ഭാരത സർക്കാറിന്റെ ചില സമ്പാദ്യ പദ്ധതികൾ
text_fieldsഅഡ്വ. ആർ. മധുസൂദനൻ
ഇത്തവണ ഭാരത സർക്കാറിന്റെ പ്രധാനപ്പെട്ട മൂന്ന് സമ്പാദ്യ പദ്ധതികളെ കുറിച്ചു പറയാം. ഇതിൽ ഒരു പ്രശ്നമുണ്ട്. അത് ഈ ലേഖനത്തിന്റെ അവസാനം പറഞ്ഞിട്ടുണ്ട് . ഇനി പറയുന്ന പദ്ധതികൾ വളരെ പ്രയോജനമുള്ളതും അതുപോലെ ദീർഘകാല സമ്പാദ്യ പദ്ധതികളുമാണ്.
1.പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
സാധാരണ നിലക്ക് പറഞ്ഞാൽ ഇതൊരു 15 വർഷത്തേക്കുള്ള സമ്പാദ്യ പദ്ധതി ആണ്. എല്ലാ അംഗീതകൃത ബാങ്കുകളിലും അതുപോലെ തന്നെ പോസ്റ്റ് ഓഫിസുകളിലും ഈ അക്കൗണ്ട് തുടങ്ങാം. നിലവിൽ മറ്റു പ്രൊവിഡന്റ് ഫണ്ടുകളിൽ അംഗമായവർക്കും ചേരാം. പ്രായപൂർത്തിയാകാത്തവർക്കു (minor) അവരുടെ രക്ഷിതാവിന്റെ പേരിൽ തുടങ്ങാം. ഒരു വർഷ ഈ അക്കൗണ്ടിൽ അടക്കാൻ പറ്റുന്ന തുക പരമാവധി 1,50,000/- ആയി നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 7.10 ശതമാനമാണ് ആദായം. ഒരുതവണയായോ പല തവണകളായോ മേൽപറഞ്ഞ തുക അടയ്ക്കാം. പക്ഷെ അടയ്ക്കുന്ന മാസം അഞ്ചാം തീയതിക്ക് മുന്നേ അടച്ചില്ല എങ്കിൽ നൽകുന്ന തുകയ്ക്ക് ആ മാസത്തെ വരുമാനം കിട്ടില്ല. സർക്കാർ കലാകാലങ്ങളിൽ ഇതിന്റെ പലിശ നിരക്കുകൾ പരിഷ്കരിക്കും. എല്ലാ വർഷവും മാർച്ച് മാസം 31ന് ആ വർഷത്തെ ആദായം അക്കൗണ്ടിൽ വരവ് വെക്കും. മറ്റു നിക്ഷേപങ്ങളെപ്പോലെ ഇതിൽ കിട്ടുന്ന വരുമാനത്തിന് ആദായ നികുതി കൊടുക്കേണ്ടതില്ല എന്നത് ഈ പദ്ധതിയുടെ ഒരു ആകർഷണമാണ്. പഴയ നിയമത്തിൽ ഇതിൽ അടക്കുന്ന തുക പരമാവധി 1,50,000വരെയാണ്. 80 സി.യിൽ ആദായനികുതി വരുമാനത്തിൽനിന്നും ഇളവും കിട്ടിയിരുന്നു.
നിബന്ധനകൾക്ക് വിധേയമായി വായ്പ സൗകര്യം, ഭാഗികമായുള്ള പിൻവലിക്കൽ എന്നിവ അനുവദനീയമാണ്. ഒരു ബാങ്കിൽ നിന്നും മറ്റു ബാങ്കിലേക്കോ പോസ്റ്റ് ഓഫിസിലേക്കോ നിങ്ങളുടെ അക്കൗണ്ട് മാറ്റാനുള്ള സൗകര്യം ഉണ്ട്.
15 വർഷത്തേക്കാണ് അക്കൗണ്ട് തുടങ്ങുന്നതെങ്കിലും, കാലാവധി തീരുമ്പോൾ വീണ്ടും ഒരു 5 വർഷത്തേക്ക് കാലാവധി നീട്ടാവുന്നതാണ് . പിന്നീട് വീണ്ടും അഞ്ചുവർഷ കാലയളവിലേയ്ക്കും നീട്ടാം.
നിലവിലെ ആദായം അനുസരിച്ചു (7.10%) കൃത്യമായി വർഷത്തിന്റെ ആദ്യം (ഏപ്രിൽ) 1,50,000 രൂപവെച്ച് അടയ്ക്കുന്നവർക്കു കാലാവധി എത്തുമ്പോൾ 40,68,209 രൂപയും 20 വർഷമാണെങ്കിൽ 66,58,288 രൂപയും 25 വർഷകാലവധി എത്തുമ്പോൾ 1,03,08,015 രൂപയും ലഭിക്കും.
2. സീനിയർ സിറ്റിസൺ സേവിങ് സ്കീം
പേര് സൂചിപ്പിക്കുന്നതുപോലെ ഇത് പൊതുവെ 60 വയസു കഴിഞ്ഞവർക്കുള്ള സ്ഥിരവരുമാന സമ്പാദ്യ പദ്ധതിയാണ്. ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 30 ലക്ഷമായി നിജപ്പെടുത്തിയിരിക്കുന്നു . നിലവിൽ 8.2 ശതമാനം ആദായം കിട്ടുന്നു. ത്രൈമാസ കാലാവധിയിൽ ഈ വരുമാനം നിങ്ങളുടെ അക്കൗണ്ടിൽ വരും. 5 വർഷമാണ് കാലാവധി. ഇതിനു കിട്ടുന്ന വരുമാനത്തിനു ആദായ നികുതി ബാധകമാണ്. ഭാര്യയെയോ ഭർത്താവിനെയോ ചേർത്ത് ജോയിന്റ് അക്കൗണ്ട് ആയി അക്കൗണ്ട് എടുക്കാം. ഓരോ ആളുകൾക്കായും അക്കൗണ്ടുകൾ തുടങ്ങാം. കാലാകാലങ്ങളിൽ സർക്കാർ പലിശ നിരക്കുകൾ പുതുക്കും. എന്നാൽ നിങ്ങളുടെ നിരക്കിൽ വ്യതാസം ഉണ്ടാകില്ല, 30 ലക്ഷം ഒറ്റത്തവണയായോ പല തവണകളായോ നിക്ഷേപം നടത്താം. കാലാവധി എത്തുമ്പോൾ മൂന്ന് വർഷത്തേക്കുകൂടി വേണമെങ്കിൽ കാലാവധി നീട്ടാം. വളരെ കർശന ഉപാധികളോടെ കാലാവധി എത്തുന്നതിനു മുന്നേ പണം പിൻവലിക്കാനുള്ള സൗകര്യം ഉണ്ട്.
അറുപതു വയസായിട്ടില്ലാത്ത ജോലിയിൽ നിന്നും വിരമിക്കുന്നവർക്കുകിട്ടുന്ന വിരമിക്കൽ ആനുകൂല്യം ഈ പദ്ധതിയിൽ നിക്ഷേപിക്കാം. വിരമിക്കൽ ആനുകൂല്യം കിട്ടി ഒരുമാസത്തിനകം , രേഖകൾ സഹിതം അക്കൗണ്ട് ഓപ്പൺ ചെയ്യാം.
3.സുകന്യ സമൃദ്ധി സ്കീം
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, വിവാഹത്തിനും വേണ്ടിയുള്ള ഒരു ദീർഘകാല സമ്പാദ്യ പദ്ധതിയാണിത്. പെൺകുട്ടി 10 വയസു തികയുന്നതിനു മുന്നേ രക്ഷിതാവിന്റെ പേരിൽ അക്കൗണ്ട് തുടങ്ങണം. പരമാവധി ഒരു വർഷം അടക്കാൻ കഴിയുന്നത് 1,50,000 രൂപ ആണ്. രണ്ടു പെൺകുട്ടികൾക്ക് വരെ ഒരു കുടുംബത്തിൽ ഈ പദ്ധതിയിൽ ചേരാം. നിലവിൽ 8.2 ശതമാനം ആണ് വരുമാനം. അക്കൗണ്ട് തുടങ്ങി കുട്ടിക്ക് 21 വയസാകുമ്പോൾ സമ്പാദ്യത്തിന്റെ കാലാവധി അവസാനിക്കുന്നു. 10 ക്ലാസ് പഠനം മുതൽ ചിലവിലേക്കു ഇതിൽനിന്നും തുക നിബന്ധനകൾക്ക് വിധേയമായി പിൻവലിക്കാം. കുട്ടിയ്ക്ക് 18 വയസുകഴിയുമ്പോൾ വിവാഹം ആയാൽ അക്കൗണ്ടിൽ നിൽക്കുന്ന തുക പൂർണമായും പിൻവലിക്കാം. ആദായ നികുതി 80സി പ്രകാരമുള്ള ആനുകൂല്യം കിട്ടും. നിക്ഷേപത്തിന്റെ വരുമാനത്തിനും നികുതി ഇല്ല.
ചുരുക്കത്തിൽ മേൽപറഞ്ഞ മൂന്ന് പദ്ധതികളും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദീർഘകാല ചെറു സമ്പാദ്യ പദ്ധതികളാണ് . എന്നാൽ നിലവിലെ നിയമം അനുസരിച്ചു പ്രവാസികൾക്ക് ഈ പദ്ധതികളിൽ ചേരാൻ കഴിയില്ല. എന്നാൽ നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങൾക്കു ഈ പദ്ധതികളിൽ അംഗമാകുന്നതിനു തടസ്സങ്ങളില്ല. അവരവരുടെ കഴിവിനനുസ്സരിച്ചും ആവശ്യം അനുസരിച്ചും ഇത്തരം പദ്ധതികൾ തിരഞ്ഞെടുക്കാം. ഇങ്ങനെയുള്ള സമ്പാദ്യ പദ്ധതികൾ നിലവിൽ ഉണ്ടെന്നു പലർക്കും അറിയില്ല എന്നതാണ് പരമാർഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

