Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസിം കാർഡ് പണി...

സിം കാർഡ് പണി പറ്റിച്ചു; വെട്ടിലായി പ്രവാസി, ശിക്ഷയായി ജയിൽ !

text_fields
bookmark_border
സിം കാർഡ് പണി പറ്റിച്ചു; വെട്ടിലായി പ്രവാസി, ശിക്ഷയായി ജയിൽ !
cancel

മസ്കത്ത്: മൊബൈൽ സിം കാർഡിന്റെ ഉടമസ്ഥതയിലും ഉപയോഗത്തിലും പുലർത്തുന്ന ചെറിയ അശ്രദ്ധ പോലും ഗുരുതരമായ നിയമനടപടികളിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പിന്റെ പാഠം പകർന്നുനൽകുകയാണ് ഒമാനിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന പ്രവാസിയുടെ ദുരനുനുഭവം. മൊബൈൽ സിം കാർഡ് ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന വിവരം സൈബർ ക്രൈം ഉൾപ്പെടെയുള്ള കേസുകളുടെ അന്വേഷണത്തിൽ നിർണായകമാണെന്ന് ഈ സംഭവം വീണ്ടും ചൂണ്ടിക്കാട്ടുന്നു.

ഒമാനിലെ ഇബ്രയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജുവിനാണ് ദുരനുഭവമുണ്ടായത്. 20 വർഷത്തിലേറെയായി ഒമാനിൽ പ്രവാസിയാണ് സാജു. കുടുംബ സമേതം സമാധാനപൂർവം ജീവിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിത വഴിത്തിരിവ് സംഭവിക്കുന്നത്.

സിം കാർഡ് കുരുക്കായതിങ്ങനെ...

വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ച ഒരു സിം കാർഡാണ് സാജുവിത്‍യും കുടുംബത്തെയും ദിവസങ്ങളോളം തീ തീറ്റിച്ചത്. ആ പഴയ സിം കാർഡ് നിലവിൽ സാജു ഉപയോഗിക്കുന്നില്ലെങ്കിലും തന്റെ പേരിലുള്ള കണക്ഷൻ മാറ്റാൻ വിട്ടുപോയിരുന്നു. സിം കാർഡ് കമ്പനിയാകട്ടെ, അതേ നമ്പർ പിന്നീട് മറ്റൊരാൾക്ക് നൽകി. ഇയാൾ ഇതുപയോഗിച്ച്, ഇൻഷുറൻസിനെന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് മുഖേന പലരിൽനിന്നായി പണം ശേഖരിക്കുകയും പിന്നീട് തട്ടിപ്പ് നടത്തി മുങ്ങുകയും ചെയ്തു.

ഇതോടെ കബളിപ്പിക്കപ്പെട്ട ഇരകളിലൊരാൾ ഇബ്രയിലെ ആർ.ഒ.പിക്ക് പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ സിംകാർഡ് സാജുവിന്റെ പേരിലാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം കസ്റ്റഡിയിലെടുത്തു. പിന്നീട് ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സമാന പരാതികൾ വന്നു തുടങ്ങിയതോടെ വിവിധ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്പ്പെട്ടു. സാജുവിന് കുരുക്കി മുറുകിക്കൊണ്ടേയിരുന്നു. താൻ നേരിട്ട് ബന്ധപ്പെടാത്ത ഒരു വിഷയവുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം കസ്റ്റഡിയിലും ജയിലിലും കഴിയേണ്ടിവന്നതായി സാജു പറയുന്നു.

നിയമനടപടികൾ നീണ്ടതോടെ സാജുവിന്റെ കുടുംബം കടുത്ത മാനസികവും സാമ്പത്തികവുമായ പ്രതിസന്ധിയിലായി. അപ്രതീക്ഷിതമായുണ്ടായ നിയമപ്രശ്നം കുടുംബത്തെ തളർത്തി. കുടുംബത്തിന്റെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക സ്ഥിതിയെയും ഇത് പ്രതികൂലമായി ബാധിച്ചു.

ഇതിനിടെ സാമൂഹിക പ്രവർത്തകനായ ഡോ. സജി ഉതുപ്പാൻ വിഷയത്തിൽ ഇടപെട്ടു. ബന്ധപ്പെട്ടവരുമായും അധികാരികളുമായും ആശയവിനിമയം നടത്തി വിഷയത്തിന്റെ നടപടിക്രമങ്ങൾ മനസ്സിലാക്കാനും സാധ്യമായ രീതിയിൽ നടപടികൾ വേഗത്തിലാക്കാനും ശ്രമിച്ചു. ഒടുവിൽ ദിവസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം സാജുവിന് പുറത്തിറങ്ങാനായി. കേസുകൾ ഒന്നിനു പിറകെ ഒന്നായി രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ കൃത്യസമയത്ത് നടത്തിയ ഇടപെടലാണ് മോചനത്തിന് വഴിവെച്ചതെന്ന് സാജുവിന്റെ കുടുംബം നന്ദിയോടെ സ്മരിച്ചു.

സിംകാർഡ് ഉപയോഗത്തിൽ ജാഗ്രത വേണം

പ്രവാസികൾക്കിടയിൽ മൊബൈൽ സിം കാർഡുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമപരമായ ഉത്തരവാദിത്വത്തെക്കുറിച്ച് കൂടുതൽ ബോധവൽകരണം ആവശ്യമാണ്. പുതിയ സിം കാർഡ് എടുക്കുമ്പോഴും പഴയ സിം മറ്റൊരാൾക്ക് നൽകുമ്പോഴും നമ്പറിന്റെ ഉപയോഗം അവസാനിപ്പിക്കുമ്പോഴും ആവശ്യമായ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണം. നമ്മുടെ പേരിൽ നേരത്തെയുണ്ടായിരുന്ന സിംകാർഡ് നിലവിൽ ഉപയോഗിക്കാത്ത സാഹചര്യത്തിൽ സിംകാർഡ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നമ്മുടെ പേരിലെ രജിസ്ട്രഷൻ നിർബന്ധമായും റദ്ദാക്കണം.

സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുമ്പോഴും ശ്രദ്ധ പുലർത്തണം. സിം കാർഡ് മറ്റൊരാൾക്ക് കൈമാറുന്നതിന് മുമ്പ് അത് ഉപയോഗിക്കുന്ന വ്യക്തിയുടെ വിവരങ്ങളും ഉപയോഗത്തിന്റെ ആവശ്യകതയും ഉറപ്പാക്കുന്നത് പ്രധാനമാണ്. സ്വന്തം പേരിലുള്ള നമ്പർ മറ്റൊരാൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട നിയമപരമായ ഉത്തരവാദിത്വങ്ങളും മനസ്സിലാക്കണം.

സൈബർ ക്രൈം ഉൾപ്പെടെയുള്ള വിവിധ നിയമനടപടികളിൽ മൊബൈൽ നമ്പറുകൾ, സിം കാർഡ് രജിസ്ട്രേഷൻ വിവരങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ തുടങ്ങിയവ അന്വേഷണത്തിന്റെ ഭാഗമാകാൻ സാധ്യതയുള്ളതിനാൽ മൊബൈൽ കണക്ഷനുകളുടെ കാര്യത്തിൽ പ്രവാസികൾ കൂടുതൽ ജാഗ്രത പുലർത്തണം.

സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതും അനാവശ്യമായ നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായകരമാകും.

“സിം കാർഡുമായി ബന്ധപ്പെട്ട ചെറിയ അശ്രദ്ധ പോലും പിന്നീട് വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ ബന്ധപ്പെട്ട അധികാരികളുമായി കൃത്യമായി ആശയവിനിമയം നടത്തുകയും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്യണമെന്നും സാജുവിന്റെ മോചനത്തിനായി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകനായ ഡോ. സജി ഉതുപ്പാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - സിം കാർഡ് പണി പറ്റിച്ചു; വെട്ടിലായി പ്രവാസി, ശിക്ഷയായി ജയിൽ !
Next Story