നിരത്തുകളിലെ തിരക്ക് കുറക്കാം; കാർപൂളിങ്ങിലേക്ക് മാറൂ...
text_fieldsമസ്കത്ത് നഗരത്തിലെ റോഡുകളിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഒമാന്റെ തലസ്ഥാനനഗരിയായ മസ്കത്തിലെ ദൈനംദിന യാത്രകളുടെ 97 ശതമാനവും സ്വകാര്യവാഹനങ്ങൾ ഉപയോഗിച്ചെന്ന് പഠനം. 72 ശതമാനം പേരും യാത്ര ചെയ്യുന്നത് ഒറ്റക്കാണെന്നും മസ്കത്ത് മുനിസിപ്പാലിറ്റി നടത്തിയ ട്രാഫിക് സ്റ്റഡിയിൽ പറയുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഒന്നിലധികം ആളുകൾക്ക് ഒരു കാറിൽ യാത്രചെയ്യാനാവുന്ന കാർപൂളിങ്ങിലേക്ക് മാറണമെന്നും മുനിസിപ്പാലിറ്റി നിദേശിച്ചു.
യാത്രാശീലങ്ങളിൽ വരുത്തേണ്ട മാറ്റമാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നതെന്ന് അധികൃതർ പറയുന്നു. തിരക്കും മലിനീകരണം കുറക്കുന്നതിനും മസ്കത്തിലുടനീളമുള്ള ഗതാഗതപ്രവാഹം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളിലാണ് മുനിസിപ്പാലിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി പൊതുഗതാഗതം ഉപയോഗിക്കാനും ഒന്നിലധികം പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാനാവുന്ന ടാക്സികൾ, അതായത് കാർപൂളിങ് സംവിധാനത്തിലേക്ക് മാറാനും മുനിസിപ്പാലിറ്റി താമസക്കാരോട് അഭ്യർഥിക്കുന്നുണ്ട്.
വാഹനങ്ങളുടെ എണ്ണം കണക്കാക്കുമ്പോൾ, യാത്രകളിൽ 15.9 ശതമാനം മാത്രമേ രണ്ട് യാത്രക്കാരെ ഉൾക്കൊള്ളുന്നുള്ളൂ, 5.1 ശതമാനം യാത്രകളിൽ മൂന്നുപേരും 4.0 ശതമാനം യാത്രകളിൽ നാലുപേരും 2.2 ശതമാനം യാത്രകളിൽ അഞ്ച് പേരും ഉൾക്കൊള്ളുന്നു.
ഗതാഗതക്കുരുക്ക് കുറക്കലും സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിട്ടാണ് പുതിയ ബോധവത്കരണ കാമ്പയിന് മുനിസിപ്പാലിറ്റി തുടക്കമിട്ടിരിക്കുന്നത്. കാർപൂളിങ് ഒരു ദൈനംദിന പരിശീലനമായി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘മാറ്റം സൃഷ്ടിക്കൂ.. ഇന്നുതന്നെ കാർപൂൾ ചെയ്യൂ!’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് കാമ്പയിൻ പുരോഗമിക്കുന്നത്. തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി ഇല്ലാതാക്കാനും കാർബൺ ബഹിർഗമനം കുറക്കാനും യാത്രാസൗകര്യം കൂടുതൽ കാര്യക്ഷമവും താങ്ങാനാവുന്നതുമാക്കാനും കാർപൂളിങ്ങിലൂടെ കഴിയുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സൗഹൃദ ഗതാഗത ഓപ്ഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സുൽത്താനേറ്റിന്റെ സുസ്ഥിര ലക്ഷ്യങ്ങളെ പിന്തുണക്കന്നതിനുമുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ജോലി, സ്കൂൾ, ദൈനംദിന യാത്രകൾക്കായി പൗരന്മാരെയും താമസക്കാരെയും കമ്പനികളെയും ഈ കാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നു. ഒറ്റക്ക് യാത്ര ചെയ്യുന്നവരുടെ വാഹനഉപയോഗം കുറക്കുന്നത് വൃത്തിയുള്ളതും തിരക്ക് കുറഞ്ഞതുമായ മസ്കത്തിലേക്കുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു ചുവടുവെപ്പാണെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

