മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ സിനാവിലുണ്ടായ കാർ അപകടത്തിൽ മലയാളിയ ടക്കം രണ്ടുപേർ മരിച്ചു. തലശ്ശേരി ഇല്ലത്തുതാഴെ പുതിയവീട്ടിൽ പ്രവീൺകുമാർ (48) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹപ്രവർത്തകനായ ഉത്തരേന്ത്യക്കാരനും മരണപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ദുകം സിറ്റി ഹോട്ടലിൽ ജോലി ചെയ്യുന്ന പ്രവീണും സുഹൃത്തും ജോലി ആവശ്യാർഥം മസ്കത്തിലേക്ക് വരും വഴിയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന കാർ ഒട്ടകത്തെ ഇടിച്ചാണ് അപകടമുണ്ടായത്.
ഇടിയേറ്റ ഒട്ടകം കാറിെൻറ ക്യാബിന് മുകളിലേക്ക് വീഴുകയായിരുന്നു.
രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. 18 വർഷമായി ഒമാനിലുള്ള പ്രവീൺ നേരത്തേ മസ്കത്തിൽ ജോലി ചെയ്തിട്ടുണ്ട്. ശ്രീവിദ്യയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. സിനാവ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വ്യാഴാഴ്ച രാവിലെ മസ്കത്തിലേക്ക് കൊണ്ടുവരും. അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ജോലികളും നടന്നുവരുന്നതായി സഹപ്രവർത്തകർ അറിയിച്ചു.