ശ്രീനാരായണഗുരു ജയന്തിയും ഓണാഘോഷവും
text_fieldsഗുരു ധർമ പ്രചാരണ സഭയുടെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണഗുരുജയന്തിയും ഓണാഘോഷവും
മസ്കത്ത്: ഒമാനിലെ ഗുരുധർമ പ്രചാരണസഭയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തിയും ഓണാഘോഷവും സംഘടിപ്പിച്ചു. വിവിധ കലാസാംസ്കാരിക പരിപാടികളോടെയായിരുന്നു ആഘോഷം. ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
യൂനിയൻ പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ദിലീപ് കുമാർ സംസാരിച്ചു. ശിവഗിരി മഠത്തിലെ സ്വാമി അസംഗാനന്ദഗിരി ഓൺലൈനിലൂടെ ഗുരുജയന്തി സന്ദേശവും എല്ലാ പ്രവാസി മലയാളികൾക്കും ഓണാശംസകളും അറിയിച്ചു.
മാവേലി മന്നനും തെയ്യം, കഥകളി, കാള തുടങ്ങിയ നാടൻ കലാരൂപങ്ങളും താലപ്പൊലിയും പുലികളിയും ചെണ്ടമേളവും ഉൾപ്പെടെ വൻ ഘോഷയാത്രയോടെയാണ് ഇന്ത്യൻ അംബാസഡറെ ഗുരുധർമ പ്രചാരണ സഭ ഭാരവാഹികൾ സ്വീകരിച്ചത്.
ശ്രീനാരായണഗുരുവിന് മുന്നിൽ ദീപാർപ്പണവും ദൈവദശക ആലാപനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. നാടൻ കലാപരിപാടികൾ, തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, വേസ്റ്റേൺ ഡാൻസ്, ശ്രീനാരായണഗുരുവിന്റെ കൃതികളായ ദൈവദശകത്തിൽ ക്ലാസിക്കൽ ഡാൻസ്, കുണ്ഡലിനിപ്പാട്ടിന്റെ ചിന്ത് രൂപത്തിലുള്ള ആലാപനവും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
അൽ ഹൈലിൽ തുടങ്ങിയ പുതിയ യൂനിറ്റ് ശാഖയുടെ ശിവഗിരി മഠത്തിൽനിന്ന് ലഭിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേദിയിൽ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് യൂനിറ്റ് ഭാരവാഹികൾക്ക് കൈമാറി.
‘മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്’ എന്ന ഗുരുസന്ദേശത്തെ ആസ്പദമാക്കി ഗോകുൽ ദാസ് സംവിധാനം നിർവഹിച്ച ഒരു മണിക്കൂർ നീണ്ട ഡോക്യുമെന്ററി ഡ്രാമ പ്രോഗ്രാമിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ഗുരുധർമ പ്രചാരണ സഭയുടെ യൂനിയൻ സെക്രട്ടറി സിജുമോൻ സുകുമാരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബിജു സഹദേവൻ നന്ദിയും പറഞ്ഞു.
ഓണാഘോഷത്തിന് കുടുംബവുമായി എത്തിച്ചേർന്ന ഇന്ത്യൻ അംബാസഡർ ഓണസദ്യയിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. ഗുരുധർമ പ്രചാരണ സഭ രക്ഷാധികാരി ദിലീപ് കുമാർ, യൂനിയൻ പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദ്, ജനറൽ സെക്രട്ടറി സിജുമോൻ സുകുമാരൻ, ട്രഷറർ സുരേഷ് തേറമ്പിൽ, വൈസ് പ്രസിഡന്റ് ബിജു സഹദേവൻ, ജോയിൻ സെക്രട്ടറി സന്തോഷ് ചന്ദ്രൻ, കൗൺസിലർമാരായ എം. എൻ പ്രസാദ്, ശ്രീ ഷിബു മോഹൻ, പ്രകാശ്, കെ. വി. മധു, കോഓഡിനേറ്റർമാരായ റെജി കളത്തിൽ, അനിൽ കുമാർ, എക്സിക്യൂട്ടീവ്സ് അനിൽകുമാർ, എം.എസ്. പ്രസാദ്, ബാബു തെറമ്പിൽ, ഗിരീഷ് ബാബു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

