തണുപ്പ് തേടി പാമ്പുകളെത്താം; വേണം കരുതൽ
text_fieldsമസ്കത്ത്: ഒമാനിൽ ചൂട് വർധിച്ചതോടെ പാമ്പുകൾ മാളങ്ങളും താവളങ്ങളും വിട്ട് പുറത്തേക്കിറങ്ങുന്നു. ഇത്തരം പാമ്പുകൾ തണലുകളും പച്ചപ്പുകൾ ഈർപ്പമുള്ള സ്ഥലങ്ങളിലുമാണ് ചൂടിൽനിന്ന് അഭയം തേടുന്നത്. ചിലപ്പോൾ ഇവ വീടുകളിലും വീടുകൾക്ക് പുറത്തിരിക്കുന്ന ഷൂ അടക്കമുള്ളവയിലും കയറിക്കൂടാം.
ഫാമുകൾ, കൃഷിയിടങ്ങൾ അടക്കമുള്ള തണൽ മേഖലകളിലും ഇവയുടെ സാന്നിധ്യം കൂടുതലായിരിക്കും. അതിനാൽ ചൂടുകാലത്ത് പാമ്പുകളെ സൂക്ഷിക്കുകയും കടുത്ത ജാഗ്രത പാലിക്കുകയും വേണം. ഉഷ്ണമേഖല പ്രദേശം ആയതിനാൽ പാമ്പുകളുടെ വിഷത്തിന് മാരകത കൂടുതലാണ്. അതിനാൽ കടിയേറ്റാൽ ജീവഹാനിക്കുള്ള സാധ്യതയും ഏറെയാണ്.
ഒമാനിൽ പാമ്പുകടി കേസുകൾ വർധിക്കുന്നതായി പഠനങ്ങളിൽനിന്ന് വ്യക്തമാവുന്നു. സുൽത്താൻ ഖാബുസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൽ വിഭാഗം നടത്തിയ പഠനത്തിൽ 2023ൽ റുസ്താഖ് ഹോസ്പിറ്റലിലും യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലുമായി 236 പാമ്പ് കടി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവയിൽ വലിയ കൂറും മുതിർന്ന പുരുഷന്മാരാണ്. ആഗസ്റ്റ് മാസത്തിലാണ് പാമ്പുകടി കൂടുതൽ റിപ്പോർട്ട് ചെയ്തത്. പാമ്പുകടിയേൽക്കുന്നവർക്ക് സാധാരണയായി രക്തം കട്ടപിടിക്കൽ, കിഡ്നി തകരാറിലാവൽ, ആന്തരിക രക്തസ്രാവം തുടങ്ങിയ സങ്കീർണതകളാണ് സാധാരണയായി കണ്ടുവരാറുള്ളത്.
കടുംചൂട് കാരണം ഇര ലഭിക്കാത്ത സാഹചര്യത്തിൽ താമസ ഇടങ്ങളിലും പരിസരത്തും പാമ്പുകൾ എത്താറുണ്ട്. വീടുകൾക്കും താമസ ഇടങ്ങൾക്കും സമീപമുള്ള പച്ചപ്പുകളിലും ചെടികൾക്കുമിടയിലും യഥേഷ്ടം കറങ്ങി നടക്കുന്ന പ്രാണികളും ചെറു ജന്തുക്കളും പാമ്പുകളെ ആകർഷിക്കുന്നതാണ്.
ചുടുകാലത്ത് അവധിക്കാലം ചെലവിടാൻ കുടുംബങ്ങൾ കാര്യമായും ഫാമുകളിലേക്കും റസ്റ്റ് ഹൗസുകളിലേക്കുമാണ് പോവുന്നത്. ഇത്തരം ഫാമുകളിലും മറ്റും പാമ്പുകളുടെ സാന്നിധ്യം കൂടുതലായിരിക്കും.
പാമ്പുകടി തടയാൻ ചൂടുകാലത്ത് വീടുകളിൽ മുൻകരുതലുകൾ എടുക്കണം. വീടുകളിലെ ചുമരുകളിലും ഇതിനോട് ചേർന്നുള്ള ചെടികളും മരങ്ങളും വെട്ടിമാറ്റണം. ഇവയുടെ ഉയരം ജനലിനേക്കാൾ കുറവായിരിക്കണം. വീടുകളിലേക്ക് ജനൽ വഴി കടക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കണം. മാളങ്ങളും മറ്റും അടക്കണം. ദീർഘകാലമായി വെച്ചിരിക്കുന്ന വസ്തുക്കളും മറ്റും സ്ഥലംമാറ്റുകയും പാമ്പുകൾക്ക് തങ്ങാൻ ഇടം നൽകാതിരിക്കുകയും വേണം.
മുനിസിപ്പാലിറ്റികളും ചൂട് കാലത്ത് മുൻകരുതലുകൾ എടുക്കാറുണ്ട്. തണുപ്പ് കാലത്ത് ഉപയോഗിച്ചിരുന്ന പാർക്കുകളിലെ വസ്തുക്കൾ മാറ്റുകയും പശിമയുള്ള വസ്തുക്കൾവെച്ച് പാമ്പുകളെ തടയുകയും ചെയ്യുന്ന നിരവധി പരിപാടികൾ മുനിസിപ്പാലിറ്റികൾ നടപ്പാക്കാറുണ്ട്. വീടകളിലും മറ്റും ഉണങ്ങിയ പരിസ്ഥിതി ഉണ്ടാക്കണം. ഇരുണ്ട, ഭക്ഷണം ലഭിക്കാൻ സാധ്യതയുള്ള പച്ചപിടിച്ച സ്ഥലങ്ങളിൽ പാമ്പുകൾ എത്താൻ സാധ്യത കൂടുതലാണ്. പുല്ലുകൾ വെട്ടിമാറ്റുകയും പ്രാണികളും എലികളും വന്നുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇല്ലാതാക്കുകയും ചെയ്താൽ പാമ്പുകളെ അകറ്റാൻ പറ്റും.
ചൂട് കൂടുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങൾ തേടി പാമ്പുകൾ പോവുന്നത് സാധാരണയാണ്. സാധാരണ 28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ സാധിക്കും. അതേസമയം താപനില കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാൻ വേണ്ടിയാണ് അവ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോവുന്നത്. ഇടക്കിടെ പെയ്യുന്ന വേനൽ മഴയും ഉയർന്ന താപനിലയും കാരണം പാമ്പുകൾ അവയുടെ മാളങ്ങൾ വിട്ട് പുറത്തേക്ക് പോവുന്നു. സുരക്ഷിതമായ ഇടങ്ങൾ തേടിപ്പോവുന്നതിനിടക്ക് പാമ്പുകടിയേൽക്കുന്നതടക്കമുള്ള അപകടങ്ങളും ഉണ്ടാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

