സുൽത്താൻ ഖാബൂസിന്റെ വേർപാടിന് ആറുവർഷം; ഓർമകളിൽ സുൽത്താൻ ഖാബൂസ്
text_fieldsസുൽത്താൻ ഖാബൂസ് ബിൻ സഈദ്
മസ്കത്ത്: സുൽത്താൻ നാടിന്റെ പ്രിയപ്പെട്ട ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വിയോഗത്തിന് ആറു വർഷം. അറബ് ലോകത്ത് ഏറ്റവും അധിക കാലം രാഷ്ട്ര നായകത്വം വഹിച്ച ഭരണാധികാരിയായ അദ്ദേഹത്തിന്റെ വേർപാട് 79 ാം വയസ്സിലായിരുന്നു. ഒമാന്റെ പുരോഗതിയിലേക്കുള്ള വഴിതെളിച്ച സുൽത്താൻ ഖാബൂസ്, ആധുനിക ഒമാന്റെ രാജശിൽപിയും അറബ് മേഖലയിലെ സമാധാന സന്ദേശ വാഹകനുമായിരുന്നു. അധികാരത്തിൽ അര നൂറ്റാണ്ട് എന്ന അപൂർവ നേട്ടത്തിന് ഏഴുമാസം ബാക്കിയിരിക്കെയായിരുന്നു മരണം.
സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ശൈഖ മസൂൺ അല്‍ മഷാനിയുടെയും ഏക മകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയിലാണ് സുൽത്താൻ ഖാബൂസ് ജനിച്ചത്. സലാലയിലും ഇന്ത്യയിലെ പുണെയിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പുണെയിൽ മുൻ ഇന്ത്യൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ അദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു. പിന്നീട് ലണ്ടനിലെ സ്റ്റാൻഡേർഡ് മിലിറ്ററി അക്കാദമിയില്‍നിന്ന് ആധുനിക യുദ്ധ തന്ത്രങ്ങളില്‍ നൈപുണ്യം നേടി. മിലിട്ടറി അക്കാദമിയിലെ പഠനം പൂർത്തിയാക്കിയ ശേഷം ബ്രിട്ടീഷ് പട്ടാളത്തിലും ജോലി ചെയ്തു.
1970 ജനുവരി 23ന് ആണ് പിതാവ് സഈദ് ബിന്‍ തൈമൂറിൽനിന്ന് സുൽത്താൻ ഖാബൂസ് ഒമാന്റെ ഭരണ സാരഥ്യമേറ്റെടുത്തത്. ഖാബൂസ് അധികാരമേൽക്കുമ്പോൾ ലോക ഭൂപടത്തിൽ ഒട്ടും തന്നെ അറിയപ്പെടാതിരുന്ന രാജ്യമായിരുന്നു ഒമാൻ. ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും ഒരു രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂർവ കാഴ്ചക്കാണ് തുടർന്നുള്ള കാലം ഒമാൻ സാക്ഷ്യം വഹിച്ചത്. മറ്റുള്ള അറബ് രാജ്യങ്ങളെ പോലെ എണ്ണയാൽ സമൃദ്ധമല്ലെങ്കിലും വികസനത്തിന്റെയും വളർച്ചയുടെയും സ്ഥിരതയുടെയും സമാധാനത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ ഒമാനെ ലോക രാഷ്ട്രങ്ങളുടെ മുൻ നിരയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുമെല്ലാം വലിയ കുതിപ്പാണ് ഒമാൻ ഈ കാലയളവിൽ സ്വന്തമാക്കിയത്.
ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലര്‍ത്തി പോന്ന നേതവായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പ്രവാസികള്‍ എക്കാലവും അദ്ദേഹത്തിന് പ്രിയപ്പെട്ടവരായിരുന്നു; പ്രവാസികൾക്ക് തിരിച്ചും. പശ്ചിമേഷ്യൻ സമാധാനത്തിനു അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തി മഹാത്മാ ഗാന്ധി സമാധാന പുരസ്കാരം സുൽത്താൻ ഖാബൂസ് ബിൻ സഈദിന് നൽകിയിട്ടുണ്ട്.
വിവാഹമോചിതനായ സുൽത്താൻ ഖാബൂസിന് മക്കളില്ലാത്തതിനാൽ പ്രഖ്യാപിത കിരീടാവകാശി ഉണ്ടായിരുന്നില്ല.
സുൽത്താൻ എഴുതിവെച്ച ഒസ്യത്ത് പ്രകാരമാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി ഇപ്പോഴത്തെ സുൽത്താൻ ഹൈതം ബിൻതാരിഖിനെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുത്തത്. സുൽത്താൻ ഖാബൂസിന്റെ പിതാവിന്റെ സഹോദര പുത്രൻ കൂടിയാണ് അന്നത്തെ പൈതൃക സാംസ്കാരിക മന്ത്രിയായിരുന്ന ഹൈതം താരിഖ്. 2020 ജനുവരി 11ന് രാവിലെ അൽ ബുസ്താൻ പാലസിൽ നടന്ന ഔദ്യോഗിക സദസ്സിൽ സുൽത്താൻ ഹൈതം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

