Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കണ്ടെത്തിയ...

ഒമാനിൽ കണ്ടെത്തിയ സ്റ്റെപ്പ് പിരമിഡ് ! ഖൗർ ഖർഫൂത്തിൽ ചരിത്രം മണൽപ്പരപ്പിന്റെ മറ നീക്കുമ്പോൾ

text_fields
bookmark_border
ഒമാനിൽ കണ്ടെത്തിയ സ്റ്റെപ്പ് പിരമിഡ് ! ഖൗർ ഖർഫൂത്തിൽ ചരിത്രം മണൽപ്പരപ്പിന്റെ മറ നീക്കുമ്പോൾ
cancel
camera_alt

ദോഫാറിന്റെ തീരക്കാഴ്ച

സലാല: മണൽക്കാറ്റുകൾ മൂടിയ നൂറ്റാണ്ടുകളുടെ നിശബ്ദത ഭേദിച്ച് ഒടുവിൽ ആ ചരിത്രം പുറത്തേക്ക്. തെക്കൻ അറേബ്യയുടെ സാംസ്കാരിക ഭൂതകാലത്തെ പുനർനിർവചിച്ചുകൊണ്ട് ദോഫാർ തീരത്ത് നിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ പ്രകൃതി ഒളിപ്പിച്ചുവെച്ച ഒരു അപൂർവ്വ പൈതൃക രഹസ്യത്തിന്റേതാണ്. വാദി സൈഖ് മലയിടുക്കിനും അറബിക്കടലിനുമിടയിൽ, ദോഫാറിലെ ഖൗർ ഖർഫൂത് എന്ന വിജന പ്രദേശത്ത് നിന്ന് 6,000 വർഷം പഴക്കമുള്ള ഒരു ‘സ്റ്റെപ്പ് പിരമിഡ്’ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് ലോകചരിത്രകാരന്മാരുടെ ശ്രദ്ധ ഒമാനിലേക്ക് തിരിക്കുകയാണ്. ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെ ഔദ്യോഗിക പുരാവസ്തു ഗവേഷണ ജേണലായ ‘അഥാർ’ ആണ് ഈ രഹസ്യങ്ങൾ പുറത്തുവിട്ടത്. ഈ കണ്ടെത്തൽ ഒമാന്റെ മാത്രം ചരിത്രമല്ല, മറിച്ച് തെക്കൻ അറേബ്യയുടെയും പുരാതന കാലത്തെ ലോക വ്യാപാരത്തിന്റെയും അടിത്തറയെത്തന്നെ തിരുത്തിയെഴുതുന്നതാണ്.

തെക്കൻ ദോഫാറിലെ അറബിക്കടലിന്റെ തീരത്തെ ആർക്കിയോളജിക്കൽ കേന്ദ്രങ്ങളുടെ മാപ്പ്

‘സിഗ്ഗുരത്തു’കളുമായി സാമ്യം

നവീനശിലായുഗത്തിന്റെ (നിയോലിത്തിക് ഏജ്) അവസാന പാദത്തിൽ, അതായത് കൃത്യമായി പറഞ്ഞാൽ ബി.സി 4,000-ൽ നിർമിക്കപ്പെട്ട ഒരു കൂറ്റൻ ഘടനയാണിത്. അമേരിക്കയിലെ ഇന്ത്യാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർക്കിയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ തീരത്ത് നടത്തിയ നിശബ്ദമായ പര്യവേക്ഷണത്തിന്റെ ഫലമാണ് ഈ കണ്ടെത്തൽ. ഈ പിരമിഡ് ഘടനക്ക് പുരാതന മെസൊപ്പൊട്ടേമിയയിൽ (ഇന്നത്തെ ഇറാഖ് പ്രദേശം) ആരാധനാലയങ്ങളായും ഭരണകേന്ദ്രങ്ങളായും ഉപയോഗിച്ചിരുന്ന ‘സിഗ്ഗുരത്തു’കളുമായി അത്ഭുതകരമായ സാമ്യമുണ്ട്. മണ്ണും കല്ലും പാകി നിർമിച്ച ഈ വലിയ പടവുകൾ വെറുമൊരു നിർമിതിയല്ല, മറിച്ച് അക്കാലത്തെ മികച്ച വാസ്തുവിദ്യയുടെയും ആസൂത്രിത നഗരവ്യവസ്ഥയുടെയും തെളിവായാണ് വിലയിരുത്തുന്നത്.

ഉത്ഖനനത്തിൽ പിരമിഡിന്റെ വടക്കുഭാഗത്തുള്ള ഭിത്തിയിൽ കുത്തനെയുള്ളതും പടികളുള്ളതുമായ കൊത്തുപണികൾ കണ്ടെത്തിയിരുന്നു. ഭാഗികമായി അലങ്കരിച്ച ചുണ്ണാമ്പുകല്ല് ബ്ലോക്കുകൾ കൊണ്ട് കുത്തനെ, വളഞ്ഞ പാറ്റേണിൽ നിർമ്മിച്ചതാണ് ഇത്. ഈ സ്ഥലത്ത് നിന്ന് കണ്ടെടുത്ത സെറാമിക്, കല്ലുപാത്രങ്ങൾ മെസൊപ്പൊട്ടേമിയയിലെ അനു സിഗുറാത്തിൽ ഉപയോഗിച്ചിരുന്ന കല്ലുപാത്രങ്ങൾക്ക് സമാനമാണ്, ഇത് ബി.സി.ഇ. 3,400 നും 3,800 നും ഇടയിലുള്ളതാണ്.

മെസപ്പെട്ടോമിയയിലേക്കുള്ള കടൽപ്പാത

ഈ കണ്ടെത്തലിൽ ചരിത്രകാരന്മാരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇവിടെ നിന്ന് ലഭിച്ച മൺപാത്രങ്ങളുടെയും കൽപാത്രങ്ങളുടെയും അവശിഷ്ടങ്ങളാണ്. ഇവയുടെ നിർമാണ രീതിയും രൂപവും പുരാതന മെസപ്പൊട്ടേമിയയിലെ പ്രസിദ്ധമായ ‘അനു സിഗ്ഗുരത്’ പ്രദേശത്തുനിന്നും ലഭിച്ച പുരാവസ്തുക്കൾക്ക് സമാനമാണ്. ഇതുവരെ വിശ്വസിച്ചിരുന്നത് ബി.സി 3,000-ത്തോടുകൂടി മാത്രമാണ് ഒമാനും മെസൊപ്പൊട്ടേമിയയും തമ്മിൽ കടൽമാർഗമുള്ള വ്യാപാരം സജീവമായിരുന്നത് എന്നാണ്. എന്നാൽ, ഖൗർ ഖർഫൂതിലെ ഈ പിരമിഡ് ആ ധാരണകളെ 600-ൽ പരം വർഷങ്ങൾ പുറകോട്ട് കൊണ്ടുപോവുകയാണ്. ഒമാനിലെ ജനങ്ങൾ ബി.സി 4,000-ത്തിൽ തന്നെ അത്യാധുനികമായ കപ്പൽയാത്രകളും ദീർഘദൂര വ്യാപാര ശൃംഖലകളും വികസിപ്പിച്ചെടുത്തിരുന്നു എന്ന് ഈ കണ്ടെത്തൽ അടിവരയിടുന്നു.

ദോഫാറിൽ ഖോർ ഖർഫൂത്തിൽ മലയുടെ താഴ്വാരത്ത് പര്യവേക്ഷണ സ്ഥലത്ത് പാറക്കഷണങ്ങളാൽ തീർത്ത നടപ്പാതയുടെ ശേഷിപ്പുകൾ

കുന്തിരിക്കത്തിന്റെ സുഗന്ധമുള്ള ഖോർ ഖർഫൂത്

ദോഫാർ പ്രദേശം ലോകപ്രശസ്തമായത് അവിടുത്തെ വിശിഷ്ടമായ കുന്തിരിക്കത്തിന്റെ പേരിലാണ്ണ്. പുരാതന കാലത്ത് സ്വർണത്തേക്കാൾ വിലയുണ്ടായിരുന്ന ഈ സുഗന്ധദ്രവ്യം തേടി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സഞ്ചാരികൾ ഒമാനിൽ എത്തിയിരുന്നു. കേരളവുമായി ​പോലും സജീവമായ വ്യാപാര ബന്ധം ദോഫാറിനുണ്ടായിരുന്നു. ദോഫാറിലെ പർവത പ്രദേശങ്ങളിൽ നിന്ന് കുന്തിരിക്കം ശേഖരിച്ച് കൊണ്ടുവരുന്ന ഉൾനാടൻ വ്യാപാരികളുടെയും അത് കടൽമാർഗം മെസപ്പൊട്ടോമിയയിലേക്കും സിന്ധുനദീതട സംസ്കാരത്തിലേക്കും എത്തിച്ചിരുന്ന കടൽ വ്യാപാരികളുടെയും ഒരു പ്രധാന സംഗമ കേന്ദ്രമായിരുന്നു (നോഡൽ സെറ്റിൽമെന്റ്) ഖോർ ഖർഫൂത്. ഈ തീരത്തിരുന്ന് അറബിക്കടലിന് അഭിമുഖമായ സിഗ്ഗുരത്, വൻകിട കപ്പലുകൾക്ക് വഴികാട്ടിയായ ഒരു കേന്ദ്രമോ അതോ വ്യാപാരികളുടെ സുപ്രധാന ഭരണകേന്ദ്രമോ ആയിരുന്നിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.

ചരിത്രം പുനർജനിക്കുമ്പോൾ

ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം ഈ പ്രദേശത്തെ അതീവ പ്രാധാന്യമുള്ള ഒരു സംരക്ഷിത പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ ഖനന പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്. ഈ കണ്ടെത്തൽ ഒമാന്റെ വിനോദസഞ്ചാര മേഖലക്ക്, പ്രത്യേകിച്ച് പൈതൃക ടൂറിസത്തിന് പുതിയൊരു ഉണർവ് നൽകും. ഈജിപ്തിലെ പിരമിഡുകളെപ്പോലെ, ബാബിലോണിയയിലെ നാഗരികതകളെപ്പോലെ, ഇനി ലോകചരിത്ര പുസ്തകങ്ങളിൽ ഒമാന്റെ ‘ഖൗർ ഖർഫൂത് സിഗ്ഗുരത്തും’ മുൻനിരയിൽ ഇടംപിടിച്ചേക്കും.

‘സ്റ്റെപ്പ് പിരമിഡ്’ പുരാവസ്തു ഗവേഷകർ കണ്ടെത്തിയപ്പോൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CulturedhofarHeritageArchaeologyOman
News Summary - Step pyramid discovered in Oman
Next Story