സൂർ: സൂർ ഇന്ത്യൻ സ്കൂൾ 31ാമത് അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. വർണാഭമായ ചടങ്ങിൽ സൂർ ശർഖിയ ഗവർണർ സുൽത്താൻ ബിൻ മൻസൂർ ബിൻ നാസർ അൽ ഗസ്സേലി മീറ്റ് ഉദ്ഘാടനം ചെയ്തു. ഒമാൻ പ്രതിരോധ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഗിലാനി, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കായികപ്രതിഭകളും വിദ്യാർഥികളും അണിനിരന്ന മനോഹരമായ മാർച്ച് പാസ്റ്റ് നടന്നു. വിദ്യാർഥികൾ പങ്കെടുത്ത യോഗ, മാസ് ഡ്രിൽ, വിവിധ കായിക സാഹസിക പരിപാടികൾ എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
വിവിധ ഗ്രൂപ്പുകളിലായി വിദ്യാർഥികൾ വാശിയോടെ പങ്കെടുത്ത കായികമത്സരങ്ങൾ അരങ്ങേറി. അത്ലറ്റിക് മീറ്റിൽ മികവാർന്ന പ്രകടനത്തോടെ റെഡ് ഹൗസ് ചാമ്പ്യന്മാരായി. ബ്ലൂ ഹൗസിനാണ് രണ്ടാം സ്ഥാനം. അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഗിലാനി ജേതാക്കൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെൽത്ത് ആൻഡ് ഫിറ്റ്നസ് പ്രോഗ്രാമിൽ വിജയികളായ രക്ഷിതാക്കൾക്കും സമ്മാനദാനം നടത്തി. പ്രിൻസിപ്പൽ ഡോ. ശ്രീനിവാസൻ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ സുനീഷ് എന്നിവർ സംസാരിച്ചു.