സഞ്ചാരികളുടെ മനംകവർന്ന് തെക്കൻ ബാത്തിന
text_fieldsതെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്നുള്ള കാഴ്ച
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം 56,203 സന്ദർശകരാണ് ഗവർണറേറ്റിലെ വിനോദസഞ്ചാര, ചരിത്ര സ്മാരകങ്ങളലെത്തിയത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 15.8 ശതമാനത്തിന്റെ വർധനവുണ്ടായി. 2023ൽ 48,493 സന്ദർശകരായിരുന്നു ഉണ്ടായിരുന്നത്.
നവംബറിൽ ആണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് -10,962 പേർ. മൊത്തം വാർഷിക സന്ദർശകരുടെ 19.5 ശതമാനമാണിത്. ഫെബ്രുവരിയിൽ 8,436 സന്ദർശകരും ജനുവരിയിൽ 7,839 പേരും എത്തി.
വാദി മിസ്തലിലെ പ്രധാന ആകർഷണമായ വകാൻ ഗ്രാമത്തിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ 4.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷ 36,759 ആളുകളാണ് വകാനിന്റെ ഭംഗി ആസ്വദിക്കാൻ എത്തിയത്. 2025-ൽ 35,302 സന്ദർശകർ ആയിരുന്നു ഉണ്ടായിരുന്നത്.
ഫെബ്രുവരി മാസമായിരുന്നു ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത്. ഗ്രാമത്തിലെ പ്രശസ്തമായ ആപ്രിക്കോട്ട് പുഷ്പ സീസണിനോട് അനുബന്ധിച്ച് 6,499 സന്ദർശകരാണ് എത്തിയത്. സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധനവ് ഗവർണറേറ്റിലെ വിനോദസഞ്ചാര സൗകര്യങ്ങളുടെ വികാസത്തിന് ആക്കം കൂട്ടി. 2024 അവസാനത്തോടെ, തെക്കൻ ബാത്തിനയിൽ റിസോർട്ടുകൾ, ഹോട്ടലുകൾ, ഗസ്റ്റ്ഹൗസുകൾ, ഹെറിറ്റേജ് ലോഡ്ജുകൾ എന്നിവയുൾപ്പെടെ 162 ലൈസൻസുള്ള സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. ഇതിൽ 57.5 ശതമാനം ഗസ്റ്റ്ഹൗസുകളാണ് (95 എണ്ണം), 42 ഗ്രീൻ ലോഡ്ജുകളും 11 ഹോട്ടലുകളുമാണ് ബാക്കി വരുന്നത്.
കോട്ടകൾ, പഴയ പള്ളികൾ, പുരാതന അയൽപക്കങ്ങൾ എന്നിവയുൾപ്പെടെ 495 രജിസ്റ്റർ ചെയ്ത പുരാവസ്തു, ചരിത്ര സ്ഥലങ്ങൾ ഗവർണറേറ്റിലുണ്ട്. ചരിത്ര സ്ഥലങ്ങളിൽ റുസ്താഖ് മുന്നിലാണ്, 250 ലാൻഡ്മാർക്കുകൾ (മൊത്തം 50.5 ശതമാനം). തൊട്ടുപിന്നിൽ നഖൽ (92 സ്ഥലങ്ങൾ), അൽ അവാബി (62 സ്ഥലങ്ങൾ) എന്നിവയാണുള്ളത്. കോട്ടകൾ ഗോപുരങ്ങൾ, പള്ളികൾ എന്നിവയുൾപ്പെടെ ആകെ 47 ചരിത്ര സ്ഥലങ്ങളും പുനഃസ്ഥാപിച്ചു.
സവാദി ബീച്ചിലെ ദ്വീപ് വിനോദയാത്രകൾ, ദൈമാനിയത്ത് ദ്വീപുകളിലെ ഡൈവിങ് എന്നിവ മുതൽ വാദി ബാനി ഔഫ്, ബലദ് സെയ്ത്, വകാൻ എന്നിവിടങ്ങളിലെ സാഹസിക പാതകൾ വരെയുള്ള വൈവിധ്യമാർന്ന ടൂറിസം സാധ്യതകളാണ് ഗവർണറേറ്റിലുള്ളതെന്ന് തെക്കൻ ബാത്തിയിലെ പൈതൃക-ടൂറിസം ഡയറക്ടർ ഡോ. അൽ മൊഅതസെം അൽ ഹിലാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

