കുന്തിരിക്കമരം സംരക്ഷണത്തിന് പഠനം; കന്നുകാലി മേയൽ, കീടശല്യം എന്നിവ ഭീഷണി
text_fieldsകുന്തിരിക്ക മരങ്ങൾ നേരിടുന്ന വെല്ലുവിളികൾ കണ്ടെത്താൻ
നടത്തിയ രണ്ടാം സർവേ
മസ്കത്ത്: ഒമാനിലെ പ്രധാന വാണിജ്യ വിളയായ കുന്തിരിക്ക മരങ്ങൾ നേരിടുന്ന വെല്ലുവിളികൾ കണ്ടെത്താൻ നടത്തിയ രണ്ടാം സർവേ അവസാനിച്ചു.കന്നുകാലി മേയൽ കാരണം പച്ചപ്പുകൾ അമിതമായി നഷ്ടപ്പെടുന്നതാണ് പ്രധാന ഭീഷണിയെന്ന് കണ്ടെത്തി. പരിസ്ഥിതി അതോറിറ്റി സലാലയിലാണ് സർവേ നടത്തിയത്. കുന്തിരിക്ക മരങ്ങൾ നേരിടുന്ന പ്രധാന ഭീഷണിയുടെ 62 ശതമാനവും പച്ചപ്പ് നശിക്കലാണ്. പ്രാണിശല്യമാണ് രണ്ടാം സ്ഥാനത്ത്.
പ്രാണികളിൽനിന്ന് 22 ശതമാനം വെല്ലുവിളിയാണ് നേരിടുന്നത്. വരൾച്ച 10 ശതമാനം ഭീഷണി ഉയർത്തുന്നു. ശരിയായ രീതിയിലല്ലാത്ത വിളവെടുപ്പ് കാരണം ആറ് ശതമാനം വെല്ലുവിളികൾ ഉയരുന്നതായി സർവേ വിലയിരുത്തി. കുന്തിരിക്കമരം 92 ചതുരശ്ര കിലോമീറ്റർ മേഖലയിലാണ് വ്യാപിച്ചുകിടക്കുന്നത്. എന്നാൽ, ഇതിനായുള്ള സംരക്ഷിത മേഖലക്ക് 3048 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.
സർവേയുടെ ഭാഗമായി വംശനാശഭീഷണി നേരിടുന്ന 59 ഇനം മരങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തി. ഒമാനിലെ കുന്തിരിക്ക മരങ്ങൾ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു.അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ തരംതിരിക്കൽ ആവശ്യമാണെന്നാണ് റിപ്പോർട്ടിൽനിന്ന് വ്യക്തമാവുന്നത്.
നിലവിൽ ലോകത്ത് 250ഓളം ഇനം മരങ്ങളാണുള്ളത്. ഇതിൽ 70 ശതമാനം നാശം നേരിടുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്രതലത്തിൽ സംരക്ഷണ മാനദണ്ഡം ഉണ്ടാക്കിയിരിക്കുന്നത്. ഈ വിഭാഗങ്ങളെ സംരക്ഷിക്കാൻ ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും വലിയ ഊന്നലാണ് പരിസ്ഥിതി സമിതി നൽകുന്നത്. ഇതിന്റെ ഭാഗമായ പഠനങ്ങൾ ഈ വർഷം പൂർത്തിയാക്കേണ്ടതുണ്ട്. അറേബ്യൻ കുന്തിരിക്ക മരത്തോട്ടം സ്ഥാപിക്കേണ്ടതും ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിവിധ വിഭാഗങ്ങളിലായി തരംതിരിച്ചാണ് ശാസ്ത്രീയ രീതിയിലുള്ള പഠനം നടത്തിയത്. പരിശോധന തീയതി, പരിശോധന സ്ഥലം, വിവരങ്ങളുമായുള്ള ഫോട്ടോകൾ അടങ്ങുന്ന സ്ഥലസംബന്ധമായ പഠനം, മരങ്ങളുടെ ഉയരം, ചില്ലകൾ, തടിമരത്തിന്റെ വ്യാസം, മരത്തിന്റെ മുകൾചില്ലകൾ, ഇലകൾ, പൂക്കൾ, കായകൾ തുടങ്ങിയവ സംബന്ധമായ പഠനമാണ് രണ്ടാം വിഭാഗത്തിൽ. മേയൽ, വരൾച്ച, പ്രാണികൾ, വിളവെടുപ്പ് രീതി എന്നിവയാണ് മൂന്ന് വിഭാഗത്തിൽ പഠനം നടത്തിയത്.
കുന്തിരക്ക മരങ്ങളിൽനിന്നുള്ള പശ, മരത്തിന്റെ മറ്റ് സാമ്പിളുകൾ എന്നിവ ശേഖരിച്ചാണ് പഠനം നടത്തിയത്.വിവിധ പ്രായത്തിലുള്ള മരങ്ങളിൽ നടത്തിയ പഠനത്തിൽനിന്ന് മേഖലയിലെ ഏറ്റവും പഴയ മരത്തിന് 40 വർഷവും എറ്റവും ചെറിയ മരത്തിന് ഒമ്പത് മാസവും പ്രായമുണ്ടെന്ന് കണ്ടെത്തി. മനുഷ്യനിൽനിന്നും പ്രകൃതിയിൽനിന്നും ഉയരുന്ന ഭീഷണി കാരണം മരം വ്യാപിക്കുന്നത് കുറഞ്ഞതായി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

