എസ്.എന്‍.ഡി.പി ഒമാന്‍ യൂനിയന്‍ ചതയ ജയന്തി ആഘോഷം
text_fieldsഎസ്.എന്‍.ഡി.പി ഒമാന്‍ യൂനിയന്‍ ചതയ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായപ്പോൾ
മസ്കത്ത്: എസ്.എന്‍.ഡി.പി ഒമാന്‍ യൂനിയന്റെ ഗുരുവര്‍ഷം 171ാമത് ചതയ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം. മസ്കത്ത് ശിവക്ഷേത്രത്തിൽ നടന്ന ഗുരുജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ് ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രവും വഹിച്ചുള്ള ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ ഇടയ്ക്ക വാദ്യാഘോഷത്തിന്റെ അകമ്പടിയും വനിതകളും കുട്ടികളും ചേര്‍ന്ന് ഒരുക്കിയ താലപ്പൊലിയും കൂടി ആയപ്പോള്‍ മസ്കത്തിലെ ശിവക്ഷേത്ര പരിസരത്ത് സന്നിഹിതരായിരുന്ന ഭക്തജനങ്ങള്‍ക്ക് ഒരു വേറിട്ട അനുഭവമായി.
ഘോഷയാത്രയുടെ സമാപനത്തിനോടനുബന്ധിച്ച് മസ്കത്ത് ശ്രീനാരായണ ഭജന്‍ സമിതിയുടെ വിശേഷാല്‍ ഗുരുപുഷ്പാഞ്ജലിയും നടന്നു. ചടങ്ങില്‍ എസ്.എന്‍.ഡി.പി ഒമാന്‍ യൂനിയന്‍ കണ്‍വീനര്‍ ജി.രാജേഷ് , കോര്‍ കമ്മിറ്റി അംഗങ്ങളായ ആര്. ഹര്‍ഷകുമാര്‍, ഡി. മുരളീധരന്, കെ.ആ.ര്‍ റിനേഷ്, വിവിധ ശാഖ തലങ്ങളില്‍ നിന്നുള്ള ഭാരവാഹികളും ശ്രീനാരായണീയരും സംബന്ധിച്ചു.
എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന് അറിഞ്ഞവന് ഒരു മതവും അന്യമല്ലെന്നും ഈ ലോകത്തിലെ മനുഷ്യരെല്ലാം ഒന്നാണെന്ന ഏകമത ബോധത്തിന്റെ ജ്വലനം എല്ലാ മനുഷ്യരിലും ഉണ്ടാകേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എസ്.എന്‍.ഡി.പി ഒമാന്‍ യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇങ്ങനെയുള്ള കൂടിച്ചേരലിലൂടെ ശ്രീനാരായണഗുരുവിന്റെ തത്വദര്‍ശനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാനാകുമെന്ന് പ്രത്യാശിക്കുന്നതായി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വിശേഷാല്‍ ഗുരുപുഷ്പാഞ്ജലിയില് പ്രസിദ്ധ വാദ്യസംഗീത വിദഗ്ധന്മാരായ സുനില്‍ കൈതാരം, രാജേഷ് മേനോന്, പ്രദീപ്, ബബിത ശ്യാം, ഷോണ രാജേഷ്, ദേവശ്രീ ദീപു, കിഷോര്‍, സതീഷ് എന്നിവര്‍ പങ്കെടുത്തു. ഗുരു വര്‍ഷം 171നോട് അനുബന്ധിച്ച് ഗുരുവിനെ അറിയുവാനും അറിയിക്കുവാനും എന്ന ലക്ഷ്യത്തിന്റെ അടുത്ത ചുവടുവെപ്പായ ഗുരുദേവ പ്രഭാഷണം ‘ഗുരുദേവ ദര്‍ശനത്തിലൂടെ ഒരു യാത്ര’ സെപ്റ്റംബര്‍ 13ന് വൈകിട്ട് അഞ്ച് മണി മുതല്‍ മുന്‍ ശിവഗിരി മഠാധിപതി പത്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ മസ്കത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഹാളില്‍ നടത്തും.
അന്നേ ദിവസം അദ്ദേഹത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്ന ഗുരുദേവനാല് വിരചിതമായ ഹോമമന്ത്രം കൊണ്ടുള്ള സര്‍വൈശ്വര്യ പൂജയും ഉണ്ടായിരിക്കും. മസ്കത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പൂജ നടക്കുവാന്‍ പോകുന്നതെന്നും ആയതിനാല്‍ എല്ലാ ഭക്തജനങ്ങളും സര്‍വൈശ്വര്യ പൂജയില്‍ പങ്കെടുക്കണമെന്ന് ഒമാന്‍ യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

