികള്‍ മലയാളം മിണ്ടിയാല്‍, രക്ഷിതാക്കളുടെ മിണ്ടാട്ടം മുട്ടിപ്പോകും എന്ന നിലയില്‍ മാതൃഭാഷയോട് പുച്ഛവും അവജ്ഞയും നടമാടിയിരുന്ന ഒരു കാലം നമുക്കോര്‍മയുണ്ട്. അവിടെ നിന്ന്, കുട്ടികളെ മലയാളം കവിതകള്‍ വായിച്ച് പഠിപ്പിച്ച് ഹൃദിസ്ഥമാക്കി ശരിയായ ഉച്ചാരണശുദ്ധിയോടെ കാവ്യാലാപന വേദിയിലേക്ക് അഭിമാനപൂര്‍വം പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെ കാലത്തേക്ക് നമ്മള് കടന്നിരിക്കുന്നുവെന്ന് മലയാളം മിഷന് ഒമാന്‍ സെക്രട്ടറി അനു ചന്ദ്രന് പറഞ്ഞു.
ബുറൈമി, സുഹാര്‍, സീബ്, റുസ്താഖ്, സൂര്, ഇബ്ര, നിസ്വ, മസ്കത്ത് എന്നിങ്ങനെ ഒമാനിലങ്ങോളമിങ്ങോളമുള്ള മലയാളം മിഷന് പഠനകേന്ദ്രങ്ങളിലെ കുട്ടികളെ ഇത്തവണ ഈ മത്സരത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹജീവിസ്നേഹവും ദീനാനുകമ്പയും കാരുണ്യവും നിറഞ്ഞവരാക്കി വരും തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ ഇത്തരം പരിപാടികള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് മലയാളം മിഷന് ഒമാന്‍ ചെയര്മാന് ഡോ. ജെ. രത്നകുമാര്‍ അഭിപ്രായപ്പെട്ടു.
നമ്മുടെ നാടിന്റേതുമാത്രമായ സാംസ്കാരിക ബിംബങ്ങളും സാമൂഹിക ബന്ധങ്ങളും ഏറെയകലെയാണെങ്കിലും എപ്പോഴുമുള്ളില് നിറഞ്ഞുനില്ക്കുന്ന ജൈവപ്രകൃതിയും കുറച്ചുനേരത്തേക്കെങ്കിലും തങ്ങളുടെ കാവ്യാലാപനത്തിലൂടെ പുനരാവിഷ്കരിക്കാന്‍ ഈ കുട്ടികള്‍ക്ക് കഴിഞ്ഞെന്ന് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച്ച ഇബ്രയിലെ അല്‍ ശര്‍ഖിയ സാന്‍ഡ്സ് ഹോട്ടലില്‍ നടന്ന ചാപ്റ്റര്‍ തല ഫൈനല്‍ മത്സരത്തില്‍ സബ്ജൂനിയര് വിഭാഗത്തില്‍ സൂര് മേഖലയില്‍ നിന്നുള്ള ചന്ദ്രമൗലി ഒന്നാം സ്ഥാനം നേടി. ഇബ്ര മേഖലയില്‍ നിന്നുള്ള അനിക രതീഷ് രണ്ടാം സ്ഥാനവും സീബ് മേഖലയില്‍ നിന്നുള്ള ഇവ മാക്മില്ട്ടന് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ സുഹാര്‍ മേഖലയില്‍ നിന്നുള്ള ദിയ ആര്. നായര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മസ്കത്ത് മേഖലയില്‍ നിന്നുള്ള ആലാപ് ഹരിദാസ് രണ്ടാം സ്ഥാനവും ഇബ്രയില്‍ നിന്നുള്ള കെ.കെ. അവന്തിക മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ സീബ് മേഖലയില്‍ നിന്നുള്ള മുഹമ്മദ് അമീന് തെരഞ്ഞെടുക്കപ്പെട്ടു.
ദിയ ആര്. നായർ, ആലാപ് ഹരിദാസ് ,കെ.കെ. അവന്തിക
ഇന്ത്യന്‍ സ്കൂള്‍ സീബ് മലയാളവിഭാഗം മേധാവി അനിജ ഷാജഹാന്, ഇന്ത്യന്‍ സ്കൂള്‍ ദാര്‍സൈത്ത് മലയാളവിഭാഗം മേധാവി കലാ സിദ്ധാർഥന്, ഇന്ത്യന്‍ സ്കൂള്‍ മബേല മലയാളവിഭാഗം മേധാവി സി.പി. സുധീര്‍ എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്. ഭാഷാശുദ്ധി, അക്ഷര സ്ഫുടത, ആലാപന മാധുര്യം, താള സുഭഗത തുടങ്ങിയ കാവ്യഗുണകളെല്ലാം നിലനിര്‍ത്തി ഒ.എന്‍.വി കവിതകളുടെ തനിമ തെല്ലും ചോരാതെ തന്നെയാണ് കുട്ടികള്‍ കാവ്യാലാപനത്തില്‍ പങ്കുകൊണ്ടതെന്ന് വിധികര്‍ത്താക്കള്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

