ബുറൈമിയിൽ സ്റ്റെപ്പ് ഈഗിളിനെ കണ്ടെത്തി
text_fieldsബുറൈമി ഗവർണറേറ്റിൽ പരിസ്ഥിതി അതോറിറ്റിയുടെ നിരീക്ഷണപദ്ധതിക്കിടെ കണ്ടെത്തിയ സ്റ്റെപ്പ് ഈഗിളിന്റെ ചിത്രങ്ങൾ
ബുറൈമി: ബുറൈമിയിൽ സ്റ്റെപ്പ് ഈഗിളിനെ കണ്ടെത്തിയതായി പരിസ്ഥിതി അതോറിറ്റി റിപ്പോർട്ട്ചെയ്തു. ശീതകാലത്ത് ഒമാനിൽ പ്രത്യക്ഷപ്പെടുന്ന അപൂർവ കുടിയേറ്റപക്ഷികളിലൊന്നാണ് െസ്റ്റപ്പ് ഈഗിൾ. മലയാളത്തിൽ ഇതിനെ കായൽപരുന്ത് എന്ന് വിശേഷിപ്പിക്കാറുണ്ട്. ആഗോളമായി വംശനാശഭീഷണി നേരിടുന്ന സ്പീഷീസുകളിൽ ഉൾപ്പെടുന്ന ഈ പക്ഷി ഇരുണ്ട തവിട്ടുനിറമുള്ള വിശാലമായ ചിറകുകളും ദീർഘദൂരം പറക്കാനുള്ള കഴിവും കൊണ്ട് പ്രശസ്തമാണ്.
ബുറൈമിയലെ വൈവിധ്യമാർന്ന പ്രദേശങ്ങളിലുടനീളം നടപ്പാക്കുന്ന നിരീക്ഷണപരിപാടികളുടെ ഭാഗമായി നടന്ന സർവേയിലാണ് പക്ഷിയെ കണ്ടെത്തിയത്. ജീവവൈവിധ്യം പരിരക്ഷിക്കാനും അപൂർവ കുടിയേറ്റയിനങ്ങളെ രേഖപ്പെടുത്തുകയുമാണ് പരിസ്ഥിതി അതോറിറ്റിയുടെ നിരീക്ഷണപദ്ധതിയുടെ ലക്ഷ്യം. വന്യജീവി നിരീക്ഷണത്തിന് പരിസ്ഥിതി അതോറിറ്റി വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് ഗവർണറേറ്റിൽ ജൈവവൈവിധ്യ നിരീക്ഷണ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അൽ ബുറൈമി ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് ഡയറക്ടർ എഞ്ചിനീയർ സാലിം അൽ മാസ്കരി പറഞ്ഞു.
െസ്റ്റപ്പ് സ്റ്റപ്പ് ഈഗിൾ പോലുള്ള അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സ്പീഷീസുകളുടെ രേഖപ്പെടുത്തൽ, രാജ്യത്തെ വന്യജീവി ഡാറ്റാബേസ് സമ്പുഷ്ടമാക്കുന്നതിനും ഒമാനിലെ ജീവവൈവിധ്യം സംരക്ഷിക്കുന്നതിലേക്കുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. െസ്റ്റപ്പ് ഈഗിളിന്റെ സാന്നിധ്യം ഗവർണറേറ്റിലെ പരിസ്ഥിതി സംവിധാനം ആരോഗ്യകരമാണെന്നതിനുള്ള പ്രധാന സൂചകമാണെന്ന് പരിസ്ഥിതി അതോറിറ്റിയുടെ അൽ ബുറൈമി ഓഫിസിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അൽ ബലൂഷി പറഞ്ഞു. തുറന്ന മരുഭൂമികളെയും അവിടെയുള്ള സ്വാഭാവിക ഇരകളെയും ആശ്രയിക്കുന്ന പക്ഷിയാണ് െസ്റ്റപ്പ് ഈഗിൾ. ഈ പക്ഷി ഗവർണറേറ്റിലെ തുറന്ന മരുഭൂമി പ്രദേശങ്ങളിൽ തന്നെ സ്വാഭാവിക ആവാസവ്യവസ്ഥ കണ്ടെത്തിയിട്ടുണ്ട് എന്നതിനുള്ള തെളിവുകൂടിയാണ് ഈ കണ്ടെത്തൽ. കുടിയേറ്റപ്പക്ഷികളുടെ നിരീക്ഷണത്തിനും സംരക്ഷണത്തിനുമുള്ള തുടർച്ചയായ ശ്രമങ്ങൾ ഫലം കണ്ടുവരികയണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യയും കിഴക്കൻ യൂറോപ്പും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഈ പക്ഷികൾ ശീതകാലത്ത് മിഡിൽ ഈസ്റ്റിലെ ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിലാണ് കഴിയുന്നത്.ഏകദേശം 65-80 സെന്റിമീറ്റർ നീളവും രണ്ട് മീറ്ററിൽ കൂടുതൽ ചിറകുവിസ്താരവുമാണ് ഇവക്കുള്ളത്. വലിയ എലികൾ, ചെറിയ പക്ഷികൾ മുതലായവയാണ് ഇവയുടെ പ്രധാന ആഹാരം. സ്വാഭാവിക ആവാസവ്യവസ്ഥയുടെ നഷ്ടം, സ്വാഭാവിക ഭക്ഷണത്തിന്റെ ലഭ്യതക്കുറവ് എന്നിവയാണ് ഈ പക്ഷിവർഗം നേരിടുന്ന പ്രധാന ഭീഷണികൾ. ഇവയുടെ ശാസ്ത്രീയ നാമം അക്വില നിപലൻസിസ് എന്നാണ്. കൊക്കിന്റെ കട ഭാഗം കണ്ണിനും പുറകിലേക്ക് നീണ്ടിരിക്കുമെന്നതും ദീർഘ വൃത്താകൃതിയുള്ള നാസാദ്വാരങ്ങളും ഇവയുടെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

