സോക്കർ കാർണിവൽ: ടീം രജിസ്ട്രേഷൻ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ഗൾഫ് മാധ്യമം ‘സോക്കർ കാർണിവ’ലിന്റെ രണ്ടാം പതിപ്പിലെ ഫുട്ബാൾ ടൂർണമെന്റിനുള്ള ടീം രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ഒമാനിലെ പ്രമുഖരായ പല ക്ലബുകളും ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ എട്ടിന് രജിസ്ട്രേഷൻ നടപടികൾ അവസാനിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 7738 5585 എന്ന നമ്പറിൽ ബന്ധപ്പെടാം.മസ്കത്തിലെ കായിക-കലാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘സോക്കർ കാർണിവൽ’ ഏപ്രിൽ 17, 18 തീയതികളിലായി ബൗഷർ ക്ലബ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക. ഈ രണ്ട് ദിവസങ്ങളിലും പ്രവേശനം സൗജന്യമായിരിക്കും.
കെട്ടിലും മട്ടിലും ഏറെ പുതുമയോടെയാണ് ഇത്തവണ സോക്കർ കാർണിവൽ പ്രേക്ഷകരിലേക്ക് എത്തുന്നത്. കായിക, സിനിമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രമുഖരായ 16 ടീമുകൾ മസ്കത്തിലെ സെവൻസ് ഫുട്ബാളിന്റെ കിരീടത്തിനായി ഒരു ഭാഗത്ത് പൊരുതുമ്പോൾ, മറുഭാഗത്ത് രുചിമേളങ്ങളും കലാപ്രകടനങ്ങളുമായി ബൗഷർ ക്ലബ് സ്റ്റേഡിയം ആനന്ദത്തിലാറാടും. കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷിക്കാൻ കഴിയുന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് സംഘാടകർ അറിയിച്ചു.
വിജയികൾക്കും റണ്ണേഴ്സ് ആകുന്നവർക്കും ഒമാനിലെതന്നെ ഏറ്റവും വലിയ സമ്മാന തുകയാകും നൽകുക. കളിക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. ടീമുകളുടെ രജിസ്ട്രേഷൻ നടപടികൾ വരും ദിവസങ്ങളിൽ ആരംഭിക്കും. സന്ദർശകർക്കായി രുചി വൈവിധ്യങ്ങളുടെ ലോകമായിരിക്കും ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ ഒരുക്കുക. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങൾ ഇവിടെനിന്ന് ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ 20ൽ അധികം ഫുഡ് സ്റ്റാളുകളുമുണ്ടാകും.
മലബാർ വിഭവങ്ങൾക്കൊപ്പം കണ്ണൂരിന്റെ ഇനങ്ങൾക്കായി പ്രത്യേക ഇടങ്ങളുമുണ്ടാകും. ഒപ്പം രാജ്യത്തെ പ്രമുഖ റസ്റ്റാറന്റുകൾ ഒരുക്കുന്ന ലൈവ് കൗണ്ടറിൽനിന്നും കാണികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങാനും കഴിയും. ഭക്ഷണ പ്രേമികളുടെ മനം കവരുന്ന തരത്തിലുള്ള ഇനങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, വിവിധ തരം ചോക്ലേറ്റുകൾ, ഫാൻസി ഐറ്റംസുകൾ, മിഠായികൾ, മെഹന്തി എന്നിവയും കാർണിവലിന്റെ ആകർഷകമായുണ്ടാകും.
കാർണിവലിന്റെ രണ്ടാം ദിനമായിരിക്കും കൂടുതൽ കളർഫുൾ. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ വിജയികളാകുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും നേടാനാകും.
കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്റിങ്, ഷൂട്ടൗട്ട്, മറ്റ് മത്സരങ്ങളും നടക്കും. സ്പോട്ട് മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളായിയുള്ള വിവിധങ്ങളായ കലാപ്രകടനങ്ങളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

