മസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ മുലദ്ദയിൽ വിദ്യാർഥികളുടെ നൈസർഗിക വാസന, ക്രിയാത്മകത, നിർമാണ വൈദഗ്ധ്യം, പ്രവൃത്തി പരിചയം തുടങ്ങിയവ പരിപോഷിപ്പിക്കൽ ലക്ഷ്യമിട്ട് ‘സൃഷ്ടി-2019’ എന്ന ശീർഷകത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പി. കണ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് സിദ്ദിഖ് ഹസന്, പ്രിന്‍സിപ്പൽ എസ്.ഐ.ഷരീഫ്, ട്രഷറര്‍ ഹുസൈന് സി.കെ, ദിലീപ് കുമാര്‍ ജി, സെയ്ദ് മുഹമ്മദ് ഷവലുദ്ദീന്, എസ്.എം.സി അംഗം ഡോ. അങ്കൂര്‍ ഗോയൽ, ജയ്ലാൽ വി.സി, ഷീജ അബ്ദുള്‍ ജലീൽ, നിയാസ് അഹമ്മദ് എന്നിവർ സംസാരിച്ചു.
ഗ്ലിറ്ററിങ് ഗാലക്സി എന്ന പേരിൽ കിൻറര്‍ഗാര്‍ട്ടന്‍ വിഭാഗം ചിത്രരചന, കളറിങ്, കൊളാഷുകള്‍, മൃഗങ്ങളുടെയും പക്ഷികളുടെയും ഉത്സവങ്ങളുടെയും മോഡലുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു.
സന്‍സ്കൃതി എന്നപേരിൽ ചരിത്രവിഭാഗം ചാര്‍ട്ടുകളിലൂടെയും മോഡലുകളിലൂടെയും ചരിത്രത്തിലെ വിവിധ ഏടുകള്‍ വരച്ചുകാട്ടി. വിവിധ സംസ്ഥാനങ്ങളിലെ ഉത്സവങ്ങള്‍ പ്രദര്‍ശിപ്പിച്ച് നാനാത്വത്തിൽ ഏകത്വം കാഴ്ചക്കാരിലേക്കെത്തിച്ചു. മനുഷ്യരുടെ പ്രകൃതിചൂഷണം പ്രകൃതിദുരന്തത്തിന് കാരണമാകുന്നതിനെയും ദൃശ്യവത്കരിച്ചു. ടെക് ഫെസ്റ്റ് എന്നപേരിൽ ശാസ്ത്ര വിഭാഗം ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചു. മലയാള വിഭാഗം കേരളത്തിലെ പരമ്പരാഗത വസ്തുക്കള്‍, വൈവിധ്യമാര്‍ന്ന കേരള ഭക്ഷണവിഭവങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. അതിനുപുറെമ ചാര്‍ട്ടുകളിലൂടെയും മോഡലുകളിലൂടെയും മലയാളസാഹിത്യ ചരിത്രത്തിലെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിച്ചു.
തിരുവാതിര, ഒപ്പന, ദഫ്മുട്ട് എന്നീ കലാപരിപാടികളും വിദ്യാർഥികള്‍ അവതരിപ്പിച്ചു. പ്രവാസികളിൽ ഗൃഹാതുരത്വമുണര്‍ത്തുന്ന കേരളക്കാഴ്ചകള്‍ നൽകി സമീക്ഷ കാണികളിൽ നവ്യാനുഭൂതി പകര്‍ന്നു. വിബ്ജിയോര്‍ ആര്‍ട്ട് എക്സ്പ്പോയിൽ വിദ്യാർഥികളുടെ ചിത്രരചനസൃഷ്ടികള്, കരകൗശല വസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. േകാമേഴ്സ്, അറബിക്, കമ്പ്യൂട്ടര്‍ സയന്‍സ്, എജ്യുക്കേഷന്‍, മ്യൂസിക്, ഗണിതശാസ്ത്ര ഹിന്ദി വിഭാഗങ്ങളും വ്യത്യസ്ത മോഡലുകളും വൈവിധ്യമാർന്ന പ്രദർശനങ്ങളുമൊരുക്കി മേളയിൽ ശ്രദ്ധ നേടി.