മസ്കത്തിലെ പാര്‍ക്കിങ് സ്ഥലങ്ങളെക്കുറിച്ച് പഠിക്കൽ; ഫീൽഡ് സർവേയുമായി മുനിസിപ്പാലിറ്റി
text_fieldsമസ്കത്തിലെ പാര്‍ക്കിങ് സ്ഥലങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഫീൽഡ് സർവേക്ക് തുടക്കമായപ്പോൾ
മസ്കത്ത്: മസ്കത്തിലെയും പരിസരങ്ങളിലെയും പാര്‍ക്കിങ് സ്ഥലങ്ങളെക്കുറിച്ച് പഠിക്കാൻ ഫീൽഡ് സർവേക്ക് തുടക്കം കുറിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. റോഡ് ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പാർക്കിങ് നിയന്ത്രിക്കാൻ സഹായിക്കുന്ന കൃത്യമായ ഡേറ്റ ശേഖരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മസ്കത്ത് ഏരിയ ട്രാഫിക് സ്റ്റഡി 2025ന്റെ ഭാഗമായി മൂന്ന് ആഴ്ചയിലായാണ് സർവേ നടക്കുക. ഡ്രോണ്‍ ഉപയോഗിച്ചാണ് പാര്‍ക്കിങ് സൗകര്യങ്ങളും ആവശ്യങ്ങളും നഗരസഭ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് മനസ്സിലാക്കുന്നത്. മുനിസിപ്പാലിറ്റിയുടെ സമൂഹ മാധ്യമമായ എക്സ് അക്കൗണ്ട് വഴിയും പൊതുജനങ്ങളില്‍നിന്ന് നേരിട്ടും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നുണ്ട്. പാര്‍ക്കിങ് ഉപയോഗത്തെക്കുറിച്ച് കൃത്യമായ വിവരശേഖരണം ഇതുവഴി സാധ്യമാക്കും.
കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ആവശ്യം വര്‍ധിച്ചുവരുന്ന സീബ് സൂഖ്, അല്‍ ബറകത്ത് സ്ട്രീറ്റ്, അല്‍ ഖൂദ് സൂഖ്, ഖുറം ബീച്ച്, അല്‍ ഖുവൈര്‍ കമേഴ്സ്യല്‍ ഏരിയ, ഖുറം കമേഴ്സ്യല്‍ ഏരിയ, അല്‍ മഹാ സ്ട്രീറ്റ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സര്‍വേ നടക്കുന്നത്. അടുത്തദിവസങ്ങളിലും സര്‍വേ പ്രവര്‍ത്തനങ്ങള്‍ തുടരും. കരുക്ക് കുറക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമുള്ള ഫലപ്രദമായ തന്ത്രങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മസ്കത്ത് ഏരിയ ട്രാഫിക് പഠന’ത്തിന്റെ മൂന്നാം പതിപ്പിന് മസ്കത്ത് മുനിസിപ്പാലിറ്റി ഏപ്രലിലിൽ തുടക്കം കുറിച്ചിരിക്കുന്നത്.
റോഡ് ശൃംഖലയുടെ പ്രകടനം നിരീക്ഷിക്കുന്നതിനും നിലവിലുള്ള ഗതാഗത വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായാണ് സമഗ്ര പഠനങ്ങൾ നടത്തുന്നത്. നിലവിലെ ഗതാഗത സാഹചര്യങ്ങൾ നിരീക്ഷിച്ച് വിലയിരുത്തുക, നഗരവികാസവും സാമ്പത്തിക പ്രവർത്തനവുമായി ബന്ധപ്പെട്ട ഗതാഗതം സൃഷ്ടിക്കുന്ന മേഖലകൾ വിലയിരുത്തുക, തിരക്കേറിയ പോയന്റുകൾ തിരിച്ചറിയുകയും ഫലപ്രദമായ പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുക, തിരക്ക് കുറക്കുന്നതിന് ഹ്രസ്വ, ഇടത്തരം, ദീർഘകാല വികസന പദ്ധതികളിലേക്ക് ഗതാഗത പരിഹാരങ്ങൾ സംയോജിപ്പിക്കുക എന്നിവയാണ് പഠനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്. നഗരത്തിലെ വർധിച്ചുവരുന്ന ജനസംഖ്യക്കനുസൃതമായ ഗതാഗത മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും സുഗമവും കാര്യക്ഷമവുമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനുമുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

