
ഇന്ത്യൻ സ്കൂൾ മസ്കത്തിൽ കുട്ടികളുടെ യാത്ര സംവിധാനം പുനഃസ്ഥാപിച്ചു
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിൽ കുട്ടികളുടെ യാത്ര സംവിധാനം പുനഃസ്ഥാപിച്ചു. രക്ഷിതാക്കളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് സ്കൂൾ അധികൃതരുടെ നടപടി. പുതിയ സർക്കുലർ പ്രകാരം സ്കൂളിന്റെ അംഗീകാരമുള്ള ട്രാൻസ്പോർട്ടർമാരുടെ ലിസ്റ്റ് സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി പുറത്തിറക്കി.
കുട്ടികളുടെ യാത്രയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്കൂൾ മാനേജ്‌മന്റ് പ്രതിജ്ഞാബന്ധമാണെന്ന് അറിയിപ്പിൽ പറഞ്ഞു. യാത്ര സംവിധാനം ഫലപ്രദമായി മുൻപോട്ടു കൊണ്ടുപോകുന്നതിനായി രക്ഷിതാക്കളെ ഉൾപ്പെടുത്തി ഒരു ടാസ്ക് ഫോഴ്സിന് രൂപം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
2017 മുതലാണ് സ്കൂൾ മോണിറ്റേർഡ് സേഫ് ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന പേരിൽ വിദ്യാർഥികൾക്കായി സ്കൂളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള യാത്ര സംവിധാന പദ്ധതി പ്രാബല്യത്തിൽ വരുന്നത്. സ്‌കൂൾ ബസുകളുമായി ബന്ധപ്പെട്ട് അക്കാലത്ത് ഒമാനിൽ സംഭവിച്ച ദാരുണമായ ചില സംഭവങ്ങളെത്തുടർന്നായിരുന്നു നടപടി.
ഈ സംവിധാനം നിർത്തലാക്കുന്നതായി സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ഈ മാസം ആദ്യം സർക്കുലർ പുറത്തിറക്കിയിരുന്നു. തീരുമാനത്തിനെതിരെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിക്ക് പരാതി നൽകുകയും ചർച്ച നടത്തുകയും ചെയ്തു. തുടർന്ന്, വിദ്യാർഥികളുടെ സുരക്ഷ പരിഗണിച്ച് സ്കൂൾ യാത്ര സംവിധാനം തിരികെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
