പ്രവാസജീവിതത്തിന് വിട; ശിവപ്രസാദ് മാഷ് നാട്ടിലേക്ക്
text_fieldsമസ്കത്ത്: ചുരുങ്ങിയ കാലംകൊണ്ട് മസ്കത്തിലെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ശിവപ്രസാദ് മാഷ് പ്രവാസത്തിനോട് വിട പറയുന്നു. 17 വർഷത്തെ പ്രവാസജീവിതത്തിനുശേഷം വരുന്ന ഒക്ടോബർ ഏഴിനാണ് തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം ഒമാനോട് വിട പറയുന്നത്. പ്രവാസജീവിതം യാദൃച്ഛികമായി വന്നുചേരുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു. 2003ൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗത്തിെൻറ കേരളോത്സവത്തിന് വിധികർത്താവായി എത്തിയതാണ്. തുടർന്ന് ഇവിടെയുള്ള ചില സുഹൃത്തുക്കൾ നിർബന്ധിച്ചതിനാൽ സംഗീതവുമായി കൂടുകയായിരുന്നു.
നിരവധി കുട്ടികളെയാണ് ഇദ്ദേഹം ഇക്കാലയളവിൽ സംഗീതം അഭ്യസിപ്പിച്ചത്. പ്രവാസി കൂട്ടായ്മകളുടെ ഒട്ടുമിക്ക കലാ പരിപാടികളുടെയും സംഗീതം നിയന്ത്രിച്ചതും മാഷായിരുന്നു. കർണാട സംഗീതത്തിലെ ജ്ഞാനസ്ഥാൻ ആയിരുന്ന പിതാവിൽനിന്നാണ് സംഗീതത്തിെൻറ ബാലപാഠങ്ങൾ അഭ്യസിച്ചത്. എം.ജി കോളജിൽനിന്ന് ബിരുദം നേടിയശേഷം 1979ൽ ആകാശവാണിയിൽ ‘എ’ ഗ്രേഡ് സംഗീതജ്ഞനായി ജോലിയിൽ പ്രവേശിച്ചു. ഈ കാലയളവിലെ അനുഭവങ്ങളാണ് യാഥാർഥ സംഗീതജ്ഞനെ വളർത്തിയെടുത്തതെന്ന് ഇദ്ദേഹം പറയുന്നു. ആകാശവാണിയിൽനിന്ന് സ്വയം വിരമിച്ചശേഷം കലാരംഗത്ത് സജീവമായിരുന്നു. സിനിമകൾക്ക് സംഗീത സംവിധാനം നൽകി. ആലപ്പി രംഗനാഥിെൻറ നാടകത്തിൽ ത്യാഗരാജ സ്വാമിയുടെ വേഷം അഭിനയിച്ചതും ഇദ്ദേഹമാണ്.
700ൽ അധികം സ്റ്റേജുകളിൽ ഇൗ നാടകം കളിച്ചിട്ടുണ്ട്. പ്രവാസലോകത്ത് കഴിവുള്ള ഒരുപാട് പേരുണ്ടെന്ന് മാഷ് പറയുന്നു. സംഗീതം പഠിക്കാനെത്തുന്നവരുടെ വലിയ പരിമിതി ഉച്ചാരണമാണ്. മലയാളം വഴങ്ങാൻ ഏറെ ബുദ്ധിമുട്ടാണ്. വീടുകളിൽ മലയാളം സംസാരിക്കാൻ അവസരമൊരുക്കിയാലേ ഇൗ പരിമിതി മറികടക്കാൻ സാധിക്കൂ. നല്ല വായനശീലവും ഉണ്ടാകണമെന്നും ശിവപ്രസാദ് മാഷ് പറയുന്നു.
പ്രവാസി ജീവിതത്തിൽ നിരവധി യുവാക്കളുടെ സംഗീത ആൽബങ്ങളിലും മറ്റും സഹകരിച്ചിട്ടുണ്ട്. ഒരിക്കൽ ആൽബത്തിന് സംഗീതം നൽകണമെന്ന് ആവശ്യപ്പെട്ട് ഇർഫാൻ എന്ന ഒമാനി യുവാവ് തേടിയെത്തിയതാണ് മറക്കാൻ കഴിയാത്ത അനുഭവം. സംഗീതത്തിന് കാല-ദേശ വ്യത്യാസമില്ലാതെ ഒരു ഭാഷയെ ഉള്ളൂവെന്നതിെൻറ ഉദാഹരണമാണ് ഇതെന്ന് ഇദ്ദേഹം പറയുന്നു. ഭാര്യ: വാസിനി. മക്കളിൽ മൂത്തയാൾ രാകേഷ് ഒമാനിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ വിശാൽ ഗ്രാഫിക് ഡിസൈനർ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
