വാണിജ്യാടിസ്ഥാനത്തിൽ സ്പിറുലിന ആൽഗ ഉൽപാദിപ്പിച്ച് എസ്.ക്യു.യു
text_fieldsമസ്കത്ത്: വാണിജ്യാടിസ്ഥാനത്തിൽ സ്പിറുലിന ആൽഗ ഉൽപാദിപ്പിച്ച് ശാസ്ത്രീയ നേട്ടവുമായി സുൽത്താൻ ഖാബൂസ് സർവകലാശാല (എസ്.ക്യു.യു). വിജ്ഞാനാധിഷ്ഠിതവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്ന ഗവേഷണ-നവീകരണ പ്രവർത്തനങ്ങളുടെ വളർച്ചയുടെ ഭാഗമായാണ് സർവകലാശാലയുടെ ഈ നേട്ടം.
ഉയർന്ന പോഷക മൂല്യമുള്ളതിനാൽ ലോകത്ത് വ്യാപകമായി കൃഷി ചെയ്യുന്ന മൈക്രോ ആൽഗകളിലൊന്നാണ് സ്പിറുലിന. ഇതിൽ 60 മുതൽ 65 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മനുഷ്യർക്കും മൃഗങ്ങൾക്കും പ്രധാന പോഷകപൂരകമായ സ്പിറുലിനയുടെ വൻതോതിലുള്ള ഉൽപാദനം അക്വാകൾചർ, മൃഗസംരക്ഷണ മേഖലകളുടെ വളർച്ചക്ക് സഹായകമാവും.
പ്രാദേശിക പരിസ്ഥിതി സാഹചര്യങ്ങളോട് എളുപ്പം ഇണങ്ങാനും സമുദ്രജലത്തിന്റെ ഉപ്പുവെള്ളത്തിൽ പോലും വളരാനും സ്പിറുലിനക്ക് കഴിവുണ്ട്. ഇതിലൂടെ പരമ്പരാഗത കൃഷിക്ക് അനുയോജ്യമല്ലാത്ത അറേബ്യൻ കടലിനോട് ചേർന്ന പ്രദേശങ്ങളിലെ ഭൂമിയും സമുദ്രജലവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകൾ തുറക്കപ്പെടുകയാണ്.
കൃഷി-മത്സ്യബന്ധന-ജല വിഭവ മന്ത്രാലയത്തോടൊപ്പം സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഗവേഷക സംഘമാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. കൃഷി-മത്സ്യബന്ധന വികസന ഫണ്ടിന്റെ (എ.എഫ്.ഡി.എഫ്) 80,000 ഒമാനി റിയാലിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക്,എസ്.ക്യു.യു കാർഷിക പരീക്ഷണ സ്റ്റേഷനിലെ ആൽഗ യൂനിറ്റ് സൂപ്പർവൈസർ ഡോ. ഹാഫിസ് അലി അൽ മഹ്റൂഖിയാണ് നേതൃത്വംനൽകുന്നത്. ഒമാനിലെ കാലാവസ്ഥക്ക് കൂടുതൽ അനുയോജ്യവും ഉയർന്ന ഉൽപാദന ശേഷിയുള്ളതുമായ സ്പിറുലിന ആൽഗ ഇനങ്ങളെ രാജ്യത്തേക്ക് കൊണ്ടുവന്ന് വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഈ ഇനങ്ങളുടെ പോഷക മൂല്യം, ഫലപ്രദമായ ഉൽപാദന സാധ്യതകൾ എന്നിവ ശാസ്ത്രീയമായി വിലയിരുത്തിവരികയാണ്. ഇതിന്റെ ഭാഗമായി സ്പിറുലിന ചേർത്ത മൃഗ-മത്സ്യ തീറ്റകൾ തയാറാക്കി ശാസ്ത്രീയ മാനദണ്ഡങ്ങൾ പ്രകാരം പരീക്ഷണങ്ങളും നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

