ഇന്ത്യൻ സ്കൂൾ മുലദയിൽ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റു
text_fieldsഇന്ത്യൻ സ്കൂൾ മുലദയിൽ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റപ്പോൾ
മുലദ: 2025-26 അധ്യയനവർഷത്തെ ഇന്ത്യൻ സ്കൂൾ മുലദ സ്കൂൾ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ ചുമതലയേറ്റു. സെൻട്രൽ ബാങ്ക് ഓഫ് മാൻ ഡയറക്ടർ ബോർഡ് പ്രഫ. സഈദ് അൽ മുഹറാമി മുഖ്യാതിഥിയും ബോർഡ് ഫിനാൻസ് ഡയറക്ടറും ഇന്ത്യൻ സ്കൂൾ മുലദ ഡയറക്ടർ ഇൻചാർജുമായ എ.പി. അമ്പലവാനൻ വിശിഷ്ടാതിഥിയുമായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ, കൺവീനർ ആഷിഫ ആസിഫ്, ട്രഷറർ ഡോ. അജീബ് പി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ പ്രിൻസിപ്പാൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.
സ്കൂൾ ഗായകസംഘം ഒമാൻ-ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയഗാനവും തുടർന്ന് പ്രാർഥനാഗാനവും ആലപിച്ചു. മുഖ്യാതിഥിയെയും വിശിഷ്ടാതിഥിയെയും ബൊക്കെ നൽകി സ്വീകരിച്ചു. കൗൺസിൽ കോഓർഡിനേറ്റർ നിജോ ജോസ് വിദ്യാർഥി പ്രതിനിധികളെ സദസ്സിനു പരിചയപ്പെടുത്തി. പ്രിൻസിപ്പാൾ ഡോ. ലീന ഫ്രാൻസിസ് വിദ്യാർഥി പ്രതിനിധികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ അധ്യക്ഷതവഹിച്ചു. നല്ല വിദ്യാർഥി പ്രതിനിധികളാകാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും തന്റെ പ്രസംഗത്തിലൂടെ അദ്ദേഹം വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു.
സ്കൂൾ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ചടങ്ങിൽ ബാഡ്ജുകൾ അണിയിച്ചു. നാളത്തെ നല്ല നേത്യശേഷിയുള്ള പൗരൻമാരായി വളരാനുള്ള പരിശീലനം സ്കൂളിൽനിന്ന് ലഭിക്കുന്നുവെന്നും വിദ്യാർഥി പ്രതിനിധികൾ സ്വയം ഗുണം ആർജിച്ച് മറ്റുള്ളവർക്ക് മാതൃകയാകണമെന്നും മുഖ്യാതിഥി സഈദ് അൽ മുഹറാമി വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു. 35 മത് സ്കൂൾ വാർഷികാഘോഷ ലോഗോ മുഖ്യാതിഥിയും വിശിഷ്ടാതിഥിയും ചേർന്ന് അനാച്ഛാദനം ചെയ്തു. തുടർന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്, കൺവീനർ എന്നിവർ മുഖ്യാതിഥിക്കും വിശിഷ്ടാതിഥിക്കും വൃക്ഷത്തൈ ഉപഹാരമായി സമർപ്പിച്ചു. സ്കൂൾ ഹെഡ്ബോയ് ജെറോം ജോസ്, ഹെഡ്ഗേൾ അന്ന മരിയ ഷിബു എന്നിവർ മറുപടി പ്രസംഗം നടത്തി.
സ്കൂൾ ഗായകസംഘം സ്കൂൾ ഗാനം ആലപിച്ചു. സ്കൂൾ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ വിശിഷ്ട വ്യക്തികൾക്കൊപ്പമുള്ള ഫോട്ടോ സെഷനോടുകൂടി സമാപനം കുറിച്ചു. സ്കൂൾ ഹെഡ്ഗേളായി തെരഞ്ഞെടുക്കപ്പെട്ട സിന്ധു ബിപിൻകുമാർ മറുപടി പ്രസംഗം നടത്തി. സ്കൂൾ ഗായകസംഘം ആലപിച്ച സ്കൂൾ ഗാനത്തോടുകൂടി ചടങ്ങുകൾക്ക് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

