‘സ്പിന്നർ’, കളിപ്പാട്ട വിപണിയിലെ പുതുതാരം
text_fieldsമത്ര: ബാല്യ-കൗമാരക്കാര്‍ക്ക് പുതുതായി കളിക്കൂട്ടിന് എത്തിയ സ്പിന്നര്‍ കളിപ്പാട്ട വിപണിയിലെ താരമാകുന്നു. സ്പിന്നര്‍ അന്വേഷിച്ച് മാര്‍ക്കറ്റിലെത്തുന്നവരില്‍ ചെറിയ കുട്ടികളെന്നോ വിദ്യാർഥികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ല. ചുരുങ്ങിയ വിലക്ക് സ്വന്തമാക്കാവുന്ന ഇൗ കളിക്കോപ്പ് വിരലുകളില്‍നിന്ന് വിരലുകളിലേക്ക് ചാടിച്ച് അമ്മാനമാടിയാണ് കളിക്കുക.
ചെറിയ പരിശീലനം മാത്രം ഇതിന് മതി. മെറ്റലിലും പ്ലാസ്റ്റിക്കിലും നിര്‍മിച്ചവയാണ് വിപണിയിലുള്ളത്. 500 ബൈസ മുതല്‍ എട്ടു റിയാല്‍ വരെയാണ് ഒന്നിന് വിലവരുന്നത്. വിവിധ വര്ണങ്ങളിലുള്ളവയും കറങ്ങുമ്പോള്‍ കളര്‍ ലൈറ്റ് പ്രകാശിക്കുന്നവയുമുണ്ട്. ഡിമാൻഡ് കൂടിയതോടെ കൂടുതല്‍ കളറുകളിലും ബ്രാൻറ് പേരുകളിലും സ്പിന്നര്‍ വിപണിയിൽ എത്തുന്നുണ്ട്. ഫുട്ബാൾ പ്രേമികൾക്കായി ഫെറാറി, ബാഴ്സലോണ, റയല്‍ ജേഴ്സി വർണങ്ങളിലും ഇത് ലഭ്യമാണ്. സൂക്ഷ്മതയും ബുദ്ധിയുമുണ്ടാകുമെന്ന പ്രചാരണം ഉണ്ടായതിനാലാണ് ആവശ്യക്കാര്‍ വര്‍ധിച്ചതെന്ന് കച്ചവടക്കാർ പറയുന്നു.
യൂട്യൂബിലും മറ്റുമുള്ള പരസ്യങ്ങള്‍ കണ്ട് ആവശ്യക്കാര്‍ കടകളില്‍ വന്ന് സ്പിന്നർ അന്വേഷിക്കുമ്പോള്‍ കേട്ടറിവില്ലാത്തതിനാല് അവഗണിക്കാറായിരുന്നു പതിവെന്ന് മത്ര സൂഖിലെ വ്യാപാരി സുഹൈല്‍ പറഞ്ഞു. ആവശ്യക്കാർ ഏറിയപ്പോഴാണ് പല കച്ചവടക്കാരും ഇതിനെ കുറിച്ച് അന്വേഷിച്ചതും വരുത്തി വിൽപന ആരംഭിച്ചതും. ഏതായാലും സ്പിന്നര്‍ വഴി നല്ല കച്ചവടമാണിപ്പോള്‍ തരപ്പെടുന്നതെന്ന് മൊത്ത, ചില്ലറ വ്യാപാരികൾ സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
