സോമാലിലാൻഡ് അംഗീകാരം; ഇസ്രായേൽ നീക്കത്തിനെതിരെ അറബ്, ആഫ്രിക്കൻ, ഇസ്ലാമിക രാജ്യങ്ങൾ
text_fieldsമസ്കത്ത്: സോമാലിയയുടെ ഭാഗമായ സോമാലിലാൻഡിനെ സ്വതന്ത്ര സ്റ്റേറ്റായി അംഗീകരിച്ച ഇസ്രായേൽ നീക്കത്തിനെതിരെ അറബ്, ആഫ്രിക്കൻ, ഇസ്ലാമിക രാജ്യങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രായേലിന്റെ പ്രഖ്യാപനം തള്ളിക്കളയുന്നതായി ശനിയാഴ്ച ഒമാൻ അടക്കം 21 അറബ്, ആഫ്രിക്കൻ, ഇസ്ലാമിക രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഈജിപ്ത് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന പുറത്തുവിട്ടത്.
ഒമാനു പുറമെ, ഈജിപ്ത്, അൽജീരിയ, കോമറോസ്, ജിബൂട്ടി, ഗാംബിയ, ഇറാൻ, ഇറാഖ്, ജോർഡൻ, കുവൈത്ത്, ലിബിയ, മാലദ്വീപ്, നൈജീരിയ, പാകിസ്താൻ, ഫലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സോമാലിയ, സുഡാൻ, തുർക്കിയ, യെമൻ എന്നീ രാജ്യങ്ങളുടെയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്റെയും (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയെ പിന്തുണച്ചത്.
സോമാലിയ ഫെഡറൽ റിപ്പബ്ലിക്കിനകത്തുള്ള സോമാലിലാൻഡിനെ അംഗീകരിച്ച ഇസ്രായേൽ നടപടി ആഫ്രിക്കൻ മുനമ്പ് പ്രദേശത്തെയും ചെങ്കടൽ മേഖലയെയും ഗുരുതരമായി അസ്ഥിരപ്പെടുത്തുമെന്നും ഇത് പ്രാദേശികവും അന്താരാഷ്ട്രവുമായ സമാധാന -സുരക്ഷക്ക് വൻ ഭീഷണി ഉയർത്തുമെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകി.അന്താരാഷ്ട്ര നിയമത്തോടും ഐക്യരാഷ്ട്രസഭയോടുമുള്ള ഇസ്രായേലിന്റെ പൂർണമായ അവഗണനയാണ് ഈ നടപടിയിലൂടെ പ്രകടമാവുന്നതെന്ന് അവർ കുറ്റപ്പെടുത്തി. രാജ്യങ്ങളുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയും ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഇസ്രായേൽ നടപടിയെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
സോമാലിയയുടെ പരമാധികാരത്തിനും ഐക്യത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രസ്താവന, സോമാലിയയുടെ ഭൗമ അഖണ്ഡത തകർക്കുന്ന ഏതു നീക്കവും നിരാകരിക്കുമെന്നും വ്യക്തമാക്കി.
ഫലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് പുറത്താക്കാനുള്ള ഏതെങ്കിലും പദ്ധതികളുമായി ഈ നീക്കത്തെ ബന്ധിപ്പിക്കുന്നതിനെയും അറബ്, ആഫ്രിക്കൻ, ഇസ്ലാമിക രാജ്യങ്ങൾ ശക്തമായി എതിർത്തു. അത്തരമൊരു സമീപനം അംഗീകരിക്കാനാകില്ലെന്ന നിലപാട് പ്രസ്തുത രാജ്യങ്ങൾ ആവർത്തിച്ചു.
അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് മുൻപ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, നെതന്യാഹുവും വിദേശകാര്യ മന്ത്രി ഗിഡിയോൺ സാറും സോമാലിലാൻഡ് പ്രസിഡന്റും പരസ്പര അംഗീകാര പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതായി അറിയിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോൾ വ്യാപകമായ അന്താരാഷ്ട്ര വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

