അറബ് യോഗം; സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ സാമൂഹിക വശങ്ങൾ ചർച്ച ചെയ്തു
text_fieldsസാമൂഹികവികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജാറിന്റെ നേതൃത്വത്തിലുള്ള ഒമാൻ പ്രതിനിധി സംഘം ജോർഡനിലെ അമ്മാനിൽ ചേർന്ന അറബ് സാമൂഹികകാര്യ മന്ത്രിസഭ കൗൺസിലിൽ പങ്കെടുക്കുന്നു
മസ്കത്ത്: ജോർഡനിലെ അമ്മാനിൽ ചേർന്ന അറബ് സാമൂഹികകാര്യ മന്ത്രിസഭ കൗൺസിലിന്റെ 45ാമത് സ്ഥിരസമ്മേളനത്തിൽ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജാറിന്റെ നേതൃതത്തിലുള്ള ഒമാൻ പ്രതിനിധി സംഘം പങ്കെടുത്തു.
ദാരിദ്ര്യ നിർമാർജനം, ഭിന്നശേഷിക്കാരുടെ അവകാശങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവും, സമഗ്ര സാമൂഹികസംരക്ഷണം, വയോജന പരിചരണം, കുടുംബ-ശിശുക്ഷേമ വിഷയങ്ങൾ തുടങ്ങി 2030ലെ സുസ്ഥിരവികസന ലക്ഷ്യങ്ങളിലെ സാമൂഹികവശങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.
സമഗ്രവും സുസ്ഥിരവുമായ അറബ് സാമൂഹികക്ഷേമ സമ്പദ്വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള അറബ് റോഡ്മാപ്, അറബ് ഫണ്ട് ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ ഡെവലപ്മെന്റിന്റെ പങ്ക്, 2026ലെ കൗൺസിലിന്റെ പരിപാടികൾ, പദ്ധതികൾ, പ്രവർത്തനങ്ങൾ എന്നിവയുടെ കലണ്ടർ എന്നിവയും യോഗത്തിന്റെ പരിഗണന വിഷയങ്ങളിലുണ്ടായിരുന്നു. യോഗത്തോടനുബന്ധിച്ച് ‘സാമൂഹിക വികസനത്തിനായുള്ള രണ്ടാം ലോക ഉച്ചകോടിയുടെ പ്രഖ്യാപനം നടപ്പാക്കൽ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഉന്നതതല അറബ് സമ്മേളനത്തിലും ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജാർ പങ്കെടുത്തു. അഞ്ച് സെഷനുകളിലായി നടന്ന സമ്മേളനത്തിൽ, രണ്ടാം ലോക ഉച്ചകോടിയിൽനിന്ന് പുറത്തിറക്കിയ ദോഹ പ്രഖ്യാപനത്തിന്റെ സാമൂഹിക-വികസന സന്ദേശങ്ങൾ, രാഷ്ട്രീയ പ്രഖ്യാപനം നടപ്പാക്കുന്നതിലെ അറബ്-യു.എൻ സഹകരണം എന്നിവ വിശദമായി വിലയിരുത്തി. സാമൂഹികമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങളുടെ ശാക്തീകരണം ഉറപ്പാക്കാനുള്ള മാർഗങ്ങൾ, എല്ലാത്തരത്തിലുള്ള ദാരിദ്ര്യ നിർമാർജനത്തിനുള്ള വഴികൾ, ദോഹപ്രഖ്യാപനം പ്രായോഗികമായി നടപ്പാക്കുന്നതിനുള്ള സമീപനങ്ങൾ എന്നിവയും സമ്മേളനത്തിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

