ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് കനത്ത മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച രാത്രി 10വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ബുറൈമി, ദാഹിറ, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, വടക്കൻ-തെക്കൻ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക.
ഈ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ 20-45 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊടി ഉയരുന്നതിനാൽ ദൃശ്യപരതയെയും ബാധിച്ചേക്കും. താഴ്ന്ന സ്ഥലങ്ങൾ, വാദികൾ എന്നിവിടങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർഥിച്ചു.
കുട്ടികളെ നിരീക്ഷിക്കണമെന്നും സുരക്ഷ മുൻനിർത്തി അവരെ ഒരിക്കലും വാദികൾ മുറിച്ച് കടക്കാൻ അനുവദിക്കരുതെന്നും നിർദേശിച്ചു.