ദുബൈ പൊലീസ് പ്രവർത്തനമറിയാൻ സ്പെയിൻ സർവകലാശാല വിദ്യാർഥികൾ
text_fieldsസ്പെയിനിലെ നവാറ സർവകലാശാല വിദ്യാർഥികൾ ദുബൈ പൊലീസിന്റെ പ്രവർത്തനങ്ങൾ
ചോദിച്ചറിയുന്നു
ദുബൈ: ലോകത്തെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിലൊന്നായ സ്പെയിനിലെ നവാറ സർവകലാശാല വിദ്യാർഥികൾ ദുബൈ പൊലീസിന്റെ പ്രവർത്തനം പഠിക്കാനെത്തി. പൊലീസ് ജനങ്ങൾക്ക് ലഭ്യമാക്കുന്ന വിവിധ സേവനങ്ങളും പ്രവർത്തന രീതിയും അറിയാനും പഠിക്കാനുമാണ് വിദ്യാർഥികളുടെ സന്ദർശനം. ദുബൈ പൊലീസ് ജനറൽ കമാൻഡിൽ എത്തിയ വിദ്യാർഥികളെ പ്രഫ. മേജർ ജനറൽ ഗൈഥ് ഗാനിം അൽ സുവൈദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രഫ. മോറിസ് ലാസ് ഹിറയുടെ നേതൃത്വത്തിൽ 32 രാജ്യങ്ങളിൽ നിന്നുള്ള 44 ബിരുദാനന്തര വിദ്യാർഥികളാണ് പഠനത്തിനെത്തിയത്.
ദുബൈ പൊലീസിന്റെ പ്രവർത്തന രീതികൾ സംബന്ധിച്ചും എമിറേറ്റിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സജ്ജീകരിച്ച ഏറ്റവും പുതിയ സേവനങ്ങളെ കുറിച്ചും വിദ്യാർഥികൾക്ക് അധികൃതർ പരിചയപ്പെടുത്തി. ദുബൈ നഗരത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ത്രീഡി മാപ്പ്, അടിയന്തര വിളികളെ കുറിച്ച വിവരങ്ങൾ പട്രോളിങ് സംവിധാനവുമായി ബന്ധപ്പെടുത്തുന്ന സംവിധാനം എന്നിവയടക്കം വീക്ഷിച്ചു. വകുപ്പിലെ ശാസ്ത്ര കൗൺസിൽ, സ്റ്റുഡന്റ്സ് കൗൺസിൽ, ഇന്നവേഷൻ കൗൺസിൽ, വനിത പൊലീസ് കൗൺസിൽ, ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി കൗൺസിൽ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡയറക്ടർമാരുമായും കൂടിക്കാഴ്ച നടന്നു.
പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സ്മാർട് പൊലീസ് സ്റ്റേഷനും വിദ്യാർഥി സംഘം സന്ദർശിച്ചു. ഏഴു ഭാഷകളിലായി 24മണിക്കൂറും ഇവിടെ സജ്ജീകരിച്ചിട്ടുള്ള സേവനങ്ങൾ ഇവർ മനസ്സിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

